“”തന്നെ ഇപ്പൊ ആരേലും പെണ്ണ് കാണാൻ വന്നേ? നാണിച്ചു നിക്കാതെ നേരേനോക്കി വാടി.””
ക്ലാസിൽ കേറിയ ഉടനെ ആര്യ
“”ഹെലോ ഫ്രണ്ട്സ് മീറ്റ് മൈ ഫ്രണ്ട് അരുണിമാ രാവുണ്ണി, ആള് അൽപ്പം സീനാണ്…., ടാ നിന്നോടാ വിളച്ചിൽ എടുത്തോണ്ട് വന്നാൽ നിന്റെ കുക്കിരി അവള് ചെത്തും. അറിയാല്ലോ അടിയും തല്ലുമൊന്നും ഇവക്കു പുത്തരിയല്ല.’”
മുൻപിൽ ഇരുന്ന ചെക്കനെ ചൂണ്ടിയാണ് അവസാനം ഭാഗം അവൾ പറഞ്ഞത്.
എന്തായാലും ആര്യയുടെ ആ തള്ളലിന് ഒരാഴ്ച്ച ആയുസ് പോലും ഉണ്ടായില്ല അതിന് മുൻപ് തന്നെ അരുണിമയുടെ മുകളിൽ എല്ലാവരും കുതിര കയറാൻ തുടങ്ങിയിരുന്നു , അതിനു നിന്ന് കൊടുക്കാൻ അവളും. ആയിടക്കാണ് രാവുണ്ണി തന്റെ ആദ്യത്തെ പ്രീമിയം കാർ വാങ്ങിക്കുന്നത് പിന്നെ അരുണിമയുടെ വരവും പോക്കും അതിലായി. അവളുടെ കാറിലെ വരവ് കണ്ടപ്പോൾ അവൾ ഏതൊ നിവർത്തി ഇല്ലാത്ത വീട്ടിലെ ആണെന്ന് കരുതിയിരുന്നവരൊക്കെ ഒന്നുഞെട്ടി. ചിലർ അവളെ കൂട്ടത്തിൽ കൂട്ടാൻ തുടങ്ങി, പിന്നെ ക്യാന്റീനിൽ കൊണ്ടോയി ഓരോന്ന് വാങ്ങി തിന്നിട്ട് അവളെക്കൊണ്ട് ബില്ലടപ്പിക്കാനും. ആര്യക്കതൊന്നും തീരെ ഇഷ്ടമായില്ല. അങ്ങനെ അവർക്കിടയിൽ അപ്പൊ തോന്നിയ പേരറിയാത്ത ഏതൊ വികാരം അവർ തമ്മിൽ ചെറുതായി അകലാനും കാരണംമായി.
കുറച്ചു ദിവസം കഴിഞ്ഞു, ഒരു വൈകുന്നേരം. സ്കൂളിൽ ഗ്രൗണ്ടിൽ.
“”എന്താ അരുണിമേ ന്താ ഇവിടെ നിക്കണേ?””
സ്കൂൾ ഗ്രൗണ്ടിൽ കബഡി പ്രാക്ടീസ് കഴിഞ്ഞു വന്ന വിഷ്‌ണു ഭദ്രൻ ഒറ്റക്ക് നിക്കുന്ന അരുണിമയോട് ചോദിച്ചു.
“”എന്നേ വിളിക്കാൻ ആരും വന്നില്ല വിഷ്ണുവേട്ടാ. “”
ഒരു പരുങ്ങലോടെ അവൾ പറഞ്ഞു.
“”ങ്ഹ…. ഞാൻ കണ്ടതാണല്ലോ നിങ്ങടെ കാർ സ്കൂൾ വിട്ടപ്പോ ഇവിടെ കിടന്നു കറങ്ങുന്നേ, പിന്നെ എന്താ പോകഞ്ഞേ?””
അത് കേട്ടപ്പോൾ അവൾ ഒന്നുങ്കൂടെ പരുങ്ങി.പക്ഷേ അതിന് ഉത്തരം പറയാതെ തിരിച്ചൊരു ചോദ്യമായിരുന്നു.
“”ഞാൻ ഞാൻ ഇന്ന് നിങ്ങടെ വീട്ടിൽ വന്നോട്ടെ?””