നാളെ രാവിലേ ആകട്ടേ നിന്റെ പിണക്കം ഞാൻ മാറ്റുന്നുണ്ട്…
സഹേവൻ സുഭദ്രയുടെ കയ്യിലിരുന്ന ടോർച്ച് വലിച്ചെടുത്തു. എന്നിട്ട് അയാൾ അവളേ നോക്കി ഒരു കണ്ണടച്ച് കാണിച്ചിട്ട്
മെല്ലെ വീടിന്റെ മുറ്റത്തേക്കിറങ്ങി. അയാളുടെ ആ പെർഫോർമെൻസിൽ വീണതുവണ്ണം സുഭദ്രയുടെ മുഖത്തും ഒരു ഇളം ചിരി തെളിഞ്ഞു.
മ്….പൊയ്ക്കോ, പൊയ്ക്കോ… അല്ലേലും സോപ്പിട്ട് കാര്യം കാണാൻ പണ്ടേ മിടുക്കനാണല്ലോ…ഒരു ദിവസം നിങ്ങളേ എൻെറ കയ്യിൽ കിട്ടും…
അവൾ പറഞ്ഞത് കേട്ട് തലയും കുലുക്കിക്കൊണ്ട് അയാൾ മെല്ലെ മുന്നോട്ട് നീങ്ങി.
ദേ….സ്കൂട്ടർ എടുക്കുന്നില്ലേ?
സുഭദ്ര പിന്നിൽ നിന്ന് വിളിച്ച് ചോദിച്ചു.
വോ……വേണ്ട, ഉലഹന്നാൻ സാറ് വരും… നീ വാതിൽ അടച്ച് കിടന്നോ. അപ്പോ ശരി ഗുഡ് നൈറ്റ്. അവളുടെ നേരേ തിരിഞ്ഞ് നിന്നൊരു പുഞ്ചിരി കൂടി പാസാക്കിയിട്ട്, അയാൾ മെല്ലെ മണൽ വിരിച്ച മുറ്റത്ത് നിന്ന് താറിട്ട റോഡിലേക്ക് കയറി. റോഡിന്റെ അപ്പുറം നിറയെ നെൽപ്പാടങ്ങളാണ്. ഇരുട്ട് കരിമ്പടം പുതച്ച് കിടക്കുന്ന നെൽപ്പാടങ്ങളിൽ നിന്നും ഉയർന്നു കേട്ട തവളകളുടേയും , ചീവീടുകളുടേയും സംഗീതത്തിനൊപ്പം താളം പിടിച്ച് കൊണ്ട് അയാൾ കൈയ്യിലിരുന്ന ടോർച്ചും ആട്ടിക്കൊണ്ട് പതിയെ നടന്നു. വഴിവക്കിലെ ഇലക്ട്രിക്ക് പോസ്റ്റുകളിൽ നിന്ന് ചിതറി വീണ അരണ്ട പ്രകാശം ചാര നിറമാർന്ന റോഡിൽ നീണ്ട നിഴൽ ചിത്രങ്ങൾ വരച്ചിട്ടു.
പ്രാണസഖി….ഞാൻ വെറുമൊരു…
പാമരനാം, പാട്ടുകാരൻ…
വയൽ കടന്നു വന്ന തണുത്ത ഇളം കാറ്റിന്റെ കുളിര് ബാധിക്കാതിരിക്കാൻ എന്നവണ്ണം അയാൾ തന്റെ പ്രിയപ്പെട്ട പാട്ടിന്റെ വരികൾ ഈണത്തിൽ ഒരൽപ്പം ഉച്ചത്തിൽ മൂളിക്കൊണ്ട് മെല്ലെ മുന്നോട്ട് നടന്നു. ഒന്ന് രണ്ട് സ്കൂട്ടറുകളും, സൈക്കിളുകളും, കാറുകളുമൊക്കെ കടന്ന് പോയി എന്നല്ലാതെ വലിയ തിരക്കുകൾ ഒന്നുമില്ലാത്ത ഒരു ഇട റോഡായിരുന്നു അത്. അയാളുടെ പാട്ട് കേട്ടാൽ അയാളും തവളകളും കൂടി എന്തോ പാട്ട് മൽസരത്തിൽ പങ്കെടുക്കുന്ന പോലെ തോന്നിയത് കൊണ്ടാകണം ആകാശത്തിൽ അങ്ങിങ്ങായി തെളിഞ്ഞ് തുടങ്ങിയ നക്ഷത്രങ്ങൾ അയാളേ നോക്കി കണ്ണുചിമ്മി ചിരിച്ചത്.
മെല്ലെ തന്റെ സായാഹ്‌ന കച്ചേരി തുടർന്നുകൊണ്ട് അയാൾ മുന്നോട്ട് നടന്ന് തൊട്ട് അടുത്ത് കണ്ട മറ്റൊരു തെരുവ് വിളക്കിന്റെ പ്രകാശത്തിന് കീഴിലേക്ക് നീങ്ങി നിന്ന് തന്റെ വീടിന്റെ ദിശയിലേക്ക് നോക്കി ആരെയോ കാത്ത് നിൽക്കാൻ തുടങ്ങി. അയാളുടെ ചുണ്ടിൽ