ആര്യ പോണതെന്നു മിസ്സായാ വഴി ചോദിക്കാൻ ഉള്ള ഇംഗ്ലീഷ് പോലും അവക്കറിയില്ല. അഡ്മിഷൻ എടുക്കാൻ വന്നപ്പോഴുള്ള അവളുടെ തപ്പൽ കണ്ടാണ് ഇപ്പൊ ദിവ്യ മിസ്സ് പോലും അവളോട് മലയാളത്തിൽ തന്നെ വഴക്ക് പറഞ്ഞത്.
അഞ്ചുവരെയും സർക്കാർ സ്കൂളിൽ മലയാളം മീഡിയം പഠിച്ചിട്ട് ആറാം ക്ലാസിന്‍റെ പകുതിക്കു ഈ പേരുകേട്ട ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വന്നപ്പോൾ ആദ്യം അരുണിമ പേടിച്ചത് ഇംഗ്ലീഷ് ഭാഷ തന്നായിരുന്നു. പക്ഷേ ഇപ്പൊ അവൾക്ക് അതിനും അപ്പുറം രണ്ടു സ്കൂള്‍ തമ്മിലുള്ള കൾച്ചർ ഡിഫറൻസ് നന്നായി മനസിലാവുന്നുണ്ട്. തുറന്ന ആകാശത്തിൽ പറന്നു പഠിച്ച ഒരു കിളിയെ പിടിച്ചു കൂട്ടിൽ ആക്കിയ അവസ്ഥയിലായിരുന്നു അവൾ . സർക്കാർ സ്കൂളിലെ സകല സ്വാതന്ത്ര്യവും അറിഞ്ഞിട്ട് പെട്ടെന്നൊരു ദിവസം അങ്ങോട്ട് നോക്കാൻ പാടില്ല, അങ്ങനെ ഇരിക്കണം, ഇങ്ങനെ നടക്കണം, അതൊന്നും പോരാഞ്ഞു ദാ ടൈ കെട്ടണം, വളരെ കഷ്ടപെട്ടാണ് അവൾ രാവിലെ അത് കെട്ടിയത്. ഈ ചൂട് നാട്ടിൽ എന്തിനാണോ ടൈ? ചിലപ്പോൾ ഈ കൂട്ടത്തിൽ ആർക്കേലും വട്ടായി ഇറങ്ങി ഓടാൻ തോന്നുമ്പോൾ പിടിച്ചു കെട്ടിയിടാൻ ആകും. ഏതായാലും തന്റെ തന്നെ നിർബന്ധത്തിൽ വന്നുപോയില്ലേ, സഹിക്കാതെ പറ്റോ!. ഇപ്പൊ അങ്ങോട്ട് ചെന്നാൽ തന്നോട് ടീച്ചർ എന്താവും പറയാൻ പോണത് ? ഇംഗ്ലീഷിൽ ആയാൽ തിരിച്ചെന്തു മറുപടി പറയും അതായിരുന്നു അവളുടെ ടെൻഷൻ. മുൻപിൽ പോകുന്ന ആര്യയും അൽപ്പം ടെൻഷനിലാണ്, സംഭവം അവളുടെ വിഷ്ണുവേട്ടനെ അരുണിമ വായ്നോക്കിയതിന്‍റെ കലിപ്പ് തീർത്തതാണ് ഡെസ്കിൽ, പക്ഷേ ദിവ്യാ മിസ്സിന് അവരോടെന്തോ നിഷേധം കാട്ടിയതുപോലെയാ തോന്നിയത്. അവർ വല്യ കാര്യത്തിൽ പഞ്ചുഡയലോഗൊക്കെ അടിച്ചപ്പോ, എല്ലാരും ഒരക്ഷരം മിണ്ടാതെ പേടിച്ചു നിന്നപ്പോ, ഒരുത്തി മുഖത്തടിക്കും പോലെ ഡെസ്കിൽ ഠപ്പേന്ന് അടിച്ചേക്കുന്നു. അപ്പൊ പിന്നെ അവർക്കു പൊളിയാതെ ഇരിക്കോ?
സ്റ്റാഫ് റൂമിൽ എത്തിയപ്പോ അരുണിമ ആര്യയുടെ കൂടെപ്പിടിച്ചിരുന്നു.
“”ബോത്ത് ഓഫ് യൂ കം ഹിയർ.
വൈ വെർ യൂ മിസ്ബീഹെവ് ഇൻ മൈ ക്ലാസ്സ്? താൻ ഇന്ന് എന്താ ആ ഡെസ്ക്കിന് പുറത്ത് കാണിച്ചേ? എന്താ അതിന്നു ഞാൻ മനസിലാക്കണ്ടത്? ഹേ?… “”
ആര്യായേ നോക്കി യായിരുന്നു ദിവ്യാ മിസ്സിന്റെ ആ ചോദ്യം.
“”യൂ ആർ ഒൺ ഓഫ് മൈ ഫേവറേറ്റ് സ്റ്റുഡന്റ് , ടുഡേ യൂ ഹേർട്ടഡ് മീ ബാഡ്ലി.””
മിസ്സ് ഫുൾ സെന്റി അടിതുടങ്ങി.
“”മിസ്സ് അത് അന്നേരത്തെ ദേഷ്യത്തിൽ…. “”
ആര്യ ഒന്നും ചിന്തിക്കാതെ മറുപടി പറഞ്ഞു, പക്ഷേ അത് വായില്‍നിന്ന് പുറത്തു വന്നപ്പോഴാണ് അവൾക്ക് പറഞ്ഞതിൽ എന്തോ അബദ്ധം തോന്നിയത്. അതുകൊണ്ട് തന്നെ പകുതി അവൾ വിഴുങ്ങി.
“” ദേഷ്യമോ ? എന്താ തന്റെ പ്രശ്നം?””