അഭിരാമിയുടെ ലാവെൻഡർ സ്പ്രേയുടെ മണം ആ കാറിനുള്ളിൽ തങ്ങിനിന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ നീനുമോൾ ചെറിയ മൂളിപാട്ടുകൾ പാടാൻ തുടങ്ങി.
കർണ്ണ പടത്തെ തഴുകുന്ന നീനുവിന്റെ മധുരമുള്ള ശബ്ദവും. മൂക്കിനുള്ളിൽ ലാവണ്ടറിൻ വസന്തം തീർത്ത് അഭിരാമിയും. ആ യാത്ര എന്നിൽ ഒരുപാട് സന്തോഷം ജനിപ്പിക്കുന്നതുപോലെ.
കുറച്ച് നേരത്തിനു ശേഷം ഞങ്ങൾ രമ്യയുടെ വീട്ടില്ലെത്തി. ഞങ്ങളെ കണ്ടതും ചിരിയോടെ രമ്യ ഇറങ്ങിവന്നു. പിന്നീട് അവളുടെ വീട്ടുകാരെ പരിചയപെട്ടു. അവരും രമ്യയെ പോലെതന്നെയാണ്. നല്ല ഫ്രണ്ട്‌ലിയയാണ് അവരും സംസാരിച്ചത് .
ഇതിനിടയിലും പലപ്പോഴായി എന്റെയും അഭിരാമിയുടെയും കണ്ണുകൾ തമ്മിൽ ഉടക്കുന്നുണ്ടായിരുന്നു.
അല്പ സമയം കഴിഞ്ഞ് ഞങ്ങൾ അവിടെനിന്നും ഭക്ഷണം കഴിച്ച ശേഷം രമ്യയോടും വീട്ടുകാരോടും യാത്ര പറഞ്ഞ് ഇറങ്ങി. അപ്പോഴേക്കും നീനുമോൾ ഉറക്കം തുടങ്ങിയിരുന്നു. ഞാനവളെ അഭിരാമിയുടെ കൈയിൽനിന്നും വാങ്ങി എന്റെ തോളിലിട്ടു.
കിഷോർ… നീനുവിനെ പുറകിലേക്ക് കിടത്തികൊ. കാറിലേക്ക് കയറാൻ നേരം അഭിരാമി എന്നോട് പറഞ്ഞു.
ഞാനവളെ പുറകിലെ സീറ്റിൽ ഭദ്രമായി കിടത്തിയ ശേഷം ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. അപ്പോഴേക്കും അഭിരാമി മുന്നിലെ സീറ്റിൽ സ്ഥാനം പിടിച്ചിരുന്നു.
സമയം എട്ടര കഴിഞ്ഞിരുന്നു. വണ്ടിക്കുള്ളിൽ കനത്ത മൗനമായിരുന്നു. അതിനെ ഭേദിച്ച് അഭിരാമിയുടെ ചോദ്യം എത്തി.
കിഷോറിന്റെ വീട്ടിൽ ആരൊക്കെയുണ്ട്…
വീട്ടിൽ.. അച്ഛനും അമ്മയും പിന്നെ ചേട്ടനും ചേട്ടത്തിയും. ഞാൻ ഡ്രൈവിംങിനിടയിൽ ചെറു ചിരിയോടെ മറുപടി കൊടുത്തു.
വീണ്ടും അൽപനേരം നിശബ്ദത.
രമ്യ പറഞ്ഞു കിഷോറ് എന്നെപ്പറ്റി ചോദിച്ചുന്ന്…
അത് കേട്ടപ്പോൾ ഞാൻ പെട്ടൊന്ന് ഞെട്ടി. ഞാൻ അവളുടെ മുഖത്തേക് നോക്കി. എന്നാൽ ആ മുഖത്ത് പ്രത്യേകിച്ച് ഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതെനിക്ക് അല്പം ധൈര്യം പകർന്നു.
ഞാൻ മറുപടി ഒന്നും പറയാതെ വീണ്ടും റോഡിലേക്ക് നോക്കി വണ്ടിയൊടിച്ചു.
അൽപ്പനേരത്തെ മൗനത്തിനോടുവിൽ അവൾ തന്റെ ജീവിതത്തിന്റെ മാറാപ്പ് എനിക്ക് മുന്നിൽ തുറക്കുവാൻ ശ്രമിച്ചു.
പറയാൻ പറ്റിയ നല്ല കഥകളൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല കിഷോർ . അത് പറയുബോൾ ആ വാക്കുകളിൽ നിഴലിച്ചു നിന്നിരുന്ന സങ്കടം ഞാൻ തിരിച്ചറിഞ്ഞു.
ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് എന്റെ പുറകെ ഒരുപാട് പേര് നടന്നിരുന്നു. പക്ഷേ എനിക്ക് ആരോടും അങ്ങനെ ഒന്നും തോന്നിയില്ല.