കേൾക്കണ അവൾക്കില്ലേലും പറയണ എനിക്കു മടുത്തുതുടങ്ങിയതോടെ അത് നിർത്തി.
അന്നത്തെ അവളുടെയാ ഒറ്റയാട്ടോടെ ഞാനെന്റെ പാചകം പൂർണമായി നിർത്തിയിരുന്നു.
ഇടക്ക് എന്തേലും അരിഞ്ഞ് കൊടുക്കുവോക്കെ ചെയ്യുവെങ്കിലും അടുപ്പിനടുത്തേക്ക് അവളെന്നെ അടുപ്പിക്കില്ലായിരുന്നു. അതൊരുപക്ഷെ എന്റെ കഴിവിൽ നല്ല വിശ്വാസം ഉള്ളോണ്ട് ആയിരിക്കണം.
“” ആഹാ എണീറ്റോ കുമ്പകർണൻ… എന്തൊരുറക്കാടാ…!! “”
ഹാളിലെന്റെ തലവട്ടം കണ്ടതേ ജിൻസി എനിക്കിട്ടൊന്ന് കൊട്ടി. ഇവക്കിതീന്ന് എന്ത് സുഖവാണാവോ കിട്ടുന്നെ…!!
“” ഓഹ്… ഇന്ന് പുലരുമ്പഴേ എണീറ്റിട്ട് മലമറിക്കാനൊന്നുവില്ലല്ലോ…!! അല്ലേടിയമ്മൂ..!””
“” എന്നാലും ഇങ്ങനൊന്നുമുറങ്ങാമ്പാടില്ല…!!””
അമ്മുവോരു ചിരിയോടെ പറഞ്ഞപ്പോൾ ഞെട്ടിയത് ഞാനാണ്.
എന്ത് പറഞ്ഞാലുമെന്റെ വാലേൽ തൂങ്ങിയിരുന്ന പെണ്ണാ… ജിൻസിയുടെ കൂടെക്കൂടി അവളുമെനിക്കിട്ട് കൊട്ടാൻ തുടങ്ങിയിരിക്കുന്നു…!! ഇവളെ ഇനിയും വളരാനനുവദിച്ചൂട…!!
“” ഓഹ് പിന്നേ… ഒമ്പതുമണിയൊന്നും വല്യസമയമൊന്നുവല്ല…!! രണ്ടുങ്കൂടെ എനിക്കിട്ടുണ്ടാക്കാണ്ട് എന്തേലും കഴിക്കാൻ താ…!! “”
താടക ഇതൊക്കെ കേട്ട് അവിടിരിക്കുന്നുണ്ടേലും ഒന്നും മിണ്ടിയില്ല. അവൾക്കെന്നെ ഫേസ് ചെയ്യാൻ നല്ല ചമ്മലുണ്ടെന്ന് തോന്നുന്നു. ഇത്രേം കാലം ഉണ്ടാക്കിയെടുത്ത മാരക ബിൽഡപ്പല്ലേ ഒറ്റ രാത്രികൊണ്ട് തകർന്നടിഞ്ഞത്..!! അതിന്റൊരു വിഷമങ്കാണും.! അതോർത്തപ്പോ എനിക്ക് ചിരിവന്നു.
“” എടിയമ്മുവേ… ഇവന് കാര്യമായിട്ടേതാണ്ട് പറ്റീട്ടുണ്ട്ട്ടോ… നോക്യേ ഇരുന്ന് ചിരിക്കണത്…!! “”
അവൾടെ ഡയലോഗ് കേട്ട് ഒന്ന് ചൂളിയെങ്കിലും ഒന്നും പറയാണ്ട് അവള് കൊണ്ടുവന്ന ഇഡലി കുത്തിക്കേറ്റി…!
അല്ലാണ്ട് ജിൻസിയുടെ നാവിനു മുന്നിൽ പിടിച്ചുനിക്കാനുമ്മാത്രം ഞാൻ വളർന്നിട്ടില്ല.
കഴിച്ചോണ്ടിരിക്കുമ്പോഴാണ് പുറത്ത് കാളിംഗ് ബെൽ മുഴങ്ങുന്നത്. ജിൻസിയാണ് പോയി കതക് തുറന്നത്. വാതിൽക്കലേക് നോക്കിയിരുന്ന എനിക്ക് വന്നവരെക്കണ്ട് നല്ല സന്തോഷമായി. അച്ഛനും അമ്മേം അല്ലിയും.
ജിൻസി അമ്മേനേം ചുറ്റിപ്പിടിച്ചാണ് അകത്തേക്ക് കയറിയത്. അവൾക്കിപ്പോ എന്റെയമ്മ സ്വന്തം അമ്മയാണ്.
അല്ലി നേരെയെന്റെ അടുത്തേക്കാണ് വന്നത്.
വന്നുടനെ അവളെന്റെ നടുപ്പുറം കടപ്പുറമാക്കി !…
അവളുടെയാ അടിയിൽ പുളഞ്ഞുപോയി ഞാൻ.
“” എന്താടാ പട്ടി നിനക്കെന്നെ വിളിച്ചാല്…!! ഏഹ്… “”
അവളുടെ പെരുമാറ്റം കണ്ട് എല്ലാരും ഞെട്ടിയിരിക്കുകയായിരുന്നു. അവരാരും അല്ലിയുടെ സൈക്കോത്തരം കണ്ടിട്ടില്ലല്ലോ…! പിന്നെങ്ങനെ ഞെട്ടാണ്ടിരിക്കും?!. അമ്മയും അച്ഛനും ചെറിയൊരു ചിരിയോടെ ഞങ്ങളെ നോക്കുന്നുണ്ട്.