“” ഇതൊന്നും വേണ്ടമ്മേ… പ്ലീസ്.. “”
“” ഇതില് വേണം അവൻകെട്ടിയ താലി കോർത്തിടാൻ…!! അതെന്റെ ആഗ്രഹായിരുന്നു… അവന്റെ കല്യാണത്തിനുള്ള താലി എന്റേവകയാവണമെന്ന്…! മോളെന്റെയാഗ്രഹം സാധിച്ചുതരൂലേ…!””
ഞാനിതൊക്കെ കേട്ട് തരിച്ചിരിക്കുവായിരുന്നു. അഭിരാമിയെന്നെയൊന്ന് നോക്കി. അതിന്റെയർത്ഥമെന്താണ് എന്നെനിക്ക് മനസിലായില്ല. അതിന് ശേഷം അവളമ്മയെ നോക്കിയൊന്ന് ചിരിച്ചു. പിന്നേ അമ്മയുടെ കയ്യിൽനിന്നും ആ മാല വാങ്ങിച്ചു ശേഷം അമ്മയുടെ കാലുതൊട്ട് വണങ്ങി.
“” എന്താമോളെ ഈ കാണിക്കണേ…!! “”
എന്നും പറഞ്ഞ് അമ്മയാവളെ പിടിച്ചെണീപ്പിച്ചു. അവളെ അമ്മ ഇറുകെ പുണർന്നു.
എല്ലാവരും ഒരു ചിരിയോടെയാണ് അതൊക്കെ നോക്കിനിന്നത്. പക്ഷേ എനിക്ക് ഒരന്താളിപ്പായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസിലാവാതെ അവരെയും നോക്കി ഇരിക്കുകയായിരുന്നു ഞാൻ.
അമ്മ അവളെയിങ്ങനെ സ്നേഹിക്കുന്നത് കാണുമ്പോൾ പേടിതോന്നുന്നുണ്ട്. കാരണം എനിക്കവളെ എന്റെ ഭാര്യയായി കാണാൻ കഴിയുന്നില്ല എന്നത് തന്നെ. എന്തുകൊണ്ടോ ഞങ്ങൾക്കിടയിൽ ഒരു അകൽച്ച…!! ഒരദൃശ്യവേലി ഞങ്ങളെ തമ്മിൽ വേർപെടുത്തുന്നുണ്ടായിരുന്നു. അതെന്താണ് എന്നുമാത്രമറിയില്ല.
കുറച്ചുനേരമെടുത്തപ്പോൾ ഞാൻ പഴയപടിയായി. എല്ലാവരും കൂടെ അടിപിടിയും പാട്ടും ബഹളവും ഒക്കെയായിരുന്നു പിന്നേ.
ഉച്ചക്ക് എല്ലാവരുങ്കൂടെ പുറത്തൊക്കെ കറങ്ങാനിറങ്ങി. അന്നെല്ലാവരും പുറത്ത് നിന്നാണ് ഭക്ഷണം കഴിച്ചത്.
“” ഏട്ടാ… എനിക്ക് ഐസ്ക്രീം വാങ്ങിത്തരുവോ..?! “”
അല്ലി എന്റെ പിന്നാലെ കൂടീട്ടുണ്ട്. ഇനിയത് കിട്ടാതെ അവളടങ്ങില്ല.
“” ഒരെണ്ണത്തിലൊതുക്കണം… നിനക്ക് പണ്ടേയുള്ള സൂക്കേടാ ഐസ്ക്രീം വലിച്ചുകേറ്റി തൊണ്ടവേദനയാന്നും പറഞ്ഞുള്ള കരച്ചില്…! അതോണ്ടൊരെണ്ണം വേണേ വാങ്ങിച്ചു തരം… “”
അത് കേട്ട് പെണ്ണോന്ന് ചിണുങ്ങിയെങ്കിലും ഒരെണ്ണം മതിയെന്ന് പറഞ്ഞു.
“” അതേയ് അവൾക്ക് മാത്രം പോരാ ഞങ്ങൾക്കും വേണം…!! “”
ഇത് കേട്ടോണ്ട് വന്ന അമ്മുവും ജിൻസിയും വിളിച്ചുപറഞ്ഞു.
“” ഡീ നിനക്ക് വേണോ..?!! “”
അവർക്കൊപ്പമുണ്ടായിരുന്ന തടകയോട് ജിൻസി ചോദിച്ചെങ്കിലും അവളതിന് മറുപടിയൊന്നും കൊടുത്തില്ല.
“” ഓഹ് വേണ്ടേൽ വേണ്ട…!! എടാ രണ്ടെണ്ണങ്കൂടെ… സ്ട്രോബെറി “”
ജിൻസി എന്നോട് പറഞ്ഞു.