വർഷങ്ങളായെങ്കിലും, അവനെ അത്ഭുതപ്പെടുത്തി, ഓർമ്മയുടെ അറകളിൽ നിന്നും ആ പ്രാർത്ഥന ഒളിമങ്ങാതെ ചിറകടിച്ചുയർന്നു. അവനും അച്ചന്റെയൊപ്പം പ്രാർത്ഥനാവചനങ്ങൾ ഉരുവിട്ടു.
കുരിശുവരച്ചെണീറ്റിട്ട് മാനുവലച്ചൻ എബിയുടെ തോളുകളിൽ കൈകൾ വെച്ച് അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ മുഖത്ത് ഗൗരവവും ഉൽക്കണ്ഠയും നിറഞ്ഞു.
എബീ. നീ സ്ഥിരം പള്ളീൽ പോവാറുണ്ടോ? കുർബാനേം കുമ്പസാരോക്കെയൊണ്ടോ? അച്ചൻ ചോദിച്ചു.
ഇല്ലച്ചോ. എബിയൊള്ള കാര്യമങ്ങ് പറഞ്ഞു.
ആ… കർത്താവിന്റെയിഷ്ടം. നീ ഒന്നു സൂക്ഷിക്കണം. എന്തോ ഒരാപത്ത് നിന്റെ ചുറ്റിലും ഞാൻ കാണുന്നുണ്ട്. അച്ചനവന്റെ തോളുകളിൽ ഞെരിച്ചിട്ട് തിരിഞ്ഞൊരു മേശവലിപ്പു തുറന്ന് ഒരു ജപമാലയെടുത്തു.
വിശ്വാസമുണ്ടേലും ഇല്ലേലും ഇതു ധരിക്കാം. എനിക്ക് യാത്രയാവാൻ സമയമായി കുഞ്ഞേ. നിനക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കാം. അച്ചൻ അവന്റെ നേർക്ക് നോക്കി കുരിശുവരച്ചു.
എബി അച്ചനെ പിരിഞ്ഞപ്പോൾ അന്തരീക്ഷം ഇരുണ്ടിരുന്നു. രാവിലേ പള്ളിയുടെ കവാടം തുറന്നകത്തേക്ക് കയറിയപ്പോൾ പിന്നിൽ വിട്ടുപോന്ന വെയിലും തുമ്പികളും വെളിയിലേക്കിറങ്ങിയപ്പോൾ മറഞ്ഞിരുന്നു. മഴക്കോളുണ്ടായിരുന്നു. ഈർപ്പമുള്ള ചുറ്റിയടച്ച കാറ്റിൽ അവനൊന്നു കിടുത്തു. കൈകൾ പോക്കറ്റിൽ തിരുകി നടന്നപ്പോൾ പെട്ടെന്നാണ് മഴത്തുള്ളികൾ വീണുതുടങ്ങിയത്. നിമിഷങ്ങളിൽ മഴ കനത്തു. എബി വഴിയിൽ നിന്നും കുറച്ചുള്ളിൽ വശത്തു കണ്ട ഒരു ഷെഡ്ഢിലേക്കോടിക്കയറി. തിരിഞ്ഞു മഴ നോക്കി ഒന്നു തല കുടഞ്ഞു.
ബേട്ടാ… ഒരു മധുര സ്വരം. അവനൊന്നു ഞെട്ടി. അടഞ്ഞ ഷെഡ്ഢിന്റെ വലിയ വരാന്തയിലായിരുന്നു നിന്നത്. ഉള്ളിലേക്ക് ഇത്തിരി നീണ്ട ആഴമുള്ള വരാന്തയുടെ അകത്തെ ഇരുട്ടിൽ കണ്ണു കാണാറായപ്പോൾ ഒരു സ്ത്രീ മുന്നോട്ടു വന്നു. ഇളം കറുപ്പുനിറമുള്ള, ഭംഗിയുള്ള, വലിയ വട്ടമൊത്ത പൊട്ടുകുത്തിയ സ്ത്രീ. ആ മുഖത്ത് എന്തൊരൈശ്വര്യമായിരുന്നു! അമ്മച്ചീടെ പ്രായം വരില്ല. ഒരു പത്തുപതിനഞ്ചു വയസ്സു കുറവായിരിക്കും.
മഴ തുടങ്ങുന്നതിനു മുന്നേ കേറിയതുകൊണ്ട് ഇതൊക്കെ നനയാതെ കഴിച്ചു. അവർ കയ്യിലുണ്ടായിരുന്ന ഒരു സഞ്ചിയിൽ നിന്നും മൂന്നാലു സാരികളെടുത്തു കാട്ടി. ഒപ്പം ഒരു ടവൽ നീട്ടീ. നീ തല തോർത്തൂ. ദില്ലിയിൽ കോളേജും പോസ്റ്റ് ഗ്രാഡ്വേഷനും ചെയ്തതുകൊണ്ട് ഹിന്ദിയിലുള്ള
സംഭാഷണം എബിയ്ക്കൊരു പ്രശ്നമായിരുന്നില്ല.