ബനിയനിൽ നോക്കിയപ്പോൾ അവനു മനസ്സിലായി കഴിഞ്ഞയാഴ്ച , വിജ്ഞാനപരീക്ഷയിൽ കിട്ടിയ സമ്മാനതുകയാണ് ബനിയനായി തൻ്റെ കയ്യിൽ ഇരിക്കുന്നത്. പക്ഷെ ഇത്ര നല്ല ബനിയൻ ഈ നാട്ടിൽ കിട്ടില്ല, ഇത് പട്ടണത്തിൽ നിന്ന് വാങ്ങിയതാവണം. ഇതെങ്ങനെ!!!
“എന്തിനാണ് മങ്കു ഇതൊക്കെ, നിന്റെ അപ്പേട്ടൻ എന്താ സിനിമയിൽ അഭിനയിക്കണ നായകൻ ആണോ?, ഇത്ര കളർ ഉള്ള ഡ്രസ്സ് ഒക്കെ ഇട്ടു നടക്കാൻ.”
അവൻ കെറുവിച്ചു വഴക്കുപറഞ്ഞു,
“അപ്പേട്ടൻ എൻ്റെ ഹീറോ അല്ലെ, സൂപ്പർ ഹീറോ, അതോണ്ട് ഞാൻ അമ്പിളിയേച്ചിയെക്കൊണ്ട് ബനിയൻ പട്ടണത്തീന്നു വാങ്ങിപ്പിച്ചതാ”
“അമ്പിളിയോ അവള് വന്നിട്ടുണ്ടോ?”
“ആ, അമ്പിളിയെച്ചീടെ അമ്മക്കു വല്ലാണ്ട് വയ്യാണ്ട് ആയി കെടക്കായിരുന്നേ, അപ്പൊ അമ്പിളിയേച്ചി ഒരു മാസം ലീവെടുത്തു വന്നതാ, മിനിയാന്ന്, എന്നോട് കുരുവി പറഞ്ഞതാ,”
കുരുവി അമ്പിളിയുടെ പെങ്ങൾ ആണ് ശരിക്കുള്ള പേര് അരുവി ന്നാണ്, പക്ഷെ അതിലും നല്ല പേരല്ലേ കുരുവി.
“അപ്പോ ഞാൻ ഒരു ചോപ്പ ബനിയൻ വാങ്ങി കൊണ്ട് വരോ ചോയ്ക്കാൻ പറഞ്ഞു അപ്പേട്ടന് പാകത്തില്, ഒന്നും പറഞ്ഞില്ല പക്ഷേ ഭാഗ്യത്തിന് വാങ്ങിണ്ടായി.”
ഞാൻ എടുത്തു നോക്കി പോഴക്കം വളരെ കൂടുതൽ ആണ്, ഇത് ഞാൻ ഇട്ട ഹാങ്ങറിൽ തുണിയിട്ടപോലെ ഇരിക്കും, അവള് എന്നെ അടുത്ത് കണ്ടിട്ടെന്നെ ഒരുപാട് നാളായില്ലേ. എന്നാലും അമ്പിളി വാങ്ങിയതല്ലേ സൂക്ഷിച്ചു വെക്കാം.
“ഈ നടുക്കുള്ള മിന്നൽ എങ്ങനെ ഉണ്ട് അപ്പേട്ട,” അവൻ ആകംഷയിൽ ചോദിച്ചു
“വളരെ നന്നായിട്ടുണ്ട്, ഇത് ഞാൻ ഇട്ടാൽ, ഇടിവെട്ട് കിട്ടിയതാണോന്ന് ചോദിക്കണ്ട ആവശ്യം ഇല്ല, അവര് ഇത് കണ്ടു ഒറപ്പിച്ചോളും” ചിലനേരത്ത് നാവിൽ ഗുളികൻ വരും.
“അത് ഞാൻ വരച്ചതാണ്, ഫാബ്രിക് പെയിന്റ് വച്ച്, അതു അതിൽ ഇണ്ടാർന്നതു അല്ല, അപ്പേട്ടൻ എന്റെ സൂപ്പർഹീറോ ആയോണ്ട് വരച്ചതാ.”