എന്ത് ചെയ്യണം എന്നറിയാതെ നിന്ന അവരുടെ ഇടയിലേക്ക് എക്സ് പതിയെ നടന്നു വന്നു. അയാളുടെ കയ്യിൽ നിന്നാ ബിൽ വാങ്ങി അയാളുടെ തോളിൽ കൈ ഇട്ട് നിന്ന് കൊണ്ട് എന്തോ ചോദിച്ചു. അവൻ ചോദിക്കുന്നതിനൊക്കെ അയാൾ ശാന്തമായി മറുപടി പറയുന്നുണ്ട്. അയാളുടെ മുഖത്ത് അപ്പോൾ ദേഷ്യമല്ല പകരം ആശ്വാസമാണ് കണ്ടത്. അൽപ നേരം എന്തോ സംസാരിച്ചതിന് ശേഷം എക്സ് പൂജയുടെ നേരെ തിരിഞ്ഞു.
“പൂജ ഇയാളുടെ മകൾ ഇവിടെ അഡ്മിറ്റ് ആയിട്ടുണ്ടോ?” “ഉണ്ട് റൂം നമ്പർ 403, എന്താ പ്രശ്നം?” “ഇയാൾ പറയുന്നത് ഈ ബില്ലിൽ എന്തോ ക്രമക്കേട് ഉണ്ടെന്നാണ്, ദേ നോക്ക് ഇതിൽ പറഞ്ഞേക്കുന്ന 3 സ്കാനിംഗ് ആ കുട്ടിക്ക് നടത്തിയിട്ടില്ല പോലും പക്ഷേ ബില്ലിൽ അത് കാണിക്കുന്നുണ്ട്. അതിനെല്ലാം ചേർത്ത് 40000 രൂപയുടെ ബില്ലും കൊടുത്തിട്ടുണ്ട്.” അവൻ അവർക്ക് വിശദീകരിച്ചു നൽകി.
“പക്ഷേ അതെങ്ങനെ ഇവർക്ക് അറിയാം അത് നടത്തിയിട്ടില്ല എന്ന്, സ്കാനിംഗിന് പേഷ്യന്റ്‌സിനെ കൊണ്ടുപോകുന്നത് അറ്റെൻഡേർസ് ആണ് ബെസ്റ്റാൻഡേഴ്സനെ കൂടെ കൊണ്ടുപോകാറില്ലലോ, ഒരുപക്ഷെ ഇവർക്ക് അറിയാത്തത് ആണെങ്കിലോ?” മിഴി അവളുടെ സംശയം പറഞ്ഞു.
“ഇവരോട് ഇത് പറഞ്ഞത് ഇവരുടെ മോൾ ആണ്, എന്താണ് ആ കുട്ടിക്ക് അസുഖം?”
“ആ കുട്ടിക്ക് കിഡ്‌നിയുടെ കുറച്ച് പ്രോബ്ലെംസ് ആണ്.”
“ഓക്കേ നിങ്ങൾ എന്നാൽ ആ കുട്ടിയോട് ഒന്ന് സംസാരിക്ക്, എന്നിട്ട് അവളെ സ്കാനിംഗ്ന് കൊണ്ടുപോയ അറ്റെൻഡേഴ്സനോടും ചോദിക്ക് അപ്പൊ അറിയാല്ലോ സംഭവം. ഇവർ ഏതോ പാവപ്പെട്ട കുടുംബത്തിലെ ആണെന്ന് തോന്നുന്നു, 40000 ഒന്നും ഇവർ താങ്ങില്ല.” എക്സ് പറഞ്ഞു നിർത്തി.
“എക്സ്, നിനക്ക് എന്നാൽ ആ കുട്ടിയോട് ഒന്ന് സംസാരിക്കാവോ പ്ലീസ്? ഞങ്ങൾക്ക് ഭാഷ മനസിലാവില്ല അതുകൊണ്ടാ.” പ്രിയ അവനെ നോക്കി ചോദിച്ചു.
“ഓ അതിനെന്താ, വാ ഇപ്പൊ തന്നെ ചോദിക്കാല്ലോ.” അവരെല്ലാം കൂടി റൂം 403 ലക്ഷ്യമാക്കി നടന്നു. **************************
“എക്സ്… താൻ ആള് കൊള്ളാല്ലോ സംഭവം ശെരിയായിരുന്നു, ബില്ലിങ്ങിൽ വന്ന മിസ്റ്റേക്ക് ആണ്. മാനേജർ എല്ലാത്തിനേം നിറുത്തി പൊരിക്കുന്നുണ്ട്. അല്ല തനിക്ക് അപ്പൊ ഏതൊക്കെ ഭാഷ അറിയാം? അയാൾ ഏത് ഭാഷയാ സംസാരിച്ചത്?” മിഴി അവളുടെ ചോദ്യങ്ങളുടെ കെട്ടഴിച്ചു വിട്ടു.