പിന്നീട് ഉള്ള ദിവസങ്ങളിൽ അവരുടെ ഇടയിലെ സൗഹൃദം വളർന്നു, എല്ലാവരോടും വളരെ ഹൃദ്യമായ പെരുമാറ്റം ആയിരുന്നു അവന്റെ. അത്കൊണ്ട് തന്നെ സ്റ്റാഫ്‌സും അടുത്ത റൂമിലെ പേഷ്യന്റ്സ് വരെ അവനോടു അടുത്തു. എക്സ് എന്ന പേരിൽ തന്നെ അയാൾ ആ ഹോസ്പിറ്റലിൽ അറിയപ്പെടാൻ തുടങ്ങി. മിഴിയിലൂടെ അയാളുടെ സൗഹൃദം പൂജയിലേക്കും ശിവാനിയിലേക്കും പ്രിയയിലേക്കും വളർന്നു. തന്റെ രോഗിയുടെ മാറ്റത്തിൽ ഡോക്ടർ മേത്തയ്ക്കും സന്തോഷം തോന്നി. എന്നാൽ ഡോക്ടർ പോൾ അയാളുടെ സ്ഥായി ഭാവം തന്നെ തുടർന്നു. ************************** മരുന്നിന്റെ ക്ഷീണം കാരണം അയാൾ മയക്കത്തിൽ ആയിരുന്നു. ഇടയ്ക്ക് എപ്പഴോ കണ്ണ് തുറന്നപ്പോൾ തനിക്ക് അരികിൽ ടേബിളിൽ ഇരുന്ന് എന്തോ എഴുതുന്ന മിഴിയെ ആണ് കണ്ടത്.
“ഗുഡ്മോർണിംഗ്… ഇതെപ്പോ വന്നു?” “മോർണിംഗ് എക്സ്…. വന്നിട്ട് കൊറച്ച് നേരായി നോക്കുമ്പോ നീ ഒരേ ഉറക്കം അതാ വിളിക്കാഞ്ഞത്.” “ഞാൻ എഴുന്നേറ്റത് ആയിരുന്നു, പിന്നെ വെറുതെ ഒന്ന് കണ്ണടച്ചതാ മയങ്ങി പോയി. ഈ മരുന്നെല്ലാം കൂടെ കുത്തി കേറ്റി എന്നെ മയക്കി ഇട്ടേക്കുവല്ലേ നിങ്ങൾ.” “ആഹ് ഇനി അത് പറ… ഈ മരുന്നൊക്കെ ഉള്ളത്കൊണ്ടാ ഇപ്പൊ നീ ഇങ്ങനെ ഇരിക്കുന്നത് അല്ലേ അന്നത്തെ പോലെ കിളി പോയി ഇരിക്കേണ്ടി വന്നേനെ.” അവൾ പറഞ്ഞു ചിരിച്ചു, കൂടെ അവനും. “നീ എന്താ ഈ എഴുതി കൂട്ടുന്നത്?” “ഓ എഴുതുവല്ല, വെറുതെ ഇരുന്നു ബോർ അടിച്ചപ്പോ ഒരു പടം വരച്ചു നോക്കിയതാ ദേ കണ്ടോ എങ്ങനുണ്ട്??” “കൊള്ളാം കൊള്ളാം…. നടക്കട്ടെ.”
വെളിയിൽ ആരുടെയോ ഒച്ചയും ബഹളവും കേട്ട് അവർ രണ്ട് പേരും വേഗം അങ്ങോട്ട് ശ്രദ്ധിച്ചു. “എന്താ അവിടെ?” “നീ കിടന്നോ ഞാൻ പോയി നോക്കിട്ട് വരാം.” മിഴി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി. ഏതോ ഒരു ഭാര്യയും ഭർത്താവും പൂജയോടും പ്രിയയോടും ദേഷ്യപ്പെട്ടു സംസാരിക്കുന്നു. ഭാഷ ഹിന്ദിയും അല്ല ഇംഗ്ലീഷും അല്ല മറാത്തിയും അല്ല അത്കൊണ്ട് തന്നെ അവർക്ക് ഒന്നും മനസിലാകുന്നില്ല. മിഴി അവരുടെ അടുത്തേക്ക് ചെന്നു പൂജയോട് കാര്യം തിരക്കി. “എന്താടി പ്രശ്നം? ഇവർ എന്തിനാ ഒച്ചയുണ്ടാക്കുന്നെ?” ആൾകാരെല്ലാം അവരെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. “എനിക്ക് ഇയാൾ പറയുന്നത് മനസിലാകുന്നില്ല, കന്നഡയോ തെലുങ്കോ മറ്റോ ആണ്, ഇയാൾ വേറെ ഒരു ഭാഷയും സംസാരിക്കുന്നില്ല.” മിഴി അയാളെ നോക്കി അയാളുടെ കയ്യിൽ ഒരു ഹോസ്പിറ്റൽ ബിൽ ഉണ്ട് അത് കാണിച്ചാണ് അയാൾ എന്തോ പറയാൻ ശ്രമിക്കുന്നത്. എന്നാൽ ആർക്കും ഒന്നും മനസിലായില്ല. അയാളുടെ ശബ്ദം ഇടയ്ക്ക് ഒന്ന് ഇടറുന്നത് പോലെ തോന്നി.