പക്ഷെ നേരിയ ലൈറ്റ് വെളിച്ചത്തിൽ കാർത്തുവിന്റെ മുഖത്തെ ചിരിയിൽ എനിക്കൂഹിക്കാമായിരുന്നു. കള്ളി!! എന്നെയിട്ടു വട്ടം കറക്കുന്നതിൽ എന്ത് സന്തോഷമാണാവോ ഉള്ളത്….
അൽപ നേരം തണുത്ത കാറ്റ് അവളെ കഴുത്തു കോച്ചിപ്പിടിക്കുന്നത് തുടർന്നു കൊണ്ടിരിന്നു, അതിനാലാകാം കാർത്തു വൈകാതെ വീടിന്റെ ഉള്ളിലേക്ക് കയറി കതകടച്ചത്. ഞാനും ബെഡിലേക്ക് കിടക്കാൻ വന്നപ്പോൾ വൈശു നല്ലഉറക്കമാണ്.
പിറ്റേന്ന് കാലത്തു ഞാൻ നേരത്തെ എണീറ്റപ്പോൾ വൈശു സ്‌കൂൾ പോകാൻ റെഡിയാകുകയിരുന്നു. രണ്ടു സൈഡിലും മുടി പിന്നുന്ന തിരക്കാണ്. താഴെ വന്നപ്പോൾ കാർത്തു കുളിച്ചു വൃത്തിയായി പച്ച നിറത്തിലുള്ള കോട്ടൺ സാരിയും മാച്ചിങ് ബ്ലൗസും ഇട്ടുകൊണ്ട് തലയിൽ ഒരു തോർത്തും കെട്ടി നിന്നുകൊണ്ട് പ്ളേറ്റിൽ നിന്നും ചൂട് ഇഡ്ലിയും ചുവന്ന ചട്ണിയും കൂട്ടി കഴിക്കുന്നു.
എന്നെ കണ്ടതും കാർത്തുവിന്റെ കഴിപ്പിന്റെ വേഗം കൂടിയോ എന്നൊരു സംശയം എനിക്ക് തോന്നി. അന്നേരം തൊണ്ടയിൽ കുടുങ്ങി ചുമച്ചതും ഞാൻ വേഗം കാർത്തുവിന്റെ അടുത്തേക്ക് നടന്നു, വെള്ളം ഗ്ലാസിൽ ഒഴിച്ചുകൊണ്ട് നേരെ നീട്ടി. കാർത്തു പ്ളേറ്റ് ടേബിളിൽവെച്ചുകൊണ്ട് ഗ്ളാസ്സ് എന്റെ കൈയിൽ നിന്നും വാങ്ങി ചിരിച്ചു.
ഭാഗ്യം! ചിരിക്കാനിപ്പോഴും മറന്നിട്ടില്ല!!
ഞാൻ അച്ഛനെ നോക്കിയപ്പോ അദ്ദേഹം തിരക്കിട്ടുള്ള പത്രം വായനയിലാണ്. ടീച്ചറെ ഉപദ്രവിച്ചയാളുടെ മരണവാർത്ത കോളത്തിൽ കണ്ടെന്നും പറഞ്ഞിട്ട് അമ്മയെയും ടീച്ചറെയും ഫോട്ടോ കാണിച്ചപ്പോൾ ടീച്ചർ അത് കാര്യമാക്കാതെ തിരികെ വീട്ടിലേക്ക് നടന്നു. എന്തായിരിക്കാം ടീച്ചറുടെ മനസ്സിലപ്പോൾ! എന്തായാലും തെല്ലൊരാശ്വാസം കിട്ടിക്കാണും!
സ്‌കൂട്ടിയുടെ ചാവി കയ്യിലുണ്ടോ എന്ന് അമ്മയോട് ടീച്ചർ ചോദിക്കുന്ന നേരം അച്ഛൻ ടീച്ചറെ നോക്കി ഒരു നിർദേശം വച്ചു.
“ടീച്ചറെ ഇവിടെന്നു പോകാൻ ഇഷ്ടത്തിന് ബസ് ഉണ്ടല്ലോ, പിന്നെ ഹൈ വെ ആയതുകൊണ്ട്, ഓടിക്കാൻ ഒരല്പം ബുദ്ധിമുട്ടും കാണും!”
“ശെരി”
ടീച്ചറത്തിനു സമ്മതിക്കുകയും ചെയ്തു. ശെരിയാണ് ടീച്ചർക്ക് കഴിഞ്ഞ സംഭവങ്ങൾ അത്ര പെട്ടന്ന് മറക്കാൻ ആവില്ലായിരിക്കും. അതൊരുപക്ഷേ സ്‌കൂട്ടി ഓടിക്കുമ്പോ വല്ല അപകടവും പറ്റിയാലോ! ആ തീരുമാനത്തിൽ എനിക്കും സന്തോഷം പകർന്നു.
അന്ന് വൈകീട്ട് ഞാൻ നേരത്തേയെത്തിയെങ്കിലും കാർത്തു വന്നിട്ടില്ലായിരുന്നു. അമ്മ കാർത്തുവിനെ കാണാതെ പിറുപിറുക്കുമ്പോ അച്ഛൻ പറഞ്ഞു നീയൊന്നു ബൈക്കിൽ പോയി കൂട്ടികൊണ്ട് വരാൻ!