ചുവന്ന കണ്ണും ഒട്ടിതുടങ്ങുന്ന കവിളുകളിലും തലോടി സന്ധ്യ അവളോട് ചോദിച്ചു.
“എനിക്ക് പറ്റുന്നില്ല ചേച്ചി….മറക്കാനോ അവനെ വിട്ടു കളയാനോ….
ഈ ഫോൺ എപ്പോഴും അടുത്ത് വെച്ചിരിക്കുന്നത് അവന്റെ ഒരു കോളിനാ….ഒരിക്കെ എന്നെയൊന്നു വിളിച്ചു സോറി പറഞ്ഞാൽ,…”
“പറഞ്ഞാൽ,…പറഞ്ഞാൽ നീ പോവുവോ…
നിന്നോട് അവനു സ്നേഹം ഉണ്ടായിരുന്നേൽ അന്ന് സ്റ്റേഷനിൽ വെച്ച് നിന്റെ ചങ്ക് പൊട്ടിയുള്ള കരച്ചിൽ കണ്ടു നിന്നെ കൂടെ കൂട്ടിയേനെ…അതുണ്ടായില്ലല്ലോ…..”
അവളുടെ മുഖം കയ്യിൽ കോരിയെടുത്തു.
“അവനുവേണ്ടി നീ ഒഴുക്കുന്ന കണ്ണീരെല്ലാം പാഴാണ് മോളെ…”
കയ്യിൽ ഉണ്ടായിരുന്ന എൻവലപ് അനഖയുടെ കൈയിലേക്ക് കൊടുത്തുകൊണ്ട് സന്ധ്യ അവൾക്കരികിലിരുന്നു.
“ഇപ്പോൾ വന്നതാ…അവന്റെ ഡിവോഴ്‌സ് നോട്ടീസ്.
നിനക്ക് വേണ്ടി ഞാൻ ഒപ്പിട്ട് വാങ്ങി…”
അവൾക്ക് നേരെ നീട്ടിക്കൊണ്ട് സന്ധ്യ പറഞ്ഞപ്പോൾ അനഖയുടെ കണ്ണുകൾ വിറച്ചു,
ജീവനറ്റ പോലെ ഇരുന്ന അനഘ തളർന്നു സന്ധ്യയുടെ മടിയിലേക്ക് വീണു, കണ്ണീര് വാർത്തു.
“എത്ര കാലം നീ ഇങ്ങനെ കരയും….
അവനു വേണ്ടെങ്കിൽ നീ എന്തിന് വേണ്ടിയാ ഇങ്ങനെ കിടന്നു നരകിക്കുന്നെ…
നീ ഒപ്പിട്ട് കൊടുക്കണം.”
അവളുടെ തലയിൽ തലോടിക്കൊണ്ട് സന്ധ്യ തുടർന്നു.
“എന്നിട്ട് അവനെ അവന്റെ പാട്ടിനു വിട്ടിട്ട് നീ നിന്റെ ജീവിതം തുടങ്ങണം…”
അനഖയുടെ കയ്യിലിരുന്നു കടലാസു ചുളുങ്ങി ഞെരിഞ്ഞു.
********************************
കൗണ്സിലിംഗും ഒത്തുതീർപ്പും ഒന്നുമെത്താതെ മ്യൂച്വൽ ഡിവോഴ്സിന്റെ ധാരണ പത്രം ഒപ്പിട്ടു നാല് വർഷത്തെ പ്രണയസുരഭിലം ആയിരുന്ന…..എന്ന് അനഘ വിശ്വസിച്ചിരുന്ന ബന്ധം മുറിച്ചു സന്ധ്യയുടെ കയ്യിൽ തൂങ്ങി ഒരു കൊച്ചുകുട്ടിയെപോലെ കോടതി വിട്ടിറങ്ങുമ്പോൾ അവളുടെ കണ്ണിൽ തെളിമയോടെ തെളിഞ്ഞു നിന്ന ചിത്രം നിഖിലും ശ്വേതയും കൈകോർത്തു തന്നെ പുച്ഛത്തോടെ നോക്കുന്നതായിരുന്നു.
രണ്ടു ദിവസങ്ങൾ വീണ്ടും മന്ദതയും ചിന്തകളും ഇരുട്ടും അവളെ കൊണ്ടുപോയി.
മൂന്നാം നാൾ, അവൾക്ക് മുന്നിൽ എത്തിയ സന്ധ്യയുടെ കയ്യിൽ മറ്റൊരു ലെറ്റർ ഉണ്ടായിരുന്നു.