“ഹം!” വൈഷ്ണവി എന്നെ കുശുമ്പോടെ നോക്കി അങ്ങോട്ടുമിങ്ങോട്ടും കവിൾ വെട്ടിച്ചുകൊണ്ട് അവളുടെയൊരു സ്‌ഥിരം നടപ്പ് നടന്നു. ഞങ്ങളുടെ വീട്ടിൽ നിന്നും ഇച്ചിരി ഉള്ളിലേക്ക് ആണ്. ട്യൂഷൻ സെന്റർ ഒരു കിലോമിറ്റർ കാണും. ഇരുട്ട് മൂടുമ്പോ അവിടെ മദ്യപാനികളുടെ ഒരു സംഘം തടിച്ചുകൂടുന്നത് പതിവാണ്. ആ പേടികൊണ്ടാണ് അമ്മയെന്നെ അവളെ ക്‌ളാസ് കഴിയുമ്പോ തിരികെ കൂട്ടാൻ നിർബന്ധിക്കുന്നതും, പിന്നെ അച്ഛന്റെ സ്‌പ്ലെൻഡർ ഓടിക്കാനുള്ള ഒരു അവസരം കൂടെയല്ലേ എന്നുള്ളതുകൊണ്ട് പോകുന്നു. അച്ഛനത് അനിയത്തി പ്രാവ് കണ്ടതിനു ശേഷം വാങ്ങിച്ചതാണ്. അതെ ചുവന്ന കളർ തന്നെ! അതിനോട് എനിക്കുമൊരു ഇഷ്ടമുണ്ട്, എല്ലാരുടെയും ജീവിതത്തിലെ പ്രണയം എന്ന് പറയുന്നത് അനിയത്തിപ്രാവിലെപ്പോലെ നിഷ്കളങ്കം ആവുമോ. ആവൊ!! പക്ഷെ അച്ഛന്റെയും അമ്മയുടെയും കല്യാണം തീർത്തും അതുപോലെ ആയിരുന്നു. പരസ്പരം പറയാതെ പ്രണയിച്ചവർ! അച്ഛന്റെ മുറപ്പെണ്ണായിരുന്നു ലക്ഷ്മി എന്ന എന്റെയമ്മ, അമ്മയ്ക്ക് കല്യാണം ഉറപ്പിച്ചപ്പോൾ പോലും ഇരുവരും പ്രണയം തുറന്നു പറഞ്ഞിരുന്നില്ല. പക്ഷെ കല്യാണം ഉറപ്പിച്ച അമ്മയെ അച്ഛൻ കാണാൻ വന്നതും അമ്മ എല്ലാരുടെയും മുന്നിൽ വെച്ച് നിയന്ത്രണം വിട്ടു കെട്ടിപിടിച്ചതും ഉറപ്പിച്ച കല്യാണം മുടങ്ങുകയും ചെയ്തു. ഈ കഥകളൊക്കെ അമ്മയുടെ അമ്മ പറഞ്ഞതാണ് കേട്ടോ. എങ്കിൽപ്പോലും എനിക്കങ്ങനെ അമ്മായിയുടെ മകളൊന്നുമില്ല. ആൺകുട്ടികളാണ് അമ്മാവനും അമ്മായിയ്ക്കും!
വൈഷ്ണവിയിലേക്ക് വരാം, ആളെന്റെ പുന്നാര പെങ്ങളൂട്ടി ആണെങ്കിലും ഞാനുമവളും തമ്മിൽ ഇടയ്ക്ക് ചെറിയ വഴക്കൊക്കെ ഉണ്ടാക്കാറുണ്ട്, അത് പിന്നെയെല്ലാ വീട്ടിലും ഒരു പ്രായം വരെ ആങ്ങളയും പെങ്ങളും കൊത്തി കടിക്കുന്ന പതിവുണ്ടാകുമല്ലോ! എനിക്ക് ദേഷ്യം പിടിക്കാനുള്ള കാര്യം അച്ഛനും അമ്മയ്ക്കും അവളാണ് പ്രിയം അതുകൊണ്ടാണ് കേട്ടോ! പിന്നെ ഈയിടെ അവളെന്നോട് കാര്യമില്ലത്ത ഒരു കാര്യത്തിനു പിണങ്ങിയതും പറഞ്ഞു “ഇനിയെന്റെ ഒരു സഹായവും ആവശ്യമില്ലെന്ന്” എനിക്കതു കേട്ട് ചിരിയാണ് വന്നത്. ഞങ്ങൾ രണ്ടും ഒരേ ബെഡിന്റെ ഇരു മൂലയിൽ ആണ് കിടക്കുന്നത് കേട്ടല്ലോ. പക്ഷെ അവളെ പേടിപ്പിക്കാനായി പ്രേത സിനിമയിലെപ്പോലെ കുറുക്കന്റെ മൂളൽ ഉണ്ടാക്കിയാൽ മതി അവൾ പേടിക്കും, പേടിക്കമാത്രമല്ല കട്ടിലിൽ പയ്യെ പയ്യെ നീങ്ങി നീങ്ങി അവളുടെ കൊലുസിട്ട കാൽ എന്റെ കാലിൽ പയ്യെ മുട്ടിക്കും. അതറിയുമ്പോ ഞാൻ വിരലും കടിച്ചു ചിരിക്കും! ഉള്ളിൽ അത്രെയും ഞങ്ങൾ തമ്മിൽ സ്നേഹമുണ്ടെന്നു വേണമെങ്കിൽ പറയാം! ഉം!!!