താടക ഉറങ്ങാൻ പോയെന്ന് തോന്നുന്നു. അവളുടെ മുറിയുടെ കതക് അടഞ്ഞുകിടപ്പാണ്. ഒന്ന് ഫ്രഷ് ആയി ഞാനും കയറിക്കിടന്നു.
മനസിലേക്ക് കടന്നുവരുന്ന ചിന്തകളെ വഴിതിരിച്ചുവിടാൻ നോക്കിയെങ്കിലും അവയെന്നെ ചുറ്റിവരിയുകയായിരുന്നു.
അങ്ങനെ ഓരോ ചിന്തകളിൽ മുഴുകി എപ്പഴോ ഉറക്കത്തിലേക്ക്.
*******************************
പിറ്റേന്ന് രാവിലേ എണീറ്റ് ഒന്ന് ഫ്രഷ് ആയി. ഇന്ന് ഓഫീസിൽ പോവാമെന്ന് കരുതി… ഇന്നലെയും ലീവ് ആയതിനാൽ ഒത്തിരി ജോലി ഉണ്ടാവും. ഇനിയും ലീവ് എടുത്ത് ഇരുന്നാൽ അത് കൂടത്തേയുള്ളു.
ഞാൻ ലിവിങ് റൂമിലേക്കു നടന്നു. തടകയുടെ റൂമിന്റെ കതക് ഇപ്പോഴും അടഞ്ഞുകിടപ്പാണ്.
ചെറുതായി വിശന്നു തുടങ്ങിയിട്ടുണ്ട്.
എത്രകാലം ജിൻസിയെ ബുദ്ധിമുട്ടിക്കാനാണ്.
ഒന്നും ഉണ്ടാക്കാൻ അറിയില്ലേലും ജിൻസിയെ ഇനിയും ബുദ്ധിമുട്ടിക്കേണ്ട എന്ന തീരുമാനത്തിൽ ഞാൻ ആ സാഹസത്തിനുമുതിർന്നു… അത് തന്നെ പാചകം.
“എന്റീശ്വര… ഫുഡ്‌പൊയ്സൺ അടിച്ച് ചാവാണ്ടിരുന്നാ മതിയായിരുന്നു…”
സ്വന്തം കഴിവിൽ നല്ല വിശ്വാസം ഉള്ളോണ്ട് ഈശ്വരനെ വിളിച്ചുതന്നെ തുടങ്ങി.
അമ്മ ഉണ്ടായിരുന്നപ്പോൾ വാങ്ങിവച്ച സാധനങ്ങൾ ഒക്കെ ഇരിപ്പുണ്ട്. ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോൾ ദേയിരിക്കണു രണ്ട് ദിവസം മുന്നേ അമ്മ ഫ്രിഡ്ജിൽ കയറ്റിയ ദോശമാവ്
“ഇതിപ്പോ ലാഭയല്ലോ… ”
അങ്ങനെ ഒരു പാൻ എടുത്ത് സ്റ്റവ് ഓൺ ചെയ്ത് അതിന് മേലെ വച്ചു.
പാൻ ചൂടായപ്പോൾ കുറച്ച് എണ്ണ പുരട്ടി മാവ് നടുവിൽ ഒഴിച്ച് തവി കൊണ്ട് തന്നെ പരത്താൻ നോക്കി.
ചന്ദ്രക്കല മുതൽ ഉള്ളിവടയുടെ ഷേപ്പ് വരെ ഓരോവട്ടം ഒഴിച്ച് പരത്തിയപ്പോഴും ഉണ്ടായിക്കൊണ്ടിരുന്നു…എന്തിനേറെ അന്യഗ്രഹജീവി എന്ന് തോന്നിക്കുന്ന എത്രയെണ്ണം..!!
പക്ഷേ തൊറ്റ് പിന്മാറാൻ ഞാനൊരുക്കമല്ലായിരുന്നു. അങ്ങനെ ദോശമാവ് ഏതാണ്ട് തീരാറായപ്പോഴേക്കും ഏതാണ്ട് ദോശയുടെ ഷേപ്പിനോട് തട്ടിക്കാവുന്ന ഒരു രൂപത്തിലേക് ഞാൻ എത്തിച്ചേർന്നു.
യുറേക്കാ… യുറേക്കാ… എന്നും വിളിച്ച് ആർകിമിഡീസ് തുണിയില്ലാണ്ട് ഓടിയപോലേ ഓടാനുള്ള സന്തോഷം ആയിരുന്നെനിക്കപ്പോൾ.
അങ്ങനെ ഒരു മൂന്ന് ദോശ ചുട്ട് അതൊരു പ്ലേറ്റിലേക്ക് മാറ്റിവച്ച് നോക്കുമ്പോഴാണ് മീൻവേട്ടാനിരിക്കുമ്പോൾ നോക്കിയിരിക്കണ പൂച്ചയെപ്പോലെ എന്നെയും ദോശയേയും മാറിമാറി നോക്കുന്ന താടക എന്റെ കണ്ണിൽ പെട്ടത്.