“അമ്മെ, രക്ഷിക്കണേ…..”
ആർത്തുലച്ചു വന്ന മഴ, നിലത്തു താളംകെട്ടി കിടന്ന രക്തത്തെ അതിനൊപ്പം കൂട്ടി, ഒഴുകുന്ന അരുവിയിൽ കൊണ്ട് വിട്ടു. അരുവി ഇതറിയാതെ ഒഴുകിക്കൊണ്ടിരുന്നു.
കൊടുംകാടിനാൽ ചുറ്റപ്പെട്ട നരിമലഗ്രാമം ഇതൊന്നുമറിയാതെ സുഖസുഷുപ്തിയിലാണ്ടു.
***********************
അപ്പൂട്ടൻ രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു, സൂര്യൻ പോലും ഉണർന്നിട്ടില്ല, നരിമല ഗ്രാമം ഇന്നലെ പെയ്ത പെരുമഴയുടെ ആലസ്യത്തിൽ ഉറക്കത്തിലാണ്ടു കിടന്നു. അവനു മാത്രം ഉറങ്ങാൻ പറ്റില്ല, ഇന്ന് ചന്തയുള്ള ദിവസമാണ്, കുറച്ചു നാളുകളായി പകൽ കോളേജിൽ പോയി വന്നതിനു ശേഷം കാട് കയറി അവൻ ശേഖരിച്ച കുറച്ചു തേനും, വള്ളിനാരങ്ങയും, കുടംപ്പുളിയും ഉണ്ട് അത് കൊണ്ട് പോയി വിൽക്കണം. വിഷുവാണ് വരുന്നത് മങ്കുവിന് ഒരു ജോഡി ഡ്രസ്സ് വാങ്ങി കൊടുക്കാം എന്ന് താൻ വാക്കു പറഞ്ഞതാണ്. അവൻ ഉറങ്ങി കിടക്കുന്ന കുഞ്ഞനിയനെ നോക്കി, മങ്കു, മഹേശ്വരൻ. നല്ല പേരാണ്, അച്ഛൻ ഇട്ടതാണ്.
ഈ നാട്ടിലെല്ലാവരും പഴയ രീതികളാണ്, പട്ടണത്തിൽ നിന്നും ഒരുപാട് അകന്ന ഒരു നാട്, ചുറ്റും കാടുള്ളതു കൊണ്ട് പെട്ടന്നാരും ഇങ്ങോട്ടു കടന്നു വരില്ല. അച്ഛൻ ഫോറസ്‌റ്റ് ഓഫീസർ ആയിരുന്നു. ഒരു പൗർണമി നാളിൽ, ചുള്ളിയോടിക്കാൻ പോയ ഒരു കുട്ടിയെ തിരഞ്ഞു കാടു കയറിയതാണ്. പിന്നെ ആരും അച്ഛനെ കണ്ടിട്ടില്ല. ഇവിടത്തെ ആളുകൾക്ക് അതൊരു സാധാരണ സംഭവം ആയിരുന്നു, ചോദിച്ചാൽ അതിനവർ നൂറുകൂട്ടം കെട്ടുകഥകളും പറയും. ആ ആധിയിൽ അമ്മയും പോയി, അന്ന് മങ്കു മുട്ടിൽ ഇഴയുന്ന പ്രായം ആണ്. ഇപ്പോൾ അവൻ ഇപ്പോൾ മൂന്നാം തരത്തിൽ എത്തി. അവൻ കുഞ്ഞായിരിക്കുമ്പോൾ താൻ പെട്ട പാട്. അവനെ ഒരിക്കലും പട്ടിണിക്കിട്ടിട്ടില്ല. അവൻ വെറുതെ ഒരു നെടുവീർപ്പിട്ടു. തനിക്കിനി അവൻ മാത്രമേ ഉള്ളു, അവന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെങ്കിലും സാധിച്ചു കൊടുക്കണം.
ഇരുപത്തിമൂന്ന് വയസ്സ് ഉള്ളു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.എല്ലാ കാര്യങ്ങളും അവൻ തന്നെ ചെയ്യണം, കാടിനോട് ചേർന്നൊരു വീടും പറമ്പും ഉണ്ട്. പക്ഷെ ജീവിക്കാൻ അത് പോരല്ലോ. എല്ലാപണികളും അപ്പൂട്ടൻ ചെയ്യും.