എന്നും എന്റേത് മാത്രം 5 [Robinhood]

Posted by

പകൽ പതിയെ വിടവാങ്ങി. രാത്രിയുടെ വരവിനായി അനിവാര്യമായ ഒരു പിന്മാറ്റമാണ് അത് എങ്കിലും പൂവുകൾ ദുഃഖത്താൽ മുഖവും താഴ്ത്തി നിന്നു. പക്ഷികൾ അവയുടെ കൂടുകളിലേക്ക് ചേക്കേറി. ആ മരത്തിന്റെ കീഴിൽ കൂടണയാതെ അവർ അപ്പോഴും ഇരുന്നിരുന്നു.

“എന്താ മോനേ കിച്ചുവേട്ടാ , വല്യ ആലോചനയിലാണല്ലോ?. പെണ്ണുകെട്ടലിന്റെ കാര്യമാണോ?” ചിരിച്ചുകൊണ്ട് ശ്രീഹരി ചോദിച്ചത് കേട്ട നവനീത് അവനെ കൂർപ്പിച്ച് നോക്കി.

“നീ നോക്കണ്ട , നിന്റെ കല്യാണക്കാര്യം ്് ഞങ്ങളെയാ ആന്റിയും അങ്കിളും ഏൽപ്പിച്ചിരിക്കുന്നേ” സച്ചി പറഞ്ഞത് കൂടി കേട്ടപ്പോൾ കാര്യങ്ങളുടെ കിടപ്പ് ഏറെക്കുറെ പിടികിട്ടി.

“എന്നിട്ട് , പറ , എങ്ങനത്തെ പെണ്ണിനെയാ കിച്ചുവേട്ടന് വേണ്ടത്?” ചിന്നുവിന്റേത് ആയിരുന്നു ചോദ്യം.

“ഓഹ് , ഇതൊക്കെയാണ് യോഗം. ബാക്കിയുള്ളവരൊക്കെ വീട്ടിൽ എങ്ങനെ പറയും എന്ന് ഓർത്തിരിക്കുമ്പോഴാ ഇവനോടൊക്കെ കല്യാണത്തിന് നിർബന്ധിച്ച് കൊണ്ടിരിക്കുന്നത്” ശ്രീ അവന്റെ വൈഷമ്യം പങ്കുവച്ചു. പക്ഷേ അത് മറ്റുള്ളവരിൽ ചിരി ആണ് ഉണ്ടാക്കിയത് എന്ന് മാത്രം.

“നിനക്ക് വേണേൽ പറ , ഞാൻ നിന്റെ വീട്ടിൽ പറയാടാ” “ആദ്യം നീ ഇത് തീർക്ക് , എന്നിട്ട് ഇവനെ കെട്ടിക്കാം” നവി പറഞ്ഞതിന് വിക്കി മറുപടി കൊടുത്തതോടെ ചർച്ച വീണ്ടും പഴയത് തന്നെ ആയി.

“എന്റെ പരിചയത്തിൽ ഇങ്ങേർക്ക് പറ്റിയ കുറച്ച് പിള്ളേരുണ്ട്” മാളു ആവേശത്തോടെ പറഞ്ഞു. “നീ എനിക്ക് പെണ്ണ് കണ്ടുപിടിക്കുന്ന നേരത്ത് നല്ലൊരു നാത്തൂനെ കണ്ടുപിടിക്കാൻ നോക്ക്” “അതിന്റെ കാര്യം തന്നെയാ പറയുന്നേ”

“ദേ , ഈ കല്യാണ കമ്മറ്റി പിരിച്ചുവിട്ടേ. ഇപ്പൊ ഏതായാലും ഞാൻ പെണ്ണുകെട്ടുന്നില്ല” “ഹാ , അതെങ്ങനെ പറ്റും , നീ ആറുമാസത്തിനുള്ളിൽ വിവാഹിതനാകണം എന്നല്ലേ ആ പണിക്കര് പറഞ്ഞേ?” ശ്രീ സംശയം മുന്നോട്ട് ഇട്ടു. “പിന്നെ ഇപ്പൊ തന്നെ നീ കല്ല്യാണം കഴിക്കണ്ട. പെണ്ണിനെ കണ്ട് ഇഷ്ടമായി അതിന്റെ രീതിക്ക് മതി” സച്ചി ചിരിച്ചു.

“നിങ്ങളാ ടോപ്പിക്ക് വിട്ടേ , അല്ലേ തന്നെ വീട്ടിലും സമാധാനമില്ല. ഇനി നീയൊക്കെ തൊടങ്ങിക്കോ. ഞാൻ കല്യാണം കഴിക്കുന്നില്ല , തീർന്നല്ലോ?” അതും പറഞ്ഞ് നവി എഴുന്നേറ്റു. “ഹാ , പോവല്ലെ” ചിന്നു അവനെ പിടിച്ച് അവിടെ തന്നെ ഇരുത്തി. “കല്യാണം വേണ്ട സമ്മതിച്ചു , അതിന് എന്തെങ്കിലും കാരണം വേണ്ടേ?” സച്ചി അവനെ നോക്കി. “അല്ല മോനെ , ഇനി നിന്റെ ഈ അഞ്ചേമുക്കാലടി ബോഡിയിൽ നമ്മളറിയാത്ത വല്ല നിരാശാകാമുകനും കൂടിയിട്ടുണ്ടോ?” വിക്കി ചിരിച്ചുകൊണ്ട് ചോദിച്ചു. “അയിന് നീ അല്ലല്ലോ ഞാൻ?” അത് ഇഷ്ടപ്പെടാത്ത പോലെ നവി ചോദിച്ചു. “അതല്ലേ ഞാൻ നിന്നോട് ചോദിച്ചേ” വിക്കി പിന്നെയും ചിരിച്ചു. “പോയെ പോയെ , ഇവിടെ ഇരുന്നാ ശരിയാവില്ല”

Leave a Reply

Your email address will not be published. Required fields are marked *