മിഴി 7
Mizhi Part 7 | Author : Raman | Previous Part
കണ്ണ് പുളിക്കുന്നുണ്ടായിരുന്നു. അകത്തേക്കടിക്കുന്ന മഞ്ഞ വെളിച്ചത്തിന്റെ തരിപ്പ്, നെറ്റിയിലേക്കെത്തി കുത്തിപ്പറിക്കുന്ന പോലെ തോന്നൽ!.കൈ കൊണ്ട് കണ്ണൊന്നു മറച്ചപ്പോ വെളിച്ചെമൊന്ന് കുറഞ്ഞു.കാലിന് ചെറിയ വേദന. ചുറ്റുമുള്ള അന്തരീക്ഷമൊന്ന് തെളിഞ്ഞു. അജിന്റെ റൂമിൽ തന്നെയാണ്.മൊത്തമായി ഒന്ന് തിരഞ്ഞു.. ആരേയും കാണുന്നില്ല.
ഇടത്തെ സൈഡിൽ കിച്ചണിൽ എന്തോ സൗണ്ട് കേൾക്കുന്നുണ്ട്.വെള്ളം പതിഞ്ഞു ഒഴുകുന്ന മുഴക്കം, നനഞ്ഞ പത്രങ്ങൾ മെല്ലെ നിരങ്ങുന്ന ശബ്‌ദം. ഐറയാണോ അകത്ത്?.
പുറത്തിനും, ഊരക്കും ചെറിയൊരു തരിപ്പ്. കിടത്തം ശെരിയല്ല. മെല്ലെയെഴുന്നേറ്റു.നടക്കാൻ ഇത്തിരി പ്രയാസം. ഒരടി വെച്ചപ്പോ തന്നെ നീറ്റൽ ഉള്ളനടിയിൽ നിന്ന് പൊന്തി. ബെഡിൽ തന്നെയിരുന്നു എരു വലിച്ചുപോയി.
അടുക്കളയിൽ നിന്നൊരു മിന്നലാട്ടം കണ്ടു.ഐറയെ പ്രേതീക്ഷിച്ചിടത്ത്,ഏന്തി കണ്ണ് തുറിച്ചു നോക്കുന്ന ഹീർ.മുഖത്തേക്ക് തൂങ്ങി നിൽക്കുന്ന മുടിയൊന്ന് മാടിയൊതുക്കി അവളൊന്നു ചിരിച്ചു.
എന്‍റെ കാലിലേക്കാണവളുടെ നോട്ടം. ഷോർട്സിന്റെ താഴെ മുട്ടിൽ ഒരു കെട്ടുണ്ട്.മെല്ലെ ഞാനൊന്നു തൊട്ടു നോക്കി. കീറിയ തൊലിപൊളിഞ്ഞ പച്ചയിറച്ചിയിലേക്ക്,തുണി മെല്ലെയമർന്നു.ഞാൻ ചുണ്ട് കടിച്ചു പിടിച്ചു വേദനയടക്കി.
സൈഡിലുള്ള ഹീർ ഓടിവന്നു. കണ്ണിന്റെ സൈഡിൽ ചെറിയതായൊന്നെരിഞ്ഞത് നോക്കിയവള്‍,മുന്നില്‍ ഗ്ലാസും പിടിച്ചു നിൽക്കുന്നു.കയ്യിലെ ഗുളിക ഒന്ന് നീട്ടി.ഇനിയിപ്പോ ഇതും കുടിക്കണോ?? എന്നെ ഒരു രോഗി ആക്കണോ എല്ലാരും കൂടെ.
“കഴിക്കണോ….?” ഇത്തിരി ശങ്കയോടവളുടെ മുഖത്തെ ഭാവം കാണാൻ വേണ്ടി ഞാൻ ചോദിച്ചു. ദേ മുന്നിൽ നിൽക്കുന്ന അവൾ നിന്ന് കണ്ണുരുട്ടുന്നു. എനിക്ക് ചിരിയ വന്നത്.അവളുടെ ഒരു പേടിപ്പിക്കൽ.കളിപ്പിക്കുന്ന പോലെ മെല്ലെ ഒന്ന് ചിരിച്ചു കാട്ടി ഞാൻ ആ മുഖം മാറ്റിക്കാൻ നോക്കി.. ഹേ ഹേ!!.
“ഇത് കഴിക്കണം. നാ കഞ്ഞി ണ്ടാക്കും .. അതും കയിച .. ന്ന കയിഞ്ഞു….” ചെറിയ നീണ്ടയാ മുഖത്ത്,ഒരു തരത്തിലുള്ള ഗൗരവം വന്നപോലെ.പെണ്ണ് തല്ലോ??. ന്നാൾ ഒന്ന് വാങ്ങിയതാ.അതിന്റെ തരിപ്പ് മുഖത്തിപ്പഴുമുണ്ട്.ഗുളികയിലേക്ക് വീണ്ടും അവൾ കണ്ണുനീട്ടി ആംഗ്യംകാട്ടിയപ്പോ, നീണ്ട അവളുടെ കൈ വെള്ളയിൽ വെച്ച ഗുളിക ഞാൻ എടുത്ത് വായിലേക്ക് തട്ടി.
ഹീറിന്റെ മുഖം വിടർന്നു. ചുണ്ടിന്റെ രണ്ടു സൈഡും നീട്ടി അവൾ മെല്ലെ ചിരിച്ചു കൊണ്ട് നോക്കി.കയ്യിലെ ഗ്ലാസ് വാങ്ങി വരണ്ട പരുത്ത തൊണ്ടയിലേക്ക് ഇറക്കിയപ്പോ എന്ത് സുഖം.