ഹൊ ഇത്രയും ഐശ്വര്യവും വച്ച് ഇവളെന്നെ ചൂലെടുത്തടിക്കുന്ന അവസ്ഥ ഒന്നോർത്തെ …
എന്നിട്ടും എനിക്കതാണ് ചിന്ത… വീടൊക്കെ അതിന്റെ ആകൃതിയ്ക്ക് അതിര് വരച്ച പോലയാ ദീപം തെളിയിച്ചിരിക്കുന്നത്. ഇത്രയും നാൾ അതിനകത്ത് കുടിയിരുന്ന മൂദേവി ഒക്കെ ആ വിളക്കിന്റെ ചൈതന്യത്തിൽ പുറത്തേയ്ക്ക് ജീവനും കൊണ്ടോടി കാണും .പ്രകാശപൂരിതമായ വീട് കണ്ട് വണ്ടറടിച്ച് നിന്ന എന്നെ കണ്ട് ഗീതു ചിരിച്ച് കൊണ്ട് ഓടി വന്നെങ്കിലും മെല്ലെ ഓട്ടത്തിന്റെ സ്പീഡ് കുറയുന്നതും മുഖത്തെ ചിരിമായുന്നതും കണ്ടപ്പൊഴേ എനിക്ക് മനസിലായി ഉച്ചത്തെ കേസ് ഓർത്തിട്ടാവുമെന്ന്.
ഇപ്പൊ ശരിക്ക് ഈ വീട്ടിലെ ഒരേ ഒരു മൂദേവി ഞാനാ മൂദേവി അല്ല മൂദേവൻ ….
“എന്താ ലേറ്റായേ, ഒരുമിച്ച് വിളക്ക് തെളിയിക്കാന്നും വിചാരിച്ചാ ഞാനിരുന്നെ , അതെങ്ങനാ ആവശ്യോള്ളപ്പൊ ഒന്നും ഈ ആൾ കാണില്ല ……..”
ഗീതു കപടദേഷ്യം കാണിച്ചു.
ഭൂമിയിൽ കപടവും എന്നാൽ അതേ സമയം തന്നെ സുന്ദരവുമായ ഒന്നേ ഉള്ളൂ. അത് ദേ ഇവൾടെ ഈ കപട ദേഷ്യമാണ്
സത്യം പറഞ്ഞാൽ ഇപ്പഴാണ് ഞാൻ ശരിക്കും വണ്ടറടിക്കുന്നത്. ഉച്ചയ്ക്ക് ഉണ്ടായതൊക്കെ ഇവൾ മറന്നോ , ഈശ്വരാ ഗീതൂന് എന്നോട് ഒരു ദേഷ്യോം ഇല്ലേ അപ്പൊ…?
” എന്തുപറ്റി ഗോവിന്ദേട്ടാ ഇങ്ങനെ അന്തംവിട്ട് നോക്കണെ…. സൂപ്പറായിട്ടില്ലെ വീട് … എപ്പൊ തുടങ്ങിയതാന്നറിയൊ …? ഇനി ദേ ആ തട്ടിന്റെ മണ്ടേലൂടെ വെക്കണം ഇടിഞ്ഞില് …. അത് ഏട്ടനെ കൊണ്ടേ പറ്റൂ. വേഗം പോയ് കുളിച്ചിട്ട് വന്നേ…..
കുട്ടിക്കാലത്തൊക്കെ നമ്മൾ എന്തേലുമൊക്കെ വലിയ കുരുത്തക്കേട് കാണിച്ച് വീട്ടിൽ പിടിക്കുമ്പൊ കുറേ വഴക്കും അടിയുമൊക്കെ പ്രതീക്ഷിച്ച് പേടിയോടെ വീട്ടിൽ ചെല്ലുകയും എന്നാൽ വീട്ടിൽ എല്ലാരും ആ കാര്യത്തെ പറ്റി തന്നെ മറന്ന് നമ്മളോട് സ്നേഹത്തിൽ പെരുമാറുന്ന ആ ഒരു സന്ദർഭമുണ്ടല്ലോ. വീട്ടിലോ സ്ക്കൂളിലെ ട്യൂഷനിലോ എവിടെങ്കിലുമൊക്കെ നമ്മളിത് അനുഭവിച്ചിട്ടുണ്ടാവും. അപ്പോഴത്തെ അതേ സന്തോഷവും ആശ്വാസവുമാണ് എനിക്കിപ്പൊ തോന്നിയത് . അന്നത്തെ പോലെ ഇനി ഒരിക്കലും ഇതുപോലൊരു തെറ്റ് ആവർത്തിക്കില്ല എന്ന് ഇന്നും ആണയിട്ടു. പക്ഷെ മനുഷ്യരല്ലെ നമ്മള് വീണ്ടും ചെയ്യും…
“നിന്റെ ഫോണിനെന്ത് പറ്റി….? ”
വേണ്ടാന്ന് മനസ് നൂറ് വട്ടം പറഞ്ഞെങ്കിലും നാക്ക് മൈരൻ പണി പറ്റിച്ചു.
ഓഹ് അത് സ്വച്ച് ഓഫ് ആക്കിയതിൽ പിന്നെ ഓണാവണേ ഇല്ല. പൊട്ട ഫോൺ , അല്ലാ….നേരത്തിനും കാലത്തിനും വീട്ടിൽ വരത്തുമില്ല എന്നിട്ട ഫോണിനാണോ കുറ്റം. ഇവിടൊരുത്തി ഒറ്റയ്ക്കാണെന്ന ചിന്ത പോലുമില്ല………..”