ആദി രേഖയ്ക്കടുത്തേക്ക് നടന്നു, അവന്റെ ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകൾ കണ്ടതും അവൾക്ക് പേടിയായി,തനിക്കും ഒരടി പ്രതീക്ഷിച്ച് അവൾ കണ്ണുകളിറുക്കിയടച്ചു, എന്നാലവളെ ഞെട്ടിച്ചുകൊണ്ട് അവനവളെ ചേർത്തുപിടിച്ചു തലയിൽ തലോടി, കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി അവളനുഭവിച്ച ആത്മസംഘർഷം അവന് മനസിലാകുമായിരുന്നു. അവൾ നിറക്കണ്ണുകളോടെ അവന്റെ മുഖത്തേക്ക് നോക്കി അവൻ ഒന്നുമില്ല എന്ന് കണ്ണടച്ചു കാണിച്ച് അവളെയും കൊണ്ട് പുറത്തേക്ക് പോയി.
അവർ വീട്ടിലെത്തുമ്പോൾ സമയം കൃത്യം 1 മണിയായിരുന്നു, രാജനും ശോഭയും പുറത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു, അച്ഛനെയും അമ്മയെയും കണ്ടതും രേഖ കരഞ്ഞുകൊണ്ടവർക്ക് നേരെ ഓടി. അവരിരുവരും അവളെ കെട്ടിപിടിച്ച് നെറുകയിൽ മാറി മാറി ചുംബിച്ചു.
“മോളൊരുപാട് പേടിച്ചു പോയല്ലേ ”
അവളുടെ തലയിൽ തഴുകിക്കൊണ്ട് രാജൻ ചോദിച്ചു
അവളതെയെന്ന് തലയാട്ടി, ശോഭ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു, രേഖ ശോഭയുടെ നെഞ്ചിൽ ചാരി കിടന്ന് വിതുമ്പി, അതിലുണ്ടായിരുന്നു രണ്ടുപേരും എത്ര പേടിച്ചിരുന്നെന്ന്. രാജനും ആദിയും അത് നോക്കി നിന്നു. ആ കാഴ്ച്ച കണ്ട് ആദിക്കും കണ്ണ് നിറഞ്ഞിരുന്നു അതവർ കാണാതിരിക്കാൻ അവൻ അകത്തോട്ടു കയറാൻ നോക്കിയതും ശോഭ അവന്റെ കയ്യിൽ പിടിച്ചു നിർത്തി,
“മോന് അമ്മയോട് ദേഷ്യമാണെന്നറിയാം, സത്യങ്ങളോക്കെ മനസിലാക്കാൻ അമ്മ ഒരുപാട് വൈകിപ്പോയിടാ, അമ്മ മോനേ ഒരുപാട് ദ്രോഹിച്ചിട്ടിണ്ട്, എന്നാലും എന്റെ മോൾക്ക് ഒരു ആവശ്യം വന്നപ്പോ നീ മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളു. ഇതിനൊക്കെ പകരായിട്ട് നിനക്ക് ഞാൻ എന്താടാ തരേണ്ടത്. ” അവന്റെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ടു അവൾ വിഥുമ്പി
“എനിക്കും കൂടി ഇത്തിരി സ്നേഹം തന്നാ മതി അമ്മാ ” കണ്ണുനിറഞ്ഞെങ്കിലും അത് മറക്കാൻ ശ്രമിച്ചുകൊണ്ടവൻ പറഞ്ഞു
“നീ എന്റെ പൊന്നുമോനല്ലെടാ ” അവനെ തന്റെ നെഞ്ചോട് ചേർത്തവൾ കരഞ്ഞു.
അവനും അവളെ ഇറുക്കെ കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു, ഇത്രയും കാലം മനസ്സിൽ കൊണ്ടുനടന്ന വെറുപ്പും വിധ്വേക്ഷവുമെല്ലാം ആ കണ്ണീരിലിലലിഞ്ഞില്ലാതായി.
ആ കാഴ്ച്ച രാജനെയും രേഖയെയും ഏറെ കുളിരണിയിക്കുന്നതായിരുന്നു.
“അമ്മേ എനിക്ക് വിശക്കണു, കഴിക്കാനെന്താ ഇല്ലേ ” വയർ തടവിക്കൊണ്ട് ആദി ചോദിച്ചു
“അമ്മ ഒന്നും വച്ചില്ലടാ, ഇവള് പോയേപ്പിന്നെ ഞാനും നിന്റെ അച്ഛനും ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല, ഞാൻ ഇപ്പൊ തന്നെ എന്തേലും ഉണ്ടാക്കാം നിങ്ങൾ അകത്തേക്ക് കേറിയിരിക്ക് ” അതും പറഞ്ഞ് ശോഭ അകത്തേക്കോടി