അപ്പോ നീ ഒന്നും കഴിക്കുന്നില്ലേ… ഏട്ടത്തി ചോദിച്ചു.
ഇല്ല.. ഞാൻ മുഖം തിരിച്ചുകൊണ്ട് പറഞ്ഞു.
ഡാ.. കിച്ച. നീ ഇന്നലെ ഉച്ചക്ക് ഈ വീട്ടിൽ നിന്നും അരിഭക്ഷണം കഴിച്ചതല്ലെ.. പിന്നെ എന്തെങ്കിലും ഇതുവരെ കഴിച്ചിട്ടുണ്ടോ… അല്ല എന്താ നിന്റെ വിചാരം. ഏട്ടത്തി ദേഷ്യത്തിൽ എന്ന പോലെ പറഞ്ഞശേഷം അമ്മ കാണാതെ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.
എനിക്ക് ചിരി വന്നെങ്കിലും ഞാൻ അത് പണിപെട്ട് അടക്കിപിടിച്ചു.
എന്താ നിന്റെ ഉദ്ദേശം… അമ്മയുടെയും ചോദ്യമെത്തി.
ഞാൻ പട്ടിണി കിടന്ന് ചത്താലും ഇവിടെ ആർക്കും ഒന്നും ഇല്ലാലോ.. ഞാൻ അമ്മയെ നോക്കി ചുണ്ട് ഒരു സൈഡിലേക്ക് കൊട്ടികൊണ്ട് പറഞ്ഞു.
നീ.. ഇങ്ങനൊക്കെ പറയുന്നത് എന്തുകൊണ്ടാണ് എന്നെനിക്ക് നന്നായിട്ടറിയാം.
എന്റെ കുഞ്ഞിനെ കൊണ്ട് ഇങ്ങനൊക്കെ പറയിപ്പിക്കാൻ ആ ഒരുബേട്ടോള് എന്ത് കൂടോത്രാ ചെയ്തെ ഇക്കറിയില്ല എന്റെ ഗുരുവായൂരപ്പാ… അമ്മ നെഞ്ചിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.
പക്ഷേ അമ്മ ആ പറഞ്ഞത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്ന് മാത്രമല്ല അതെന്നെ ഒരുപാട് വേദനിപ്പിക്കുകയും ചെയ്തു.
ഞാൻ അമ്മയുടെ മുഖത്തേക്ക് തറപ്പിച്ചോന്ന് നോക്കി. ആ നിമിഷം എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഞാൻ പിന്നെ ഒന്നും മിണ്ടാതെ അവിടെ നിന്നും തിരിഞ്ഞ് നടന്നു.
മനസ്സിൽ വല്ലാത്തൊരു ഭാരം പോലെ. അമ്മ അഭിയെ അങ്ങനെ പറഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു. അതിന്റെ ഹാങ്ങോവറിൽ ഞാൻ മെയിൻ റോഡ് വരെ നടക്കാൻ തീരുമാനിച്ചു.
ഗേറ്റിന് പുറത്ത് എത്തിയതും ഞാൻ ഫോണെടുത്തു. അഭിയെ ഒന്ന് വിളിക്കണം. വല്ലാത്തൊരു ഒറ്റപ്പെടല് പോലെ. അവളുടെ ശബ്ദം കേൾക്കാൻ ഉള്ള് വല്ലാതെ തുടിക്കുന്നുണ്ട്.
പക്ഷേ ഒരു ഫുൾ റിങ് കഴിഞ്ഞിട്ടും കക്ഷി ഫോണെടുത്തില്ല. വല്ല തിരക്കിലും ആകും എന്ന് കരുതി ഞാൻ പിന്നെ വിളിക്കാൻ പോയില്ല.
വീട്ടിൽ നിന്നും അല്പ ദൂരം നടന്നാൽ പിന്നെ നെൽവയലിനോട് അരിക് പറ്റിയാണ് റോഡ് . ഏകദേശം നൂറ് മീറ്ററോളം അങ്ങനെതന്നെയാണ്.
നടക്കുന്നതിനിടയിൽ ഞാൻ വയലിലേക്ക് നോക്കി. നോക്കെത്താദൂരത്തോളം പച്ച പുതച്ച് കിടക്കുകയാണ്.
ചിലയിടങ്ങളിൽ കത്തിരിടാൻ തുടങ്ങിയത്തിന്റെ മഞ്ഞ നിറം കാണാം . എങ്കിലും എന്റെ അടുത്തുള്ളവ ഇളം നാമ്പുകളാണ്. അതിന്റെ തലപ്പത് മഴവിൽ നിറമണിഞ്ഞ നീർമണികൾ. അവ വെയിൽ കിരണമെൽകുബോൾ എന്നെ നോക്കി ചിരിക്കും പോലെ.