വീടിന്റെ പടികൾ ഇറങ്ങി, അവൻ തിരിഞ്ഞു നിന്ന് വീടിന്റെ പേര് വായിച്ചു.
“കൊട്ടാരം വീട്”.
കഞ്ഞികുടിക്കാൻ വകയില്ലാത്തവൻ്റെ വീട്ടുപേരാണ്, ‘കൊട്ടാരം വീട്’. അവൻ വെറുതെ ചിരിച്ചു കൊണ്ട് നടന്നു.
അപ്പൂട്ടൻ, ‘കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ’ , അവൻ കാടുകേറുന്നതിനൊപ്പം വെറുതെ മനസ്സിൽ പറഞ്ഞു. പണ്ട് ജയറാമിന്റെ ഒരു പടം ഉണ്ടായിരുന്നു ആ പേരിൽ, ആ പടത്തിൽ നായികയുടെ പേര് അമ്പിളി എന്ന് തന്നെ ആണ്. അത് കണ്ടതിനു ശേഷം ഒരുപ്പാട് കൊതിച്ചിട്ടുണ്ട്, തന്നെ ആരെങ്കിലും അമ്പിളിയെ വച്ച് അതും പറഞ്ഞൊന്നു കളിയാക്കിയിരുന്നെങ്കിൽ എന്ന്. പക്ഷെ തൻ്റെ പേരു പോലും അധികം പേർക്ക് അറിവുണ്ടായില്ല, പിന്നെ അല്ലെ വീട്ടുപേര്. ഇതൊക്കെ അറിയാങ്ങി തന്നെ ആരെങ്കിലും, തന്നെയൊക്കെ ജയറാം ആയി സങ്കൽപ്പിക്കുമോ, ഒരിക്കലും ഇല്ല, അവൻ വെറുതെ മുഖത്തെ മുഴകളിൽ തഴുകി.
എങ്കിലും അമ്പിളിക്ക് പിന്നാലെ “ചന്ദനക്കുറി നീ അണിഞ്ഞതിൽ,…… എന്റെ പേര് പതിഞ്ഞില്ലെ….” എന്ന വരിയും പാടി ഒരുപ്പാട് കപട അപ്പൂട്ടൻ പൂവാലന്മാർ നടന്നിരുന്നു. അവൻ അതോർത്ത് ചിരിച്ചു.
കാടു കൂടുതൽ, കൂടുതൽ ഇരുണ്ടു വന്നു അവൻ്റെ മനസ്സെന്ന പോലെ.
************
പുഴക്കപ്പുറത്തെ തുകൽ ഫാക്ടറി……
മുതലാളി അന്ന് വളരെ ചൂടിൽ ആയിരുന്നു. തുകൽ ഒരിക്കലും കേടാവാതെ ഒരുപാട് നാൾ അതേപോലെ തന്നെ,ഭംഗിയിൽ ഇരിക്കാൻ ചേർക്കുന്ന പ്രത്യേക മിശ്രിതം “എക്സ്” അമേരിക്കയിൽ നിന്ന്, ഒരു വലിയ തുകക്ക് വരുത്തിയതാണ്. അത് ഉപയോഗിക്കണ്ട രീതി മാത്രം ആർക്കുമറിയില്ല.
മറ്റു ആസിഡുകൾക്കും, സംയുക്തങ്ങൾക്കും ഒപ്പം ചൂടാക്കി ഉപയോഗിക്കാം എന്ന ധീരമായ തീരുമാനം, പ്ലാന്റിലെ പ്രധാന ബംഗാളി ചോട്ടു എടുത്തു. മുതലാളി എതിർക്കാൻ നിന്നില്ല, ചോട്ടു എട്ടാം ക്ലാസ്സു വരെ പഠിച്ചിട്ടുണ്ട്. താൻ നാലാംക്ലാസ്സു വരെ കഷ്ടി ഉപ്പുമാവ് കഴിക്കാൻ സ്കൂളി പോയി എന്നെ ഉള്ളു. അവർ ബർണറിൽ ചൂടാക്കി കൊണ്ടിരുന്ന മറ്റു സംയുക്തങ്ങളിലേക്കു , ക്രൈൻ ഉപയോഗിച്ച് “മിശ്രിതം എക്സ്” വച്ചിരുന്ന വലിയ കണ്ടെയ്നർ ചെരിഞ്ഞു. മുഴുവനായും ഒഴിച്ചു.