ഒറ്റക്കൊമ്പന് സമർപ്പണം.
അവധിക്കാലങ്ങളിലാണ് ഞങ്ങളുടെ കസിൻസ് എല്ലാരും ഒത്തുകൂടുക. ഞങ്ങളെന്നു പറയുമ്പോ ഞാനും എന്റെ ചേച്ചി ഭാമയും. പിന്നെ എന്റെ വിശ്വൻ അമ്മാവന്റെയും ലതയമ്മായിയുടെയും മക്കളായ സന്ധ്യ ചേച്ചിയും അനിയൻ അപ്പുവും. അവർ തമ്മിൽ 4 വയസ്സിന്റെ വ്യത്യാസമുണ്ട്. അതുപോലെ തന്നെ ഞാനും ഭാമച്ചേച്ചിയും തമ്മിൽ 3 വയസും.
നാട്ടിൽ ഒറ്റപ്പാലത്തിനു അടുത്താണ് ഞങ്ങളുടെ വീട്. അച്ഛനും മുത്തച്ഛനുമൊക്കെ വല്യ പ്രമാണിമാരായിരുന്നത്കൊണ്ട് ഞങ്ങളുടെ വീട്ടിൽ മാത്രമേ കറന്റും ഫോണും ഉണ്ടായിരുന്നുള്ളു. 1970 കളിലെ കാര്യമാണ് പറയുന്നത് കേട്ടോ.
വിശ്വനമ്മാവനും ലതയമ്മായിയും എനിക്ക് 10 വയസുള്ളപ്പോളോ മറ്റോ ആണ് ഡൽഹിയിലേക്ക് താമസം മാറിയത്, അവർ രണ്ടു പേരും സെൻട്രൽ: ഗവ ജീവനക്കാരാണ്. വിശ്വൻ അമ്മാവന് നോർത്ത് ഇന്ത്യ വല്യ ഇഷ്ടമാണ്, ആയതിനാൽ അവരങ്ങോട്ടേക്ക് മാറുകയായിരുന്നു.
ആയതിനാൽ സന്ധ്യ ചേച്ചിയും അപ്പുവിനെയും പിരിയേണ്ടി വന്നു, അതെല്ലാം ഞങ്ങൾക്കൊത്തിരി വിഷമവും ആയിരുന്നു. അത്രയും കൂട്ടായിരുന്നു ഞങ്ങൾ നാല് പേരും. ഒന്നിച്ചുള്ള കുളിയും കളികളും, കുട്ടിയും കോലും പിന്നെ ഞൊണ്ടികളിയും ആണ് പ്രധാനം. ചേച്ചിമാരുടെ കൂടെ കളിക്കുമ്പോ നല്ല രസമാണ്. അങ്ങനെ ആൺ പെൺ വേർതിരിവൊന്നും ഞങ്ങൾക്കിടയിൽ ഒരു പ്രായം വരെ ഉണ്ടായിരുന്നുമില്ല. അതുപോലെ തന്നെ അന്ന് ഒന്നിച്ചുള്ള അമ്പലത്തിൽ പോക്കും, ആഹ് പിന്നെ ഒരു കാര്യം പറയാൻ മറന്നു കർണ്ണന്റെ പുറത്തു നാടുചുറ്റൽ. കർണ്ണൻ വീട്ടിലെ കൊമ്പൻ ആനയാണ് ട്ടോ.
സന്ധ്യ ചേച്ചിയും അനിയൻ അപ്പുവും ഡൽഹിയിലേക്ക് മാറിയതിൽ പിന്നെ വർഷത്തിൽ ആകെ രണ്ടു തവണയാണ് ഞങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച. ഓണത്തിനും വിഷുവിനും; എങ്കിലും ആ ദിവസങ്ങൾ മാത്രമാണ് വർഷത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങൾ. വളർന്നിട്ടും ദൂരെയായിട്ടും അതൊന്നും ഞങ്ങളുടെ സൗഹൃദത്തെ ബാധിച്ചില്ല എന്ന് വെണം പറയാൻ. ഞാനും ഭാമ ചേച്ചിയും ഡൽഹിയിലേക്ക് പോയിട്ടൊന്നുമില്ല. അതിനുള്ള സാഹചര്യമില്ലായിരുന്നു. അതുപോലെ കഴിഞ്ഞ ഓണത്തിന് സന്ധ്യ ചേച്ചിക്ക് കോളേജിലെ പരീക്ഷ കാരണം അവർക്ക് തറവാട്ടിലേക്ക് വരാൻ കഴിഞ്ഞില്ല. തമ്മിൽ കാണാനും കഴിഞ്ഞില്ല. ഭാമേച്ചിയെ കാണാതെ എനിക്ക് നല്ല വിഷമം ആയിരുന്നു. അത്രയും ആരാധന ചേച്ചിയോടെനിക്കുണ്ടായിരുന്നു, അപ്പുവിന്റെ കൂടെ ഓണം ആഘോഷവും പൂക്കളവും ഇട്ടു ഓണം അങ്ങനെ കടന്നുപോയി. സന്ധ്യചേച്ചിയില്ലാത്തതിന്റെ കുറവ് ഇത്തവണത്തെ വിഷുവിനു വരുമ്പോൾ എല്ലാരും ചേർന്ന് അടിച്ചുപൊളിക്കാമെന്നു അപ്പുവും ഞാനും കൂടെ തീരുമാനിച്ചു.