ആ ഊര് മുഴുവൻ അവിടെ സന്നിഹിതരായിരുന്നു. ആ കൊച്ചു ജനക്കൂട്ടം ഒത്തുകൂടിയത് ഒരു വലിയ ഗുഹയുടെ മുന്നിലും. ആ ഗുഹയുടെ ഉള്ളിലാണ് ആരാധനാമണ്ഡപം എന്ന് ഞാൻ ഊഹിച്ചു . ഉടനെ കുതിരക്കുളമ്പടികളുടെയും ആർപ്പുവിളികളുയെടെയും ആരവം അവിടെ മുഴങ്ങി.
“മഹാരാജാവ് ടാഗോൺ എഴുന്നുള്ളുന്നേ ” “മഹാരാജാവ് ടാഗോൺ എഴുന്നുള്ളുന്നേ ”
ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ കണ്ണോടിച്ചു. അവിടെ കൂടിയിരുന്ന ജനങ്ങൾ എല്ലാം നിലത്തു മുട്ടുകുത്തി അവരുടെ രാജാവിനെ വരവേറ്റു. കൂടെ ഞാനും. എല്ലാവരുടെയും ആദരങ്ങൾ ഏറ്റുകൊണ്ട് മഹാരാജാവ് ടാഗോൺ തന്റെ കുതിരപ്പുറത്തു നിന്ന് ചാടി ഇറങ്ങി. മഹാമേരുവായ ആ മനുഷ്യനെ ഞാൻ ഒന്ന് നോക്കി. ഒത്ത പുരുഷൻ. എന്തൊരു ഗാഭീര്യം. പ്രായം ഒരു 30 കാണും. ഇപ്പോഴും തികഞ്ഞ യൗവനം. സുന്ദരൻ സുമുഖൻ. ആദ്യ നോട്ടത്തിൽ തന്നെ “മഹാരാജാവ്” തന്നെ എന്ന സ്വാധീനം ഉറപ്പിക്കാൻ സാധിക്കുന്ന വ്യക്തത്വം. ഉറച്ച ശരീരം. കൂർമതയോടുള്ള നോട്ടം. അദ്ദേഹം മെല്ലെ തന്റെ പ്രജകളെ അഭിസംബോധന ചെയ്ത് ഗുഹക്കുള്ളിലേക്ക് കടന്നു. പിറകെ പൂജാരിമാരും രാജാഗുരുവും മൂപ്പനും.
അപ്പോഴാണ് നിയാന്താൽ സൈന്യാധിപനെയും സൈനികരെയും യമാസാക്കി പടയാളികളെയും ഞാൻ ആദ്യമായി കണ്ടത്. നിയാന്തലുകൾ കായികബലത്തിൽ ശക്തരാണ്. കാട്ടുമൃഗങ്ങളുടെ രണ്ടിരട്ടി വേഗതയിൽ ഓടാനും പറന്നു ചാടാനും ഇവർക്ക് സാധിക്കുന്നു. കടുവയുടെയും സിംഹത്തിന്റെയും നേർക്കുനേർ നിന്ന് പൊരുതി അവയുടെ ഹൃദയം സ്വന്തം കൈകളാൽ പറിച്ചെടുക്കുന്ന ശക്തിശാലികളായ ഇവർ എന്നാൽ തീർത്തും വിരൂപർ ആയിരുന്നു. നീല കലർന്ന കറുത്ത ചുണ്ടുകൾ. അത്ര പ്രസന്നമല്ലാത്ത ഒരു വികൃത രൂപം. അവിടം അടിമുടി വീക്ഷിച്ചു ഞാൻ ഗുഹയുടെ ഉള്ളിലേക്ക് കടന്നു.
ശെരിക്കും ഒരു വ്യത്യസ്ത കാഴ്ച്ച തന്നെയാരുന്നു ആ കൽമണ്ഡപം. ഗുഹയുടെ ഒത്തനടുക്കായി ഒരു കുളം. പക്ഷെ ആഴം തീരെയില്ല. പരികർമികൾ അതിലൂടെ നടക്കുന്നുണ്ട്. ആ കുളത്തിന്റെ നടുവിൽ ആണ് മണ്ഡപം. മണ്ഡപത്തിൽ ഒരിക്കലും കെടാതെ കത്തി ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു അഗ്നി ശോഭ. അഗ്നിയുടെ വശത്തായി ഒരു വസ്തു വർണാഭമർന്ന തുണികളാൽ മൂടി വെച്ചിരിക്കുന്നു. ആളുകൾ കുളത്തിന് ചുറ്റും കൂടി പ്രാർത്ഥനാനിർഭരമായി നിൽക്കുന്നു. മഹാരാജാവും പരിവാരങ്ങളും കുളത്തിൽ പ്രതിഷ്ടിച്ചിരിക്കുന്ന പ്രത്യേക കല്ലുകളിൽ ഉപവിഷ്ഠരായി.