അത് കേട്ടതും ആ അഘോരിയുടെ കണ്ണുകൾ തീക്കട്ട പോലെ ചുവന്നു.
വടിയിൽ അയാളുടെ വിരലുകൾ മുറുകുന്നത് കണ്ട് സാരംഗിയും ചെറുതായി ഭയന്നു.
പൊടുന്നനെ കയ്യിലുണ്ടായിരുന്ന വടി ആ അഘോരി സന്യാസി സാരംഗിയുടെ കാറിന് നേരെ എറിഞ്ഞു.
അവളുടെ കാറിൽ കൊണ്ടു തെറിച്ച ആ വടി തിരികെ വന്നു അവളുടെ പുറത്താണ് കൊണ്ടത്.
ആഹ്ഹ്ഹ്
പുറത്ത് വടി കൊണ്ടതും സാരംഗി അലറി വിളിച്ചു.
കാരണം അവൾക്ക് നന്നേ വേദനിച്ചിരുന്നു.
എന്നാൽ വടി പുറത്ത് വന്നടിച്ചതിന്റെ ശക്തിയിൽ അവൾ മുന്നിലേക്ക് തെറിച്ചു പോയി.
അഘോരി സന്യാസിയുടെ നേരെയാണ് അവൾ എത്തപ്പെട്ടത്.
തന്റെ കണ്മുന്നിൽ അവൾ എത്തിയതും ആ അഘോരി തന്റെ തള്ളവിരൽ അവളുടെ നെറ്റിയിൽ ചേർത്തു വച്ചു.
ആ വിരൽ സ്പർശനമേറ്റതും സാരംഗി തറഞ്ഞു നിന്നു.
എന്തൊക്കെയോ നിഴൽ ചിത്രങ്ങൾ അവളുടെ ബോധമണ്ഡലത്തിലേക്ക് വന്നു മറഞ്ഞു പോകുന്ന പോലെ.
ഒരുപാട് നിഴൽ ചിത്രങ്ങളുടെ ഒഴുക്ക് സാരംഗിയുടെ കുഞ്ഞു തലയിൽ മിന്നിമറഞ്ഞു.
അവൾക്കിപ്പോ തന്റെ തല പൊട്ടി ചിതറുമെന്ന് വരെ തോന്നിപോയി.
സാരംഗി അസഹനീയമായ തലവേദന കാരണം റോഡിലേക്ക് വേഗം മുട്ടു കുത്തിയിരുന്നു.
പയ്യെ അവളുടെ ബോധമനസിലേക്ക് വന്ന ചില നിഴൽ ചിത്രങ്ങൾ കൂടുതൽ മിഴിവായി തുടങ്ങി.
ആരുടെയൊക്കെയോ കാൽപെരുമാറ്റങ്ങൾ.
മനുഷ്യരുടെയും ആക്രോശങ്ങൾ.
കുതിരകളുടെ കാൽ കുളമ്പടികളും ചിനയ്ക്കലും.
വാൾ മുനകൾ തമ്മിൽ കൊമ്പ് കോർക്കുന്ന സംഗീതം.
സാരംഗി ഒരു ചലച്ചിത്രം പോലെ കാണുകയായിരുന്നു.
തൂവെള്ള നിറമുള്ള ഒരു സുന്ദരൻ കുതിര.
അതിന്റെ മുകളിൽ ഇരുന്നു വാൾ വീശുന്ന അതി സുന്ദരിയായ ഒരു പെൺകൊടി.
പത്തോ പതിനഞ്ചോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്ണ്.
അവൾ അതി സമർത്ഥമായി എതിരെയുള്ളവരോട് പട വെട്ടുകയാണ്.
മെയ്വഴക്കമുള്ള ഒരു അഭ്യസിയെ പോലെ അവൾ അവരെയൊക്കെ അരിഞ്ഞു തള്ളി.
പുലിത്തോൽ ഉടയാടക്ക് സമാനമായി അണിഞ്ഞിരുന്ന ആ അപൂർവ സൗന്ദര്യ ധാമത്തെ കണ്ടു സാരംഗി പോലും അസൂയപ്പെട്ടു പോയി.
അവൾ ഒരു കാനന പുത്രി ആയിരുന്നു.
കാടിന്റെ മകൾ.
വനദേവതയുടെ ആശീർവാദമുള്ള ഒരു അപ്സര കന്യക