തണുത്ത കാറ്റിൽ ദേഹം കിടുങ്ങി തളരുമ്പോ, എനിക്ക് കരയണമെന്നു തോന്നി. അതോടെ എല്ലാം തീരുമെങ്കിൽ മനസമാധാനത്തോടെ കിടന്നുറങ്ങുകയെങ്കിലും ചെയ്യാമല്ലോ, കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ പല തവണ രാത്രി എണീറ്റിരുന്നു. ടീച്ചറോട് മനസ് തുറന്നൊന്നു സംസാരിക്കാൻ കഴിയുമോ എന്ന ചിന്ത പലപ്പോഴുമെന്നെ അലട്ടിയിരുന്നു.
അരമണിക്കൂർ ആയികാണില്ല, പതിയെ ആ കൊലുസിന്റെ ശബ്ദം ഞാൻ കേട്ടു. കണ്ണീരു വേഗം ഞാൻ തുടച്ചുകൊണ്ട് വിദൂരതയിലേക്ക് നോക്കി നിന്നപ്പോൾ, വൈഷ്ണവി എന്റെ പിറകിൽ നിന്നിട്ട് ചോദിച്ചു.
“ഹലോ, ഇതെന്താണ് ഒരു മാതിരി സിനിമയിലെ വിരഹ കാമുകന്മാരെ പോലെ….വിശപ്പൊന്നുമില്ലേ കഴിക്കണ്ടെ, നിന്നെ എല്ലാരും കാത്തിരിക്കയാണ് താഴെ …വാ”
“എനിക്ക് വിശപ്പില്ല!”
“ആണോ, എങ്കിൽ നന്നായി, നല്ല മീൻ പൊരിച്ചതും ചോറും മോരു കറിയുമൊക്കെ ഉണ്ടാക്കീട്ടുണ്ട്, ഉം അമ്മയല്ല! നിന്റെ ടീച്ചർ ആണ്….വാ”
വൈഷ്ണവി എന്റെ കൈയിൽ പിടിച്ചു താഴേക്ക് വലിച്ചപ്പോൾ ഞാൻ കുതറികൊണ്ട് അവളെ ഒന്ന് ചൂഴ്ന്നു നോക്കി.
“വേണ്ടാന്ന് പറഞ്ഞില്ലേ!”
“വൈശു പൊയ്ക്കോ! ഞാൻ കൂട്ടികൊണ്ടു വരാം.” എല്ലാം കണ്ടുകൊണ്ടു കാർത്തു ടെറസിന്റെ അറ്റത്തുണ്ടായിരുന്നു.
“ശെരി ടീച്ചറെ” എന്നും പറഞ്ഞുകൊണ്ടവൾ ഇറങ്ങിപ്പോയി.
“വിശാൽ….”
ടീച്ചർ എന്റെ തോളോട് തോൾ ചേർത്തി നിന്നുകൊണ്ട് ചോദിച്ചു.
“എന്നോടാണോ ദേഷ്യം?”
“എനിക്കാരോടും ദേഷ്യമൊന്നുമില്ല, ഒന്ന് പോയി തരുവോ!” അത്രയും പറയണമെന്ന് ഞാനൊരിക്കലും വിചാരിച്ചതല്ല, പക്ഷെ എന്റെ മനസിനെ അത്രയും നോവിച്ച ഒരു സംഭവം അതുവരെയുണ്ടായിട്ടില്ല, അതുകൊണ്ടാവാം എന്റെ നിയന്ത്രണം തെറ്റിയതും.
“എന്തിനാ കരഞ്ഞത്……????” കാർത്തു വിറയാർന്ന ശബ്ദത്തോടെ എന്നോടത് ചോദിക്കുമ്പോ എനിക്ക് കണ്ണുകൾ തുറക്കാൻ കഴിഞ്ഞില്ല, കാർത്തുവിനോട് ദേഷ്യപ്പെട്ടതിന്റെ കാരണവും, ഇപ്പൊ ഞാൻ കരഞ്ഞത് അവൾ കണ്ടെന്നും അറിഞ്ഞപ്പോളെനിക്ക് പിടിച്ചു നിർത്താനായില്ല. എന്റെ മനസിനെ നനുത്ത വികാരങ്ങളെ ഒട്ടും വില കല്പിക്കാത്ത ഒരു പെണ്ണിന് വേണ്ടി ഞാൻ കരഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നപ്പോൾ, ആ നിമിഷം കാർത്തു എന്നെ പിറകിൽ നിന്നും കെട്ടിപിടിച്ചു.
“കഴിച്ചിട്ടു ഇങ്ങോട്ടേക്ക് തിരിച്ചു വരാം, എന്നിട്ട് നമുക്ക് എന്താന്ന് വെച്ചാൽ സംസാരിക്കാം പോരെ……”
പക്ഷെ എന്റെ മനസിലെ തീ അപ്പോഴും കെടുന്നുണ്ടായിരുന്നില്ല. ഒരു നിമിഷം ഞാൻ വേഗം കുതറികൊണ്ട് താഴേക്ക് നടന്നു. കാർത്തുവിനെ ഒന്നു നോക്കണെമെന് പോലുമെനിക്ക് തോന്നിയില്ല. ഇത്ര നേരം കരഞ്ഞു കലങ്ങിയ കണ്ണുമായി ഞാൻ തനിച്ചു നിന്നപ്പോൾ, ഈ സാധനം മേലെ വന്നിട്ടൊന്നു നോക്കിയിട്ട് തിരിച്ചു പോയതാണ് എന്ന് വ്യക്തമാണ്. ഇനി ഒരു പെണ്ണിന് വേണ്ടിയും ഞാൻ കരയില്ല എന്ന പ്രതിജ്ഞയോടെ മുഖം കഴുകികൊണ്ട് വൃകൃതമായ ഒരു ചിരിയും മുഖത്ത് ഫിറ്റ് ചെയ്തു.