ആള് കുളിച്ച് ഒരുങ്ങി നിൽപ്പാണ്. പുതിയ ഡ്രസ്സ് ആണ്. ഒരുപക്ഷെ ജിൻസിയോട് എങ്ങാനും പറഞ്ഞ് വാങ്ങിപ്പിച്ചതാവും.
” മ്മ്മ്മ് …. ന്താ…?! ”
അവളെക്കണ്ട ഞാൻ തിരക്കി.
“മ്മ്ച്ചും…”
അവളൊന്നുമില്ല എന്ന അർത്ഥത്തിലൊന്ന് തോളുകുലുക്കി. വീണ്ടും അവളുടെ നോട്ടം ദോശയിലേക്ക് നീണ്ടു.
അപ്പൊ ദോശയുടെ മണമടിച്ച് ഇറങ്ങിവന്നതാണ് ശവം. വിശപ്പ് കാണും.
എന്നോട് ചോദിക്കാനുള്ള മടികൊണ്ടാണ് ഇവിടെ ചുറ്റിപ്പറ്റി നിക്കണത്…
” ന്നാ… വേണേലുണ്ടാക്കിത്തിന്ന്… ”
എന്നുമ്പറഞ്ഞ് ഞാൻ മാവ് അവിടെ വച്ച് ഉണ്ടാക്കിവച്ച ദോശ എടുത്ത് കുറച്ച് പഞ്ചസാര എടുത്ത് ഇട്ടു. അല്ലാണ്ട് കറിയുണ്ടാക്കാനും മാത്രമൊക്കെയുള്ള അഹങ്കാരമൊന്നും എനിക്കില്ലായിരുന്നു.
എന്നിട്ടും അവിടെ ചുറ്റിതിരിഞ്ഞ അവളെക്കണ്ട എനിക്ക് ഇത്തിരി ദേഷ്യം വന്നു.
ഞാൻ ആ കലിപ്പിൽ അവളെ നോക്കിയതും
” അത്… അതെനിക്ക് ഉണ്ടാക്കാനൊന്നും അറിയില്ല… ”
“അഹ്… എനിക്കും അറിയില്ലായിരുന്നു… ദേ ഇപ്പൊ പഠിച്ചേയുള്ളു… അതുപോലങ്ങ് ഉണ്ടാക്കിയേച്ചാ മതി… അല്ലാണ്ട് ഞാനുണ്ടാക്കിത്തന്നിട്ട് നീന്റണ്ണാക്കിലേക് ഒന്നുമിറങ്ങൂന്ന് കരുതണ്ട…! ”
പറഞ്ഞ് നാക്ക് വായിലിട്ടപ്പൊത്തന്നെ കാളിങ് ബെൽ മുഴങ്ങി… “സത്യം…. ” എന്ന് പറയാൻ ഒരുങ്ങിയതാ… പിന്നെ വേണ്ടാന്ന് വച്ചു.
അവൾ ചെന്ന് ഡോർ തുറന്നപ്പോ ദേണ്ടേ ഒരു കാസറോളുമായി ജിൻസിയും അമ്മുവും നിക്കുന്നു.
” ഇതെവിടുന്നാ ദോശ… ”
ജിൻസിയൊരു അത്ഭുതത്തോടെ ഞാൻ കഴിച്ചോണ്ടിരുന്ന ദോശയിലേക്ക് ഉറ്റുനോക്കി.
” അത് ഞാനുണ്ടാക്കിയതാ… ”
തേല്ലോരഭിമാനത്തോടെയാണ് ഞാൻ പറഞ്ഞത്.
” പ്ഫാ… നാറി…. എങ്കിപ്പിന്നെ നിനക്കിന്നലെ എഴുന്നള്ളിക്കായിരുന്നില്ലേ…. അവൻ ദോശയൊണ്ടാക്കാൻ നടക്കണു… നിന്റെക്കെ അണ്ണാക്കിത്തള്ളിതരാൻ രാവിലെ അഞ്ചരക്കെണീറ്റ് തുടങ്ങിയ പണിയാ… എന്നിട്ടവൻ….. ന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട നീയ്… ”
എന്റെ അഭിമാനം അവളുടെ ആ ഒറ്റ ആട്ടിൽ
സ്വയം കുഴികുത്തി സുഷുപ്തിയിലാണ്ടു. ജിൻസിയെ കാണുമ്മിഴിച്ച് നോക്കിയിരുന്നപ്പോൾ തടകയുടെ എക്കിച്ചിരി കേട്ടത്. പൊട്ടിവന്ന ചിരിയടക്കാൻ പാടുപെടുകയായിരുന്നു അവൾ.
ഞാനുണ്ടാക്കിയിട്ട് അവളൊന്നും തിന്നില്ലയെന്ന് പറഞ്ഞ് നാവ് വായിലേക്കിട്ടതും ജിൻസി ഫുഡ്മായിവന്നത് കണ്ടുള്ള കളിയാക്കലാണ് അത്. സത്യത്തില് ഞാനൊന്ന് ചൂളിപ്പോയി.