സാത്വികനായ സാറ് ഒരു പൊതുജനസേവനവും ഹോബിയുമായാണ് ജോത്സ്യം ചെയ്യുന്നത്. ഞാനീ കാശു വാങ്ങുന്നതെന്താണെന്നു വെച്ചാൽ വഴിപാടിന്റെ പണം നിങ്ങളുടേതാവുമ്പോൾ ഫലസാദ്ധ്യത കൂടും. സാറ് തൊഴുതിറങ്ങി.
ത്രേസ്യയുടെ ഫോൺ വരുമ്പോൾ എബി കുളിച്ചു തലതോർത്തുകയായിരുന്നു. എന്നാമ്മച്ചീ പതിവില്ലാതെ കാലത്ത്? അവൻ മൊബൈലു സ്പീക്കറിലിട്ട് വേഷം മാറിത്തുടങ്ങി.
ഓ… ഒന്നൂല്ലടാ. എന്തായി നിന്റെ കഥയെഴുത്ത്? പ്രസിദ്ധ വാരികയിൽ സബ്ബെഡിറ്ററാണവൻ. വല്ലപ്പോഴുമൊക്കെ ഓരോ കഥയോ ലേഖനങ്ങളോ മറ്റു പ്രസിദ്ധീകരണങ്ങളിൽ അവന്റേതായി വരാറുള്ളത് കണ്ട പ്രസാധകൻ മുകുന്ദനാണ് അവനെ ഒരു നോവലെഴുതാൻ നിർബ്ബന്ധിച്ചത്. അതിന്റെ തയ്യാറെടുപ്പിലാണ് ഗോവയിലെ സന്ദർശനം. ഇത്തിരി സ്വസ്ഥമായി ഇരിക്കാമല്ലോ.
ഒന്നും തൊടങ്ങീട്ടില്ല അമ്മച്ചീ. ഇങ്ങോട്ട് വന്നല്ലേയൊള്ളൂ.
എടാ അവിടടുത്ത് കത്തോലിക്കരുടെ പള്ളിയൊണ്ടോ?
ഇവിടുത്തെ ക്രിസ്ത്യാനികൾ ഒട്ടുമുക്കാലും കത്തോലിക്കരാണമ്മച്ചീ.
എന്നാ നീയടുത്തുള്ള പള്ളീല് പോയൊന്നു കുർബാന കൂടണം. നടന്നില്ലേല് ഒന്നു പ്രാർത്ഥിക്കയെങ്കിലും വേണം.
അമ്മച്ചീടെ സ്വരത്തിൽ വന്ന നേരിയ മാറ്റം എബിയറിഞ്ഞു. എന്തുപറ്റിയമ്മച്ചീ? എന്തേലും പ്രശ്നമൊണ്ടോ അവിടെ? അവൻ ചോദിച്ചു.
അതല്ലടാ. രാവിലെയെന്തോ ദുസ്വപ്നോം കണ്ടാണെണീറ്റത്.
എന്തു സ്വപ്നം? അവന്റെയുള്ളിൽ എന്തോ ഒന്നുണർന്നു.
അതറിഞ്ഞൂടെടാ. എണീറ്റപ്പോ ഹൃദയമിടിപ്പ് കൂടിയിരുന്നു. എന്തോ ആപത്തു വരാമ്പോണപോലൊരു തോന്നല്!
എബിയ്ക്ക് ഇപ്പോഴും താനൊരു അസുഖകരമായ മായിക ലോകത്താണെന്നു തോന്നി. കണ്ണു ചിമ്മിയാൽ യഥാർത്ഥ ലോകത്തിലുണരുമോ? അവൻ സ്വരം നിയന്ത്രിച്ചു. അമ്മച്ചി ചുമ്മാ ഓരോന്നാലോചിച്ചു കൂട്ടാതെ. ഇനി ഞാൻ പള്ളീപ്പോണേല് അതു ചെയ്തോളാം. ഏതായാലും ഇവിടുത്തെ ഒന്നു രണ്ടു കാര്യങ്ങള് പാരിഷ് പ്രീസ്റ്റിനോടു ചോദിക്കണാരുന്നു.