ചെറിയ ടേബിളിൽ ഒരു റെഡ് വെൽവെറ്റ് കേക്ക് ഉണ്ടായിരുന്നു. അതിൽ നീനു 4th ബർത്തഡേ എന്ന് എഴുതിയത് കണ്ടു.
അഭിരാമിയും നീനുവും ടേബിളിന് ഒരുവശത്തും. മറുവശത്ത് ഞാനും രമ്യയും.
അഭിരാമി നീനുവിന്റെ കയ്യിൽ കത്തികൊടുത്തു. ശേഷം അവർ രണ്ടുപേരും ചേർന്ന് കേക്ക് മുറിച്ചു. ഞാനും രമ്യയും ചേർന്ന് ഹാപ്പി ബർത്ത് ഡേ പാടി.
അഭിരാമി ഒരു ചെറുകഷ്ണം കേക്ക് എടുത്ത് നീനുവിന്റെ വായിൽ വച്ചുകൊടുത്തു. നീനു അത് നുണഞ്ഞിറക്കുന്നതിനിടയിൽ ഒരു കഷണം കേക്കുമായി എന്റെ അടുക്കലേക്ക് ഓടിവന്ന് അതെനിക്ക് നേരെ നീട്ടി.
അത് കണ്ട് എന്റെ മാത്രമല്ല അഭിരാമിയുടെയും രമ്യയുടെയും കിളി പോയിരുന്നു.
ഞാൻ ആ കേക്ക് കഷ്ണത്തിനായി അല്പം കുനിഞ്ഞ് വാ തുറന്ന് കാണിച്ചു.
നീനു അതെന്റെ വായിലേക്ക് വച്ചുതന്നു. പെട്ടെന്ന് ഞാനാ കുഞ്ഞിനെ എന്റെ നെഞ്ചോട് ചേർത്ത് ആ കുഞ്ഞി കവിളിൽ ഒരുമ്മ കൊടുത്തു. അങ്ങനെ ചെയ്യാനാണ് എനിക്ക് തോന്നിയത്.
അവൾ എന്നെ നോക്കി കുഞ്ഞി പല്ലുകൾ കട്ടി ചിരിച്ച ശേഷം അവൾ അഭിരാമിയുടെ പുറകിലേക്ക് വലിഞ്ഞു.
ഞാൻ നേരെ നിന്ന് നോക്കിയത് അഭിരാമിയുടെ കണ്ണുകളിലേക്കാണ്. ആ കണ്ണുകൾ എന്നോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. ആ മുഖത്ത് പലവിധ ഭാവങ്ങളുമുണ്ട്. ആ കണ്ണുകളിൽ കണ്ണുനീർ തീർത്ത ഒരു തിളക്കവുമുണ്ട്.
ഇതിനിടയിൽ രമ്യ നീനുവിനോട് എന്തൊക്കയെ പറയുന്നുണ്ട്. പക്ഷേ അതൊന്നും ഞങ്ങൾ കേൾക്കുന്നുണ്ടായിരുന്നില്ല. ആ കുറച്ച് നേരത്തെ നോട്ടം അവസാനിക്കാൻ അഭിരാമി തന്നെ മുൻകൈയെടുത്തു.
നമ്മുക്ക് ഫുഡ് കഴിച്ചാലോ… അവൾ നോട്ടം മാറ്റി രമ്യയെ നോക്കി ചോദിച്ചു.
മ്മ്… രമ്യ മൂളി ക്കൊണ്ട് മറുപടി പറഞ്ഞു.
അമ്മേ.. ആന്റിക്ക് കേക്ക് കൊടുക്ക്.. അഭിരാമി മറന്നുപോയത് നീനു ചെറു കൊഞ്ചലോടെ ഓർമ്മിപ്പിച്ചു.
അയ്യോ.. സോറി… ഇതാ.. എടുക്ക്. അവൾ രമ്യക്ക് നേരെ ഒരുകഷ്ണം കേക്ക് നീട്ടി.
രമ്യ അത് വാങ്ങി കഴിക്കുന്നതിനിടയിൽ ഫുഡ് വിളമ്പിക്കോളാൻ പറഞ്ഞു.
ഇവളി പെൻസില് പോലെ ഇരിക്കുന്നത് വെറുതെയാണ്. നല്ല തീറ്റയാണെന്ന് തോന്നുന്നു. ഞാൻ ചിന്തിച്ചു.
ഞാനും രമ്യയും കുഞ്ഞും കൂടി കൈ കഴുകി ഡൈനിങ് ടേബിളിൽ പോയിരുന്നു. എന്റെ ഇരു വശത്തുമായാണ് അവർ രണ്ട് പേരും ഇരുന്നത്.