“ഒരു ഉമ്മ തന്നപ്പോഴേക്കും, ഞാൻ അങ്ങട് മുഴുവനായും നിങ്ങളുടെ ആയിപോയിന്നു തോന്നീലെ ഉണ്ണിയേട്ടാ, ഇന്ന് കാലത്തു ഭക്ഷണവും കൊണ്ട് വന്നില്ല, വിളിച്ചു നാല് കണ്ണ് പൊട്ടണ ചീത്ത പറയാന്നു വച്ചു വിളിച്ചപ്പോൾ ഫോണും എടുത്തില്ല, ഇതൊക്കെ ചെയ്തത്കൂട്ടിയത് ഇതിനു വേണ്ടി മാത്രം ആയിരുന്നല്ലേ.”
അവൾ വീണ്ടും, വീണ്ടും ഭാരിച്ച ഒരുപാട് സങ്കടം ഉണ്ടാക്കുന്ന ചോദ്യങ്ങൾ എന്റെ മുകളിലേക്കിട്ടു. അതിൽ കൂടുതൽ താങ്ങാൻ ഉള്ള ത്രാണി എനിക്കുണ്ടായിരുന്നില്ല, ഞാൻ ഏത്തക്ക അപ്പം അവൾക്കും കൊടുത്തു അവിടന്ന് വേഗം പോകാം എന്ന് വിചാരിച്ചു എഴുന്നേറ്റു.
എഴുന്നേറ്റപ്പോൾ തലചെറുതായി ഒന്ന് കറങ്ങി ഞാൻ ചുമരിൽ ചാരി സൺഷേഡിൽ നിന്ന് വീഴാതെ പാട് പെട്ടു, താഴെ കരിങ്കല്ല് കൂട്ടിയിട്ടുണ്ട് വീണാൽ തല പൊളിഞ്ഞതു തന്നെ.
എന്റെ ഈ കോലവും, നിൽപ്പും കണ്ടു മീനാക്ഷി ആകെ പേടിച്ചുപോയി, ക്ഷീണം കൺപോളകൾ ഉള്ളിലേക്ക് വലിച്ചു കൊണ്ട് പോയിരുന്നു, ഉഗ്രമായ കുളിരിൽ ഇടതടവില്ലാതെ ഞാൻ വിറച്ചു കൊണ്ടിരുന്നു, തലയിലെ മങ്കിക്യാപും ഇട്ടു വിറച്ചുകൊണ്ടുള്ള നിൽപ്പും, തലകറങ്ങിയുള്ള നിലകിട്ടാതെ പോയതും, കാര്യങ്ങൾ പന്തിയല്ലെന്ന് അവൾക് തോന്നിയിരിക്കാം.
“അയ്യോ… ഏതാ ഉണ്ണിയേട്ടാ പറ്റിയെ…. അവൾ ഒരു ഓളിയോടെ ജനലിനു പുറത്തേക്കു കൈകളിട്ടു എന്നെ ചേർത്ത് പിടിച്ചു, ഞാൻ ഒരു ചായസമോവർ പോലെ തിളച്ചുപൊള്ളുന്നുണ്ടായിരുന്നു, അതവളിലെ പേടിയെ ഇരട്ടിപ്പിച്ചു, അവൾ ഭയത്തോടെ ശബ്ദമിട്ടതും, ചേർത്ത് പിടിച്ചിരുന്ന അവളുടെ നെഞ്ചിന്റെ മിടിപ്പ് വേഗത്തിലായതും, എനിക്കത്ഭുതം തോന്നി, എനിക്കെന്തു പറ്റിയാലും ഇവൾക്കെന്താ. അവൾ കൂടുതൽ എന്നെ വിടാതെ ചേർത്ത് പിടിച്ചു, ഞാൻ എങ്ങനെയൊക്കെയോ തള്ളി നിന്നിരുന്ന കല്ലുകളിൽ ചവിട്ടി മുകളിൽ കയറി ജനൽപടിയിൽ ഇരിക്കാൻ നോക്കി, വഴുതി ഉള്ളിലേക്ക് വീണു.
എനിക്ക് വീഴ്ചയിൽ ഒന്നും പറ്റിയില്ല. പറ്റാൻ സമ്മതിച്ചില്ല എന്ന് പറയുന്നതാവും ശരി, അവൾ എന്നെ അവളുടെ നേർത്ത ശരീരത്തോട് ചേർത്ത് അണച്ച് ഇറുക്കി പിടിച്ചിരുന്നു. അവൾ എന്തിനെന്നില്ലാതെ വിതുമ്പിക്കൊണ്ടിരുന്നു.
ശ്ശെ…. വയ്യാത്ത സമയത്തു ഇത്രയ്ക്കു സാഹസികത കാണിക്കണ്ടായിരുന്നു, എനിക്കങ്ങട് നാണക്കേടായി, എന്നെ ഒരു കൊച്ചു കുഞ്ഞെന്നെ പോലെ മാര്‍ദ്ദവമുള്ള അവളുടെ മാറിൽ അവൾ ഇറുക്കി വച്ചു.