ക്‌ളാസിൽ ഇരിക്കുമ്പോഴും കാർത്തുവിന്റെ കവിളിൽ മുത്തിയ ഓർമ്മകൾ വീണ്ടും വീണ്ടും എന്റെ മനസിലേക്ക് വന്നുകൊണ്ടിരുന്നു. വിപിനും ശ്യാമും എന്റെ മാറ്റങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ക്‌ളാസ് കഴിഞ്ഞതും അവരെയും കൂടി എന്റെ ചിലവിൽ ഞാൻ ഷാർജ ഷേക്കും പഫ്‌സും വാങ്ങിയും കൊടുത്തു. അവരുടെകൂടെ ഇരിക്കുമ്പോഴും വേഗം വീടെത്താനായിരുന്നു എന്റെ മനസ് പറഞ്ഞത്. ഞാൻ എത്തുമ്പോ കാർത്തു ബാഗും സാധങ്ങളും എടുത്തു വെക്കുന്നതാണ് കണ്ടത്.
അമ്മയും അച്ഛനും അടുത്തുണ്ടായിരുന്നു. ഞാൻ ചോദിച്ചു “ടീച്ചറെവ്ടെ പോകുവാ…?!”
“പെയിന്റ് പണി ഇന്ന് തീർന്നല്ലോ അപ്പൊ ടീച്ചർ ഇന്ന് തന്നെ മാറാമെന്നു പറയുവാ….” അമ്മ അതിനു മറുപടി പറയുമ്പോ ഞാൻ ടീച്ചറുടെ മുഖത്തേക്ക് നോക്കി. ഒരു ഭാവമാറ്റവും കാണാനില്ല. ഇനി എന്നോട് നല്ല ദേഷ്യം ഉണ്ടാകുമോ എന്ന് ഞാൻ അപ്പോഴാണ് ആലോചിച്ചത്, കാർത്തുവിന്റെ സമ്മതമില്ലാതെ കവിളിൽ മുത്തിയതിനു കലിപ്പിൽ ആണോ ഇനി?!
അച്ഛനും കാർത്തുവും കൂടെ സാധനങ്ങൾ തൊട്ടടുത്ത വീടിലേക്ക് എടുത്തു വെച്ചു. ഞങ്ങളുടെ കോമ്പൗണ്ടിൽ തന്നെയുള്ള ഓടിട്ട വീട്. രണ്ടു മുറികളും അടുക്കളയും മാത്രമുള്ള ഒരു കൊച്ചു വീട്.
കാർത്തു ഇന്നുമുതൽ അവിടെയാണ് താമസം. വൈശുവും അമ്മയും കുറച്ചു നേരമെവിടെ ചെന്നിരുന്നു. അടുക്കള ഉപയോഗിക്കാത്തത് കൊണ്ട് പാല് കാച്ചലൊന്നും വേണ്ടാന്നും അച്ഛൻ പറഞ്ഞു. ഡിന്നറിനു വേണ്ടി എല്ലാരും വീണ്ടും ഞങ്ങളുടെ തീന്മേശയിൽ ഒത്തുകൂടിയിരുന്നു, അമ്മയോടും വൈശുവിനോടും കാർത്തു ചിരിച്ചു സംസാരിക്കുമ്പോ എന്നോട് മാത്രം ഒന്നും മിണ്ടാതെയിരുന്നത് എനിക്ക് ചെറിയ ഖേദമുളവാക്കി.
പക്ഷെ ശേഷം തിരികെ കാർത്തു അപ്പുറത്തേക്ക് പോകാൻ നേരം ഞാൻ സോഫയിൽ കിടപ്പായിരുന്നു. ഞാനും മൈൻഡ് ചെയ്യില്ല എന്ന് വെച്ചപ്പോൾ, കാർത്തു അമ്മയോടും അച്ഛനോടും നാളെ കാണാമെന്നു പറഞ്ഞിട്ടിറങ്ങി. എന്നെ അവൾ തിരിഞ്ഞൊന്നു മാത്രം നോക്കിയെങ്കിലും ഒരു ചിരി തരാൻ മടിച്ചു.
കാർത്തു വീട്ടിൽനിന്നുമിറങ്ങിയ നിമിഷം ഞാനും ഉറക്കം വരുന്നുണ്ടെന്നു പറഞിട്ടന്റെ മുറിയിലേക്ക് നടന്നു. മുകളിലെത്തി, ബാൽക്കണിയിൽ നിന്നും താഴേക്ക് നോക്കുമ്പോ കാർത്തു ആ വീടിന്റെ വാതിൽ പതിയെ തുറക്കുകയിരുന്നു. മുടിയഴിച്ചിട്ടുണ്ട്, കറുത്ത കരയുള്ള സെറ്റ് മുണ്ടാണ് വേഷം . ഞാൻ മേലെ നിൽക്കുന്നത് കാർത്തു കണ്ടു കാണില്ലെന്ന് എനിക്കറിയാമായിരുന്നു.