അമ്മയുടെയും മകളുടെയും സംസാരം കേട്ടുകൊണ്ടാണ് അവൻ എഴുന്നേറ്റത്.അവൻ റൂമിൽ നിന്ന് പുറത്തു വന്നതും അമ്മയും രേഖയും സെൻട്രൽ ഹാളിൽ നിന്ന് എഴുന്നേറ്റു പോയി അവർ ഒരു നോട്ടം കൊണ്ടുപോലും തന്നെ പരിഗണിക്കാത്തതിൽ ആദിക്ക് വിഷമമുണ്ടെങ്കിലും കുറേക്കാലമായി ഇതൊക്കെ ശീലമായതിനാൽ അവൻ അതൊന്നും കാര്യമാക്കാതെ പുറത്തേക്ക് പോയി, അവൻ പ്രതീക്ഷിച്ചത് പോലെ തന്നെ അച്ഛൻ പുറത്ത് കസേരയിൽ ഇരിക്കുന്നുണ്ട്. ആ വീട്ടിൽ അവനോട് സ്നേഹം ഉള്ളത് അച്ഛന് മാത്രമാണ്, കുറച്ചു മടിയോടെ ആണെങ്കിലും അവൻ അച്ഛനോട് ആ കാര്യം ചോദിക്കാൻ തന്നെ തീരുമാനിച്ചു
“അച്ഛാ..” അവൻ വിളിച്ചു
“മ്മം ” ഒരു മൂളല്ലായിരുന്നു മറുപടി
“ഞാൻ ആരാണ്, ഞാൻ ശരിക്കും നിങ്ങളുടെ മകൻ ആണോ,നിങ്ങൾ എന്നിൽ നിന്ന് എന്തെങ്കിലും മറയ്ക്കുന്നുണ്ടോ” അൽപ്പം മടിയോടെ അവൻ ചോദിച്ചു
“എന്തെ ഇപ്പൊ പെട്ടെന്ന് അങ്ങനെ തോന്നാൻ ”
ആദി രാവിലെ നടന്ന കാര്യങ്ങളും കഴിഞ്ഞ കുറച്ചു നാളുകളായി അവന് സംഭവിക്കുന്ന മാറ്റങ്ങളും അച്ഛനോട് പറഞ്ഞു
” നീ പറഞ്ഞത് ശരിയാണ്, നീ ഞങ്ങളുടെ മകനല്ല ” അവന്റെ മുഖത്തു നോക്കാതെ അച്ഛൻ പറഞ്ഞു
അത് കേട്ടപ്പോൾ ചെറിയ വിഷമം ഉണ്ടാക്കിയെങ്കിലും അവന് വലിയ അത്ഭുതമൊന്നും തോന്നിയില്ല കാരണം അമ്മയുടെ പെരുമാറ്റത്തിൽ നിന്ന് വളരെ കാലം മുമ്പ് തന്നെ അവനീ സംശയം തോന്നിയിരുന്നു.
“അപ്പോൾ ഞാൻ ആരാണ് ” അവൻ ചോദിച്ചു
അച്ഛൻ അവന്റെ നീല കണ്ണുകളിലേക്ക് നോക്കി, എന്നിട്ട് പതിയെ എഴുന്നേറ്റു പുറത്തേക്ക് നടന്നു.
“നീ വാ..” പുറത്തേക്ക് നടക്കുന്നതിനിടയിൽ അച്ഛൻ അവനെ വിളിച്ചു ,
അവൻ അച്ഛനെ പിന്തുടർന്ന്..
തുടരും…