താടക ഒന്നും പറഞ്ഞിരുന്നില്ലായിരുന്നു എങ്കിലും അവൾക്കും വേണം എന്ന് അവളുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒരുപക്ഷെ ഇന്നലത്തെ സംഭവത്തോടെയുണ്ടായ ചമ്മലാവാം അവളുടെ മൗനത്തിനു കാരണം.
ഞാനും അല്ലിയും ചെന്ന് ഐസ്ക്രീം വാങ്ങിച്ചു. എന്തുകൊണ്ടോ ഞാൻ അപ്പോൾ തടകക്ക് കൂടി വേണ്ടിയും വാങ്ങിയിരുന്നു. അതെന്തിനാണെന്ന് എനിക്കറിയില്ല. ഇനി വീണ്ടുമാ മനസാക്ഷി കാരണമാണോ എന്തോ…ഏത്..!!
ഐസ്ക്രീം എല്ലാവർക്കും കൊടുത്ത് അവസാനം ഉണ്ടായ ഒരെണ്ണം അല്ലി താടകക്ക് കൂടെ കൊടുത്തതും ജിൻസിയുടെ വിളയാട്ടം തുടങ്ങി.
“” രണ്ടുന്തമ്മില് വഴക്കാണെലെന്താ… എന്തൊരു സ്നേഹാന്ന് നോക്യേ… അവനവക്ക് വേണ്ടി ഐസ്ക്രീമൊക്കെ വാങ്ങിക്കൊടുക്കണു…!! എന്നിട്ട് പറയുമ്പോ രണ്ടും കണ്ടാ കീരീം പാമ്പും..!! “”
കോപ്പ് വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി. അല്ലേലും എനിക്കെന്തിന്റെ കേടായിരുന്നു. ആജന്മ ശത്രുവിന് ഐസ്ക്രീം വാങ്ങിക്കൊടുത്തേക്കുന്നു ഊള…!! മനസാക്ഷി ഒരൊറ്റയാള് കാരണം വീണ്ടും വീണ്ടും കുഴീല് ചാടുകയാണ്.
പെഴച്ച മനസാക്ഷി.
താടക അതിനോടകം ഐസ്ക്രീം കഴിച്ചുതുടങ്ങിയിരുന്നു. അവളത് ആസ്വദിച്ചു കഴിക്കുന്നതിനിടെയാണ് അവളുടെയാ ഡയലോഗ് വന്നത്. അതോടെയാവളുടെ ചുണ്ടിലൊരു ചിരി മിന്നിമാഞ്ഞു.
അത് ജിൻസി കണ്ടെന്നു തോന്നണു.
“” നീ ചിരിക്കുവൊന്നും വേണ്ടമോളെ… ലേശം ഉളുപ്പുണ്ടേ വേണ്ടാന്നും പറഞ്ഞേച്ച് നീയിപ്പോ ഇത് വാങ്ങിക്കഴിക്കുവോ..!! “”
തടകയോടായി ജിൻസി പറഞ്ഞത് കേട്ടപ്പോ അവളൊന്ന് ചൂളി..
“” അതിനാരാ വേണ്ടാന്ന് പറഞ്ഞേ…! ഞാനൊന്നും പറഞ്ഞില്ലല്ലോ…!””
അവൾ കുട്ടികള് പറയണപോലെയത് പറഞ്ഞപ്പോൾ എല്ലാരുമവളെ നോക്കി ചിരിച്ചു.
പിന്നീട് അവിടേം ഇവിടേം ഒക്കെ കറങ്ങി സന്ധ്യയായപ്പോഴാണ് തിരിച്ച് ഫ്ലാറ്റിലെത്തുന്നത്.
“”കണ്ണാ…! ഞങ്ങള് നാളെ രാവിലെ പോവൂട്ടോ…! “”
പാർസൽ വാങ്ങിച്ചോണ്ടുവന്ന ബിരിയാണി എല്ലാവരും ഒപ്പമിരുന്നു കഴിക്കുമ്പോഴാണ് അമ്മ അത് പറഞ്ഞത്.
“” അതെന്താ… അമ്മയന്ന് പറഞ്ഞേയല്ലേ ഒരാഴ്ച ഇവിടെ നിന്നിട്ടേ പോവുള്ളൂന്ന്..!! “”
അത് കേട്ടപ്പോൾ സത്യത്തില് എന്തോ വല്ലാണ്ട് സങ്കടം തോന്നുന്നുണ്ടായിരുന്നു.
“” ശങ്കരേട്ടന്റെ ഏതോ ബന്ധു മരിച്ചെടാ… പുള്ളിയിന്ന് വയനാടേക്ക് പോയി. ഇനി ചടങ്ങൊക്കെ കഴിഞ്ഞേ തിരിച്ചുവരുള്ളൂ. അതുവരെ എവിടെയാരുമില്ലാണ്ട് എങ്ങനെയാ… ഒന്നുല്ലേ ടോമിക്ക് ഭക്ഷണമെങ്കിലും കൊടുക്കണ്ടേ…!! “”