അവരുടെ ബോഗി പ്ലാറ്റ്‌ഫോമിൽ കയറി തുടങ്ങിയതും ഓരോരുത്തർ ആയി പുറത്തേക്ക് ചാടി ഇറങ്ങി ഇരുട്ടിൽ മറഞ്ഞു നിന്നു. ഒരു 30 സെക്കന്റ് കൊണ്ട് തന്നെ എല്ലാവരും പുറത്തെത്തി. ഏറ്റവും ഒടുവിൽ ആണ് എക്സും ജാനകിയും പുറത്തേക്കു ചാടിയത്.
എന്നാൽ ട്രെയിൻ ആ സ്റ്റേഷനിൽ നിർത്തിയില്ല അത് പതിയെ മുന്നോട്ട് നീങ്ങിക്കൊണ്ടേ ഇരുന്നു. ചാടിയിറങ്ങാൻ തോന്നിയത് നന്നായി എന്ന് എല്ലാവർക്കും തോന്നി.
കൂട്ടം കൂടി എന്ത് ചെയ്യണം എന്നറിയാതെ ഇരുട്ടിൽ തന്നെ നിൽക്കുന്ന പെൺകുട്ടികളുടെ ഇടയിലേക്ക് എക്സും ജാനകിയും ചെന്നു. കൂടെ കിഷോറും.
“ഈ ഒരു അവസ്ഥയിൽ നമുക്ക് എല്ലാവർക്കും സ്റ്റേഷൻ മെയിൻ ഗേറ്റ് വഴി പോകാൻ പറ്റില്ല. ആരെങ്കിലും കണ്ടാൽ സംശയം തോന്നും. അത്കൊണ്ട് നമുക്ക് ട്രെയിൻ വന്ന വഴി പാളത്തിൽ കൂടി കുറച്ച് പുറകിലേക്ക് നടക്കാം എന്നിട്ട് ഏതെങ്കിലും മാർഗം വഴി ഇവിടുന്ന് കടക്കാം.” ആർക്കും എതിർ അഭിപ്രായം ഒന്നും തന്നെ ഉണ്ടായിരുന്നില്ല അവരെല്ലാം തന്നെ മനസ്സ് മരവിച്ച അവസ്ഥയിൽ ആയിരുന്നു.
എല്ലാവരും സമയം ഒട്ടും കളയാതെ തന്നെ ഇരുട്ടിൽ പാളത്തിലേക്ക് നടന്നു തുടങ്ങി. കിഷോറും രാധികയും മുന്നേയും എക്സും ജാനകിയും പിന്നിലും അവരുടെ നടുവിലായി ബാക്കി ഉള്ളവരും നടന്നു.
പൂനെ ഔട്ടറിൽ ഉള്ള ഖഡ്കി എന്ന സ്റ്റേഷൻ ആയിരുന്നു അത്. ഏകദേശം ഒരു കിലോമീറ്റർന് മുകളിൽ അവർ നടന്നു. കുറച്ചകലെ ആയി അവർ ഒരു ചെറിയ വീട് കണ്ടു. “എല്ലാവരും ഒന്ന് നിന്നേ…ഞാൻ ആ വീട്ടിൽ പോയി എന്റെ ഒരു ഫ്രണ്ടിനെ കോൺടാക്ട് ചെയ്യാൻ നോക്കാം അയാൾക്ക് ലോറി ഉണ്ട് അത്‌കൊണ്ട് അയാൾ വന്നാൽ നമുക്ക് എല്ലാവർക്കും അതിൽ കയറി ഇവിടുന്ന് കടക്കാം.” എക്സ് പറഞ്ഞത് കേട്ട് എല്ലാവർക്കും ഒരു പുതു പ്രതീക്ഷ കൈ വന്നു.
അവൻ വേഗം തന്നെ ആ വീട് ലക്ഷ്യമാക്കി നടന്നു. അവൻ തിരിച്ചു വരുന്നതും കാത്തു ബാക്കിയുള്ളവർ ഒരു കാടിന്റെ മറവിലേക്ക് മാറി നിന്നു.
10 മിനിറ്റ് കൊണ്ട് എക്സ് തിരിച്ചു വന്നു. ആ ഇരുട്ടിലും അവരുടെ എല്ലാം മുഖത്ത് പ്രതീക്ഷയും ആകാംഷയും വിരിയുന്നത് അവൻ കണ്ടു. “ഒന്നും പേടിക്കാനില്ല, ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് അവർ ഒരു മണിക്കൂർ കൊണ്ട് ഇവിടെ എത്തും. അവർ ലോണാവാലയിലേക്ക് ഉള്ള യാത്രയിൽ ആയിരുന്നു അവർ വണ്ടി തിരിച്ചു കഴിഞ്ഞു അവിടെ നിന്ന്. ഇവിടെ നിന്ന് കുറച്ച് കൂടി മുന്നിലേക്ക് നടന്നാൽ നമുക്ക് ഹൈവേ കാണാൻ പറ്റും നമുക്ക് അവിടെ പോയി വെയിറ്റ് ചെയ്യാം. അവർ അവിടെ വരും പേടിക്കണ്ട.” എക്സ് അത് പറഞ്ഞു നിർത്തിയതും എല്ലാവരും സന്തോഷം കൊണ്ട് തമ്മിൽ കെട്ടിപിടിച്ചു കരഞ്ഞു.