അവള്‍ ശ്രീലക്ഷ്മി 3 [Devil With a Heart]

Posted by

ഞാൻ പതിയെ വലത് കൈ എടുത്ത് ശ്രീയുടെ തലയിലൂടെ തലോടിക്കൊണ്ടിരുന്നു…”പാവം പെണ്ണ്!!..”

പതിയെ ഞാൻ അവളെ മുടിയുടെ തലോടികൊണ്ടിരുന്നു…നല്ല ഉറക്കത്തിലായിരുന്നു അവൾ

അപ്പോഴാണ് റൂം തുറന്ന് അച്ഛൻ അകത്തേക്ക് വന്നത്

ഉണർന്നിരിക്കുന്ന എന്നെ അച്ഛൻ കണ്ടു

വേഗം എന്‍റെ അടുത്തേക്ക് ഓടി വന്ന് എന്‍റെ മുടിയിലൂടെ കൈകൾ ഓടിച്ചിട്ട് നെറുകയിൽ ഒരു ചെറിയൊരു ഉമ്മ തന്നു..സാധാരണ അങ്ങനൊരു രീതി അച്ഛന്‍റെ അടുത്തു നിന്നും ഉണ്ടാവാറില്ല…ഇതിപ്പോ ജീവനോടെ തിരികെ കിട്ടിയതിന്റെ സന്തോഷമാവും…

“അച്ഛാ…എത്ര… ദിവസമായി..ഇവിടെ..?”

“ഇന്ന് കൂടെ കൂട്ടി ആറ് ദിവസം…ഡോക്ടർ പറഞ്ഞിരുന്നു മരുന്നിന്‍റെ സെഡേഷൻ കൂടി ആണെന്ന്…”അച്ഛൻ എന്നോടായി പറഞ്ഞിട്ട് അമ്മയെ ഉണർത്താനായി പോയപ്പോൾ

ആരേം ഉണർത്തണ്ട അവര് ഉറങ്ങട്ടെയെന്ന് അച്ഛനോട് ഞാൻ പറഞ്ഞു

അപ്പോഴേക്കും ചെറിയ ഒരു ഞരക്കത്തോടെ ശ്രീ ഉണർന്നു..അവൾ പതിയെ കണ്ണു തുറന്നപ്പോ അവളുടെ മുടിയിൽ തഴുകി ഇരിക്കുന്ന എന്നെയാണ് കണ്ടത്..

അവൾ ഞെട്ടിപിടഞ്ഞ് എണീറ്റ് “അഭീ…!!!!” എന്ന് വിളിച്ച് എന്നെ അവൾ കെട്ടിപ്പിടിച്ചു….

പെട്ടെന്നുള്ള നീക്കം ആയതിനാൽ എനിക്ക്  ശരീരം അല്പം വേദനിച്ചുവെങ്കിലും ജീവനായി കാണുന്നവരെ ഹൃദയത്തോട് ചേർത്ത് നിർത്തുമ്പോ എന്ത് വേദനയും നമ്മൾ മറക്കുമെന്ന് പറയുന്നതെത്ര സത്യമാണെന്ന് ഞാൻ മനസ്സിലാക്കിയ നിമിഷങ്ങൾ…നെഞ്ചിലവളുടെ കണ്ണുനീരിന്‍റെ നനവ് അറിഞ്ഞപ്പോ പതിയെ ആ പാറി പറന്നു നടക്കുന്ന ആ മുടിയിഴകളിൽ തഴുകി..

“ശ്രീ….എന്താപ്പോ നീ കരയാനുമ്മേണ്ടി ണ്ടായെ…ഞാൻ ചത്തിട്ടില്ലടി…”

അത് പറഞ്ഞപ്പോഴേക്കും കരഞ്ഞു കലങ്ങിയ കണ്ണുകൾ ഉയർത്തി എന്നെ നോക്കി ആ മുഖത്ത് ദേഷ്യം നിറച്ച്..”ദേ അനാവശ്യം പറഞ്ഞാലുണ്ടല്ലോ വയ്യാണ്ടിരിയ്ക്കാ ന്നൊന്നും ഞാൻ നോക്കില്ലാട്ടോ…”

ഇതിനിടയ്ക്ക് അച്ഛൻ അമ്മയെ ഉണർത്തിയിരുന്നു..കൂടെ ജാനിയമ്മയും ഉണർന്നു..ഞാൻ ഉണർന്നിരിക്കുന്നത് കണ്ട് അവരോടി എന്‍റെയടുത്ത് വന്നെന്നെ രണ്ടമ്മമാരും ഉമ്മകൾ തരാൻ തുടങ്ങി..എന്‍റെ മാതാശ്രീ..കരഞ്ഞു കുളമാക്കിയിട്ടുണ്ട്…

“എന്‍റെയമ്മേ…എന്തിനായിങ്ങനെ കരയണേ….?” മരുന്നിന്‍റെ ക്ഷീണം നന്നായി ശരീരത്തിന് അനുഭവപ്പെടുന്നുണ്ട് എന്‍റെ ശബ്ദത്തിന് തീരെ ബലമുണ്ടായിരുന്നില്ല…

ഒരു വശത്ത് അമ്മയും മറുവശത്തായി ജാനിയമ്മയും നിൽപ്പുണ്ട്..ഞാൻ നോക്കിയപ്പോ ജാനിയമ്മയുടെയും കണ്ണുകൾ നിറഞ്ഞിരിക്കുന്നു..

“….എന്‍റെ… ജാനിയമ്മയും… കരയാണോ..?”

“ജന്മം തന്നില്ലെങ്കിലും അവളും നിന്‍റെ അമ്മയല്ലേ മോനെ…” കണ്ണുനീര് സാരിതലപ്പ് കൊണ്ട് തുടച്ചുകൊണ്ട് എന്‍റെയമ്മയാണത് പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *