ഒരിക്കൽക്കൂടി…1 [ഋഷി]

Posted by

തണുപ്പിലും അവന്റെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു… മത്തായി ബെഞ്ചിലേക്ക് ചാടിക്കയറി എബിയുടെ തോളത്തു കാലുകളൂന്നി നിവർന്ന് അവന്റെ മുഖത്തു നക്കി…

ആഹ്… എന്തു പറയാൻ… ഈ പ്രായമായ ഞങ്ങളെയൊക്കെ ഇവിടനുഭവിക്കാൻ വിട്ടിട്ട് ദൈവം ഈ കൊച്ചുപിള്ളാരെയൊക്കെ അങ്ങെടുക്കും… മൈക്കിളെണീറ്റ് ഒഴിഞ്ഞ പ്ലേറ്റുകളും ഗ്ലാസുമെടുത്ത് നടന്നു.

എങ്ങിനെയെണീറ്റെന്നോ, കാശുകൊടുത്തെന്നോ ഒന്നും എബിയറിഞ്ഞില്ല. ഒരു സ്വപ്നാടകനെപ്പോലെ അവൻ നീങ്ങി. മത്തായി ഒപ്പം ഉൽസാഹത്തോടെ നടക്കുന്നതോ, കാലുകൾ പുല്ലുകളിൽത്തട്ടി നനഞ്ഞതോ… ഒന്നുമവനറിഞ്ഞില്ല. മനസ്സാകെ ഇളകിമറിയുകയായിരുന്നു…. യാന്ത്രികമായി ചലിച്ച കാലുകൾ അവനെ സ്റ്റെല്ലയുടെ വില്ലയ്ക്കു മുന്നിലെത്തിച്ചു.

കോളിങ് ബെല്ലിന്റെ മർമ്മരം കേട്ട് വാതിൽ തുറന്ന സ്റ്റെല്ല എവിടെയോ നഷ്ട്ടപ്പെട്ട് നിൽക്കുന്ന എബിയെക്കണ്ടമ്പരന്നു. അവളുടെ ചൂടുള്ള വിരലുകൾ കയ്യിലമർന്നപ്പോൾ അവൻ ഞെട്ടിയുണർന്നു.

ഹലോ സ്റ്റ്രേഞ്ചർ! അവൾ ചിരിച്ചുകൊണ്ട് അവന്റെ കണ്ണുകൾക്കു മുന്നിൽ വിരലുകൾ ഞൊടിച്ചു. നീയെവിടെയാണ്?

സോറി സ്റ്റെല്ലാ. ഞാനെന്തൊക്കെയോ ആലോചിച്ച്… അവൻ മന്ദഹസിക്കാൻ ശ്രമിച്ചു.

ഞാൻ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. നിനക്കൊരോംലെറ്റ് ഉണ്ടാക്കട്ടെ? അവളവന്റെ കരം കവർന്ന് ഉള്ളിലേക്ക് വലിച്ചു. മത്തായി സമയം കളയാതെ അവളുടെ മേത്തു ചാടി.

വേണ്ട സ്റ്റെല്ല… ഞാൻ കഴിച്ചു. അവനപ്പോഴും വേറെയേതോ ലോകത്തായിരുന്നു.. സ്റ്റെല്ലയ്ക്കവനെ പിടിച്ചു കുലുക്കാൻ തോന്നി. ഇവനെന്തു പറ്റി? സ്വപ്നം കാണുന്ന കണ്ണുകളിൽ മയക്കം വന്നു തൂങ്ങുന്ന പോലെ…. ജീസസ്! ഡ്രഗ്സ് വല്ലതും കുത്തിക്കേറ്റിയോ? അവളവന്റെ കണ്ണിമകൾ ഉയർത്തി നോക്കി. കുഴപ്പമൊന്നുമില്ല…

എബിയ്ക്ക് ചിരി വന്നു. സ്റ്റെല്ലാ! എന്താണീ കാട്ടുന്നത്?

നിനക്കെന്തോ പറ്റീട്ടുണ്ട്. വല്ലതും കണ്ടു നീ പേടിച്ചോ? അവളുടെ വിരലുകൾ അവന്റെ കവിളുകൾ പൊതിഞ്ഞ കുറ്റിരോമങ്ങളിലൂടെ സഞ്ചരിച്ചു. അവളെയുറ്റു നോക്കിയ ആ വലിയ കണ്ണുകളിൽ ഇപ്പോഴെന്താണ്? സഹാനുഭൂതിയാണോ? അവളിത്തിരി ചിന്താക്കുഴപ്പത്തിലായി. ആ നീയിങ്ങു വന്നേ. ഒരു നല്ല കാപ്പികുടിച്ചാൽ ഈ മാന്ദ്യമൊക്കെ അങ്ങു പോവും. അവളവന്റെ കൈക്കു പിടിച്ച് അടുക്കളയിലേക്ക് നടന്നു.

പോണവഴിക്ക് അവന്റെ കണ്ണുകൾ സ്റ്റെല്ലയും, ടീനയും ഒപ്പം അരക്കെട്ടുകളിൽ കൈകോർത്തു നില്ക്കുന്ന ഫോട്ടോയിലേക്ക് പാളി. അവളൊന്നൂടെ വലിച്ചപ്പോൾ അവൻ പിന്തുടർന്നു.

അടുക്കളയിൽ നിന്ന് രണ്ടുപേരും കടുപ്പമുള്ള ചൂടു കാപ്പിയൂതിക്കുടിച്ചു. ഉന്മേഷം തിരികെ അരിച്ചെത്തുന്നത് എബിയറിഞ്ഞു. സ്റ്റെല്ല അവനെ നോക്കി മന്ദഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *