അമ്മ അത് കാര്യമാക്കിയില്ല എന്ന് കണ്ടപ്പോൾ എന്റെ നേരയായി.
ഞാനൊന്ന് ചിരിച്ചു. നല്ല വിശപ്പുണ്ടായിരുന്നോണ്ട് അത്യാവശ്യം നന്നായിത്തന്നെ കഴിച്ചു.
അത് കഴിഞ്ഞ് കുറേനേരം സംസാരിച്ചൊക്കെ ഇരുന്നു.
” എങ്കി നിങ്ങളിറങ്ങിക്കോ… ഇല്ലേലങ്ങെത്താൻ വൈകും… ”
അച്ഛൻ പറഞ്ഞത് കേട്ട് ഞാനൊട്ട് സംശയത്തോടെ അവരെ നോക്കി.
” അപ്പൊ… അപ്പൊ നിങ്ങള് വരുന്നില്ലേ…! ”
അമ്മയെ നോക്കിയായിരുന്നു ചോദിച്ചത്.
” ഞങ്ങള് കുറച്ചൂസം കഴിഞ്ഞ് വരാടാ… അവിടെ നിങ്ങടെ കൂടെ ഒരാഴ്ചനിന്നിട്ടെ നാട്ടിലേക്ക് പോവൂ… ”
” നാട്ടിലേക്കോ… ഇവിടെ നിന്നൂടെയമ്മേ…! ”
” നീയൊന്ന് പോയേ മോനു… ഇപ്പൊത്തന്നെ രണ്ടാഴ്ച കഴിഞ്ഞു അവിടന്ന് പോന്നിട്ട്… പോവാണ്ടിരുന്ന അവിടുത്തെ കാര്യന്നോക്കാനാരാ… ഇപ്പൊത്തന്നെ ശങ്കരേട്ടനെയേല്പിച്ചിട്ട വന്നേ… ഇനിയും വൈകിയാ അയാൾക്കതൊരു ബുദ്ധിമുട്ട് ആവും. ”
ശങ്കരൻ എന്ന് പറയുന്നത് നാട്ടിലെ ഞങ്ങളുടെ അയൽക്കാരനാണ്.
ഇവര് തിരിച്ച് പോവൂന്ന് പറയുമ്പോ എന്തോ ഒരു സങ്കടം.
” അമ്മേ ഞാനിവിടെ നിന്നോട്ടെ… ഇവരുടെകൂടെ… ”
അല്ലിയായിരുന്നു അത് ചോദിച്ചത്.
” ഇപ്പൊ വേണ്ട… നിനക്ക് ഇവിടെവന്ന് പഠിക്കണം എന്ന് പറഞ്ഞേയല്ലേ… അതൊന്ന് ആലോചിച്ചിട്ട് അയക്കാം നിന്നെയിങ്ങോട്ട്. ”
അമ്മ പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു.
പക്ഷേ ഇവരെ വിട്ട് തിരിച്ച് ഫ്ലാറ്റിലോട്ട് പോവണമെന്ന് ആലോചിച്ചപ്പോൾ എന്തോ ഒരു സങ്കടം.
കുറച്ച് നേരം കൂടെ അവിടെ ചിലവഴിച്ച് ഞാനും താടകയും അവിടെനിന്ന് ഇറങ്ങി.
ഇവിടേക്ക് വരുമ്പോഴുണ്ടായിരുന്നപോലെ ഒരു മൗനം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.
എന്നാൽ ഇവിടേക്ക് വന്നപ്പോൾ ഉണ്ടായിരുന്ന മനോഭാവം അല്ല ഇപ്പോൾ.
മനസൊന്നു ശാന്തമായി.
തടകയെ കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല. അവളിപ്പോഴും എന്തൊക്കെയോ മറച്ചുവെക്കുന്നതായി എനിക്ക് തോന്നുന്നു.
ഞങ്ങൾ ഫ്ലാറ്റിൽ എത്തുമ്പോൾ അമ്മു ജിൻസിയുടെ കൂടെ അവിടെയിരിക്കുന്നുണ്ടായിരുന്നു. അവൾ പ്രോജെക്ടിന്റെ ഭാഗമായി ചെന്നൈ വരെ പോയേക്കുകയായിരുന്നു. അവിടന്ന് നേരെ ഇവിടെക്കാണ് വന്നതെന്ന് തോന്നുന്നു. കാരണം അവളുടെ ബാഗ് ഒക്കെ അവിടെ അടുക്കി വച്ചിട്ടുണ്ട്.