പുറത്തെ ഓടിമായുന്ന കാഴ്ചയിൽ കണ്ണ്ഉറപ്പിച്ചു ആലോചനയിൽ മുഴുകി ഇരിക്കുന്ന അനഖയേ വിളിക്കണം എന്നുണ്ടായിരുന്നെങ്കിലും യാത്രയിൽ അവൾ അവളുടെ മനസ്സിനെ സ്വയം പകപ്പെടുത്തട്ടെ എന്ന് സന്ധ്യ കരുതി രണ്ടു വർഷത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് അവൾ തിരിച്ചെത്തുന്നത് ഒരു തകർന്ന ജീവിതം മാത്രം മുതൽക്കൂട്ടാക്കി ആയിരിക്കും എന്ന് അവളെപ്പോലെ സന്ധ്യയും കരുതിയിരുന്നില്ല.
നഗരത്തിന്റെ ഒച്ചപ്പാടും തലപൊക്കി മാനത്തെ തുറിച്ചു നോക്കി നിൽക്കുന്ന കെട്ടിടങ്ങളും പിന്നിലേക്ക് മാറി, പച്ച തലയണിഞ്ഞ മരങ്ങൾ റോഡിനു കാവൽ നില്ക്കാൻ തുടങ്ങി, ഇരുട്ട് താഴുമ്പോൾ ഇരുവശത്തെയും പാടങ്ങളിലെ ചേറു വെള്ളത്തിൽ മുകളിലോടുന്ന അമ്പിളിയെയും നക്ഷത്രക്കുഞ്ഞിങ്ങളെയും താഴെ നിന്ന് പുല്കുന്ന കാഴ്ചകൾ നിറഞ്ഞു.
കാർ അതിവേഗം പാഞ്ഞു കൊണ്ടിരുന്നു.
രാത്രിയോടെ സന്ധ്യയുടെ വീടിന്റെ ഗേറ്റ് കടന്ന് അവർ മുന്നിലെത്തി.,
വീടിന്റെ മുൻപിലെ മരം മറച്ച മുറ്റത്ത് കാർ കേറ്റിയിടുമ്പോഴേക്കും ഇരു നിലയുള്ള ആഹ് വീടിന്റെ മുന്നിൽ ഓരോരുത്തരായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു.
കാർ തുറന്നിറങ്ങിയ സന്ധ്യയുടെ മേലേക്ക് ചാടി കയറിയ സന്ധ്യയുടെ മൂന്ന് വയസുള്ള മോൻ ആയിരുന്നു അതിൽ ആദ്യത്തെ ആള്,
പിറകെ സന്ധ്യയുടെ ഭർത്താവ് നിധിനും അമ്മയും ഇറങ്ങി വന്നു.
അപ്പോഴും ഏതോ പറഞ്ഞറിയിക്കാൻ കഴിയാത്ത പകപ്പിലും ജാള്യതയിലും, ചുരുങ്ങിയ മുഖത്ത് ഉണ്ടാക്കിയെടുത്ത ഒരു ചിരി നിറച്ചു അനഘ കയ്യിലെ ബാഗിൽ മുറുക്കി പിടിച്ചിരുന്നു.
“മുറ്റത്ത് നിന്ന് ചുറ്റാതെ അകത്തേക്ക് വാ കുട്ട്യോളെ…ഇരുട്ടി…”
കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ടിരുന്ന സന്ധ്യയെയും അനഖയെയും നോക്കി ചിരിച്ചുകൊണ്ട് നിഥിന്റെ അമ്മ പറഞ്ഞു.
അതോടെ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് നടക്കുമ്പോൾ ആയിരുന്നു പിന്നിൽ ഒരു അപരിചിതത്വത്തിൽ നിൽക്കുന്ന അനഖയുടെ നേരെ സന്ധ്യ തിരിയുന്നത്.
“എന്താടി…അവിടെ തന്നെ നിക്കണേ…വാ…”
സന്ധ്യയുടെ വിളി കേട്ട അനഘ ഒന്ന് മടിച്ചു അകത്തേക്ക് നടന്നു.
“ഏട്ടാ…ഞങ്ങളുടെ കുറച്ചു ബാഗ് വണ്ടിയിലുണ്ടെ ഒന്നെടുത്തേക്കുവോ….”
കയ്യിൽ കുഞ്ഞിനേയും പിടിച്ചു പോവുന്നതിനിടയിൽ സന്ധ്യ നിഥിനെ നോക്കി പറഞ്ഞപ്പോൾ നിധിൻ ചിരിയോടെ പുറത്തേക്ക് ഇറങ്ങി.
“നിങ്ങൾക്ക് നാളെ കാലത്ത് പോന്നാൽ പോരായിരുന്നോ പിള്ളേരെ…ഇരുട്ടി കഴിഞ്ഞാൽ പിന്നെ ഇവിടെ എത്തും വരെ നെഞ്ചിൽ ആധിയാ…”
ശോഭാമ്മ പറഞ്ഞു നിർത്തി സന്ധ്യയെ നോക്കി.
“ലീവ് ആയാൽ പിന്നെ അവിടെ നിക്കാൻ തോന്നില്ല്യ അമ്മേ അതോണ്ടല്ലേ,…പിന്നെ ഇത്രേം ദിവസം അടുപ്പിച്ചു കിട്ടുന്നതും വല്ലപ്പോഴുമല്ലേ..…, എല്ലാരേം കാണാനുള്ള കൊതിയും…നിക്കാൻ തോന്നീല….”
സന്ധ്യ ചിണുങ്ങിയപ്പോൾ അമ്മ ചിരിച്ചു.
“ഏട്ടാ…നിത്യേടെ മുറി നമുക്ക് അനഖയ്ക്ക് കൊടുക്കാം ഞാൻ വരും വഴി അവളോട് പറഞ്ഞിട്ടുണ്ട്…”
ബാഗുമായി എത്തിയ നിഥിനെ നോക്കി സന്ധ്യ പറഞ്ഞു.