ഒരിക്കൽക്കൂടി…1 [ഋഷി]

Posted by

അതു പോരെടീ. നമുക്കാ ഗോവിന്ദൻ ഗണകനെ വരുത്തണം. എനിക്കെന്തോ അങ്ങേരൊന്ന് നോക്കിപ്പറഞ്ഞാലേ മനസ്സമാധാനം കിട്ടത്തൊള്ളൂ.

നാടിന്റെ പഴയ ആചാരങ്ങളിൽ വിശ്വസിക്കുന്ന ഒരു തലമുറയിൽപ്പെട്ട ത്രേസ്യാമ്മ പറഞ്ഞത് ഗ്രേസിയ്ക്ക് മനസ്സിലായി. അവളുടെ അപ്പനുമമ്മയും ഇതേപോലെ തന്നെ!

ഗോവിന്ദഗണകൻ എബിയുടെ ജനനസമയം കുറിച്ച കുറിപ്പു നോക്കി. കളം വരച്ചു കവിടി നിരത്തി…. ഏറെ നേരം ആലോചനയിലാണ്ടു. പിന്നെ മുഖമുയർത്തി.

അപ്പോ ത്രേസ്യാമ്മേ, എന്താണ് എന്നെ അത്യാവശ്യം വരാൻ പറഞ്ഞത്? എന്തായാലും മടിക്കാതെ പറഞ്ഞോളൂ.

അത്… ഗണകൻ സാറേ (ഗോവിന്ദൻ റിട്ടയേർഡ് ഹൈസ്കൂൾ മാഷുമായിരുന്നു)…. ഞാനൊരു ദുസ്വപ്നം കണ്ടു. എബിയങ്ങ് ഗോവേലാ ഇപ്പോ. അവനെന്തേലും പറ്റുമോന്നാ… അവരുടെ സ്വരമിടറി.

അഷ്ടമത്തിൽ ചന്ദ്രനാണ്. ജീവനം കലാപരമായ കാര്യങ്ങളിൽ നിന്നാവും. ലോലമായ മനസ്സായിരിക്കും. ചുറ്റുപാടുകൾ സ്വാധീനിക്കുന്ന മനസ്സാണ്… സംവേദനശീലമുള്ളത്….

ഇടയ്ക്കു തലനീട്ടുന്ന ഗണകൻസാറിന്റെ സംസ്കൃതം മുഴുവനങ്ങ് മനസ്സിലായില്ലെങ്കിലും മൊത്തത്തിൽ ത്രേസ്യാമ്മയ്ക്കു പിടികിട്ടി.

പിന്നേ… സാറു കവിടികൾ വീണ്ടും നീക്കി… ഇപ്പോഴത്തെ സമയമവന് അത്ര ശരിയല്ല. സാരമില്ല. പറ്റുമെങ്കിൽ അവിടെ ഏതെങ്കിലും ഗണപതിക്ഷേത്രത്തിൽ പോയൊരു വഴിപാട് നേരിട്ട് കഴിക്കണം. ശത്രുസംഹാരപൂജ മുരുകന്റെയമ്പലത്തിലാണ് വേണ്ടത്. അതു ഞാൻ ഇവിടെ ചെയ്യിച്ചോളാം.

ഉം… സാറു പിന്നെയും ചിന്തയിലാണ്ടു. ഒരു കാര്യം കൂടി, ത്രേസ്യാമ്മേ. എബിയ്ക്ക് പള്ളീലൊക്കെ പോണ ശീലമൊണ്ടോ? ത്രേസ്യാമ്മ ചിരിച്ചു. അവനങ്ങനെ സ്ഥിരമായിട്ടൊന്നും വരാറില്ല. മനപ്പൂർവ്വമല്ല… അങ്ങനൊരു ശീലമില്ലവന്. എന്നാ വിളിച്ചാ വരുവേം ചെയ്യും.

അവിടടുത്ത് കത്തോലിക്കരുടെ പള്ളി കാണുമല്ലോ. ഒന്നു പോയി പ്രാർത്ഥിക്കാൻ പറയണം. പിന്നെ അവിടത്തെ അച്ചനേയും അവനൊന്നു കണ്ടോട്ടെ.

ശരി സാറേ. ത്രേസ്യാമ്മ ഗണകൻ സാറെണീറ്റപ്പോൾ കയ്യിലൊരു സംഖ്യ കൊടുത്തു. വഴിപാടിനു ചെലവു വരൂല്ലേ?

Leave a Reply

Your email address will not be published. Required fields are marked *