അവൾക്ക് നേരെ നീട്ടിയ ലെറ്റർ സന്ദേഹത്തോടെ അനഘ നോക്കി.
“തുറന്നു നോക്ക്…”
സന്ധ്യയുടെ കനമുള്ള സ്വരം.
എൻവലപ് തുറന്ന ലെറ്ററിൽ സന്ധ്യ ജോലി ചെയ്യുന്ന കമ്പനിയിൽ അവൾക്ക് ജോലി ശെരിയാക്കിയ അപ്പോയിന്റമെന്റ് ആയിരുന്നു.
“എന്തിനാ ചേച്ചീ എനിക്ക് ഇത്…”
“പിന്നെ ജീവിതകാലം മുഴുവൻ നീ ജോലിക്ക് പോവാതെ ഇവിടെ കുത്തിയിരിക്കാനുള്ള ഭാവമാ…???..
….കിട്ടിയ സെറ്റൽമെന്റ് തുക ബാങ്കിൽ ഇട്ടതൊക്കെ കൊള്ളാം എങ്കിലും നിനക്ക് ഈ ഒരവസ്ഥയിൽ നിന്ന് പുറത്തിറങ്ങാൻ ഈ ഒരു ജോബ് നിനക്ക് കറക്റ്റാ പിന്നെ ഒറ്റയ്ക്കൊന്നും അല്ലല്ലോ ഞാൻ കൂടെ ഇല്ലേ, എന്റെ ഒപ്പം അല്ലെ പിന്നെന്താ….??”
“ചേച്ചീ…”
“ഒരു ചേച്ചീമില്ല….മണ്ടേയ് നീ ജോയിൻ ചെയ്യുന്നു…
ദേ പെണ്ണെ ഒരു വിധത്തിൽ ആഹ് ഇന്റർവ്യൂ പോലും ഇല്ലാതെ ജോബ് ഒപ്പിച്ചത്…അതും ഞാൻ എച്ച് ആർ ആയതുകൊണ്ട് ഇനി കിടന്നു ചിണുങ്ങിയാൽ ഒറ്റ കുത്തു ഞാൻ തരും….”
സന്ധ്യയുടെ വാക്കുകളിൽ അവൾക്ക് പറയാൻ മറ്റൊന്നു ഉണ്ടായിരുന്നില്ല.
തിങ്കളാഴ്ച സന്ധ്യയോടും നിഷയോടുമൊപ്പം അവൾ ജോലിക്കായി വീട്ടിൽ നിന്നിറങ്ങി പോവും വഴി നിഷയെ ഹോസ്പിറ്റലിൽ ഇറക്കി സന്ധ്യ അനഖയുമായി അവൾ ജോലി ചെയ്യുന്ന കമ്പനിയുടെ മുന്നിലെത്തി.
“ദേ…ഇന്നലെ വരെ ഉള്ളതൊക്കെ വിട്ടേക്ക് ഇനി തല ഉയർത്തി നടക്കാൻ പഠിക്ക് എന്നിട്ട് ആളുകളെ അളക്കാനും എവിടെ നിർത്തണം എന്ന് തീരുമാനിക്കാനും പഠിക്ക്….
അല്ലാതെ ഇട്ടിട്ടു പോയവനെക്കുറിച്ചോർത്തു മോങ്ങി ജീവിതം തുലയ്ക്കരുത്,….
ചുരുണ്ടൊരു മൂലയ്ക്ക് കൂടാനുള്ള പ്രായമൊന്നും നിനയ്ക്കായിട്ടില്ലല്ലോ അപ്പോൾ ഇനി മുന്നോട്ടു തന്നെ….
കൂടെ ഞാനുണ്ടാവും, ഓക്കേ…”
അനഖയുടെ കവിളിൽ തട്ടി സന്ധ്യ പറഞ്ഞപ്പോൾ അവളുടെ ഉള്ളിലും ഒരു ധൈര്യം കുടിയേറി, ശ്വാസം ഒന്ന് വലിച്ചു വിട്ട് സന്ധ്യയോടൊപ്പം ഗ്ലാസ് ഡോർ തുറന്നു അകത്തേക്ക് കടക്കുമ്പോൾ കാണുന്നവർക്ക് മുന്നിൽ അവൾ ആത്മവിശ്വാസത്തിന്റെ മുഖവും ചിരിയും എടുത്തണിഞ്ഞിരുന്നു.
ബോസിനെ കണ്ടു തന്റെ സിസ്റ്റത്തിന്റെ മുന്നിൽ ഇരിക്കുമ്പോൾ അവളുടെ ഉള്ളിൽ മുന്നോട്ടു തനിക്കുള്ള ജീവിതം മാത്രം ആയിരുന്നു കാലിടറിയപ്പോൾ തനിക്ക് നേരെ കൈ നീട്ടി പിടിച്ചെഴുന്നേല്പിച്ച സന്ധ്യയുടെയും നിഷയുടെയും മുഖമായിരുന്നു.
********************************