മത്തായീടെ കുരയവനെ ഉണർത്തി. നോക്കിയപ്പോൾ ഒരു ഡോഗ് കോളർ സ്റ്റെല്ല നീട്ടുന്നു. ഇതെടുത്തോളൂ. ഞങ്ങളുടെ ടോമീടെയായിരുന്നു. അവളുടെ സ്വരത്തിലെ സങ്കടം അവനറിഞ്ഞു. പിന്നെ മത്തായിയ്ക്ക് കോളറും ചാർത്തി വില്ലയിലേക്ക് നടന്നു.
വീട്ടിലുണ്ടായിരുന്ന ഗ്ലൂക്കോസിന്റെ ബിസ്കറ്റുകൾ മത്തായിയ്ക്ക് കൊടുത്തിട്ട് അവനൊന്നു പോയിക്കുളിച്ചു. ആ സമയം മത്തായി ആഹ്ളാദസൂചകമായി പല ശബ്ദങ്ങളുമുണ്ടാക്കി വില്ലയിലാകെ ചുറ്റിനടന്നു.
ആദ്യത്തെ ഡ്രിങ്ക്…നല്ല ഒന്നാന്തരം ഗ്ലെൻഫിഡ്ഡിക്ക് വിസ്കി… സായിപ്പു വാറ്റുന്ന തേൻ ഒന്നരപ്പെഗ്ഗൊഴിച്ച് രണ്ടൈസുമിട്ട് നിന്ന നിൽപ്പിൽ രണ്ടു വലി. ദ്രാവകം അഗ്നിയായി ആമാശയത്തിലെത്തി അവന്റെ കുഞ്ഞു വെടിക്കെട്ട് നടത്തിയപ്പോൾ എബിയുടെ മുറുകിയ പേശികളും തലച്ചോറുമയഞ്ഞു. അടുത്ത ഡ്രിങ്ക് ഒരു ഡബിൾ ലാർജു തന്നെയൊഴിച്ച് ഐസും, സോഡയും ചേർത്ത് ഒന്നു മൊത്തി. പെർഫെക്റ്റ്. അവൻ വെളിയിൽ വരാന്തയിലെ ഒറ്റ കസേരയിൽ ചെന്നിരുന്നു. മത്തായി വന്ന് അവന്റെ ഞാന്നു കിടന്ന വിരലുകളിൽ ഒന്നു മണപ്പിച്ചിട്ട് മുറ്റത്തേക്കിറങ്ങി ഗവേഷണം തുടങ്ങി. വശത്തുള്ള ചെറിയ ടേബിളവൻ വലിച്ചടുപ്പിച്ചു… പിന്നെയെണീറ്റ് അകത്തേക്ക് പോയി കുപ്പിയും സോഡയും ഐസ് ബക്കറ്റും കൊണ്ടുവന്ന് വരാന്തയിൽ വെച്ചു. കൊതുക് അകത്തേക്ക് കേറാതിരിക്കാൻ വരാന്തയിലേക്കുള്ള വാതിലടച്ചു.
പതിയെ തേൻപോലെയുള്ള സ്കോച്ചും നുണഞ്ഞവൻ അവിടെ കാലുനീട്ടിയിരുന്നു. മത്തായി ഇടയ്ക്കിടെ ഓർമ്മ വരുമ്പോഴൊക്കെ വരാന്തയിലേക്കോടിക്കയറി അവന്റെ കൈകളിലും, പിന്നെ മടിയിൽ വലിഞ്ഞു കയറി അവന്റെ കവിളുകളിലും നക്കി.
ചുറ്റിലുമുള്ള നേരിയ ചുവപ്പു കലർന്ന മഞ്ഞവെളിച്ചം പതിയെ ഇരുളിന്റെ മുന്നോടിയായ പതിഞ്ഞ വെളിച്ചത്തിനു വഴിമാറി. പതിവില്ലാതെ മഴപെയ്തു തണുത്തിരുന്ന അന്തരീക്ഷം കുറച്ചൂടെ തണുത്തു. നല്ല സുഖം തോന്നി. മനസ്സിപ്പോൾ അന്നത്തെ സംഭവങ്ങൾ അയവിറക്കാനുള്ള ശാന്തമായ മൂഡിലേക്ക് മെല്ലെ വന്നിരുന്നു…
ചീവിടുകളുടെ സംഗീതത്തിനൊപ്പം അവൻ അടുത്ത ഡ്രിങ്കൊഴിച്ച് ഒരു സിപ്പെടുത്തു. ഇന്നത്തെപ്പോലെ ഒരു ദിവസം ഓർമ്മയിലില്ല. രാവിലെ എഴുന്നേറ്റതു തന്നെ സ്വപ്നമാണോ, വെളിപാടാണോന്നറിയാത്ത