“അല്ല… ഈ ഹോസ്പിറ്റൽ ബിൽ ഒക്കെ എങ്ങനാ അപ്പൊ?” അയാൾ പെട്ടെന്ന് വെപ്രാളത്തോടെ ചോദിച്ചു. അയാളുടെ ആ ഭാവം കണ്ട് അവൾക്ക് ചിരി പൊട്ടി. അവൾ കാര്യങ്ങൾ എല്ലാം വിശദീകരിച്ചു കൊടുത്തു. “എനിക്ക് ഇതിനൊക്കെ എങ്ങനാ ഇയാളോട് നന്ദി പറയണ്ടേ എന്നറിയില്ല, വെറും നന്ദിയിൽ ഒന്നും ഇത് ഒതുക്കാനും പറ്റില്ല. നിങ്ങൾ എന്തിനാ ഇത്രയും ബുദ്ധിമുട്ടിയത് എനിക്ക് വേണ്ടി?” എല്ലാം കേട്ട് കഴിഞ്ഞ് അയാൾ അവളെ ബഹുമാനത്തോടെ നോക്കി ചോദിച്ചു.
“ആഹ് അത് ഞങ്ങളുടെ പ്രൊഫഷന്റെ ഭാഗം ആണ് ഈ ബുദ്ധിമുട്ടൊക്കെ അത്കൊണ്ട് അതോർത്തു വിഷമിക്കണ്ട, ഇതൊക്കെ എന്റെ ജോലി ആണെന്ന് കരുതിയാ മതി.” അവൾ കളിയായി തന്നെ പറഞ്ഞു.
“ഞാൻ ഒരു കാര്യം ചോദിച്ചാൽ മിഴി സത്യം പറയുവോ?” “ചോദിക്ക്, എന്നെകൊണ്ട് ആവുന്നത് ആണേൽ പറയാം.” “എന്താണ് എന്റെ അവസ്ഥ ഇപ്പൊ? എനിക്ക് ഓർമ്മ വരുവോ? ഡോക്ടർ എന്താ പറഞ്ഞത്?” അയാളുടെ ചോദ്യം അവളെ ഒന്നുലച്ചു. മുഴുവനായി പറഞ്ഞില്ല എങ്കിലും അവൾ ചെറിയ രീതിയിൽ ഒരു വിശദീകരണം നൽകി. എല്ലാം കേട്ട് കഴിഞ്ഞ് അയാൾ വീണ്ടും ദൂരേക്ക് നോക്കി ഇരുന്നു.
“ആഹ് മതി ഇങ്ങനെ ഇരുന്നത്, കാലിങ്ങനെ എപ്പഴും തൂക്കി ഇട്ട് ഇരുന്നാൽ കാലിൽ നീര് വരും. ഇനി കുറച്ച് നേരം പോയി കിടക്ക്.” അയാളുടെ മൂഡ് മാറുന്നു എന്ന് കണ്ട് അവൾ വിഷയം മാറ്റാനായി പറഞ്ഞു.
അയാൾ എഴുനേറ്റ് വാക്കർ എടുത്ത് കട്ടിലിന്റെ അരികിലേക്ക് നടന്നു. കിടക്കാൻ അവൾ അയാളെ സഹായിച്ചു. “കുറച്ച് നേരം ഉറങ്ങിക്കോ മരുന്നൊക്കെ നല്ല സെഡേഷൻ ഉള്ളതാ പെട്ടെന്ന് ഉറങ്ങിക്കോളും.” അവൾ പറഞ്ഞത് കേട്ട് അയാൾ ഒന്ന് പുഞ്ചിരിച്ചു.
“അല്ല… ഞാൻ ഇയാളെ എന്താ വിളിക്കേണ്ടത്?” “എന്നെയോ…? എന്നെ എന്ത് വേണേ വിളിക്കാല്ലോ ഇപ്പൊ, മിഴി തന്നെ ഒരു പേര് കണ്ടെത്തി വിളിച്ചോ, തന്റെ പോലെ തന്നെ വെറൈറ്റി പേരായിക്കോട്ടെ.” അയാൾ വീണ്ടും ചിരിച്ചു.
“ഒരു പേരുണ്ട്…” “പറ കേക്കട്ടെ.” “എക്സ്…എങ്ങനുണ്ട് വെറൈറ്റി അല്ലേ?” “എക്സോ..? ഓ മനസിലായി കണക്കിൽ ഉള്ള എക്സ്…. സ്വന്തം വില അറിയാത്തവൻ അല്ലേ (x), ഈ സാഹചര്യത്തിന് പറ്റിയ പേരാണ്.” “അയ്യോ അങ്ങനൊന്നും വിചാരിക്കണ്ട ഞാൻ ഒരു തമാശയ്ക് പറഞ്ഞതാ.” “എയ് സാരമില്ല… അങ്ങനെ തന്നെ വിളിച്ചോ എനിക്ക് ഇഷ്ടായി ഈ പേര്.” “മം… എന്നാ എക്സ് കിടന്നു ഉറങ്ങു കുറച്ച് നേരം. ഞാൻ അപ്പോഴേക്കും വാർഡിൽ ഒന്ന് പോയി വരാം.” “ഓക്കേ…”