“ഒരു ദിവസം അമ്മയെ നമുക്ക് ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നാലോ ചേട്ടാ..?”
“ശാലൂ…ഇത് ഞാൻ അങ്ങോട്ട് പറയണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. നീ എന്തു കരുതും എന്നു സംശയിച്ചിട്ടാണ് ഞാനത് പറയാതിരുന്നത്.”
“അതെന്ത് സംശയമാണ് ചേട്ടാ..? ചേട്ടന്റെ അമ്മ എന്റെയും അമ്മയല്ലേ…?”
“എങ്കിൽ അടുത്തയാഴ്ചയല്ലേ ജിത്തൂന്റെ ബെർത് ഡേ. അതിന് അവരെ എല്ലാവരെയും ഇങ്ങോട്ട് ക്ഷണിച്ചാലോ..”
“അതൊരു നല്ലകാര്യമാണ് ചേട്ടാ. അവന്റെ മിക്കവാറും എല്ലാ ബെർത് ഡേയ്ക്കും ഞാനും അവനും മാത്രമല്ലേ ഉണ്ടാവാറുള്ളൂ. ഒന്നോ രണ്ടോ ബെർത് ഡേയ്ക്ക് മാത്രമാണ് ചേട്ടനും നാട്ടിൽ ഉണ്ടായിരുന്നത്. എന്തായാലും ഇത്തവണ ചേട്ടൻ നാട്ടിലുള്ളതുകൊണ്ട് നമുക്ക് ഈ ബെർത് ഡേ അടിച്ചുപൊളിക്കാം. ശാരദാമ്മയും രേവതിയും മോനും പിന്നെ റഫീക്കും ഉമ്മയും ജുനൈദായും… നമ്മളും. അത്രയും മതി…”
“ഓ കെ. അപ്പോൾ അത് നമ്മൾ ഫിക്സ് ചെയ്തിരിക്കുന്നു.”
വർത്തമാനം പറഞ്ഞിരുന്ന് അവർ അത്താഴം കഴിച്ചു. പാത്രങ്ങളുമെടുത്ത് ശാലു അടുക്കളയിലേക്ക് പോയി. കൈ കഴുകിയിട്ട് മേനോനും റഫീക്കും സിറ്റൌട്ടിൽ കിടന്ന കസേരകളിലിരുന്നു. മഴ അപ്പോഴും തോർന്നിരുന്നില്ല. നാട്ടിൽ പണിയാൻ പോകുന്ന റിസോർട്ടിനെപ്പറ്റി മേനോൻ വിശദമായി സംസാരിച്ചു. അടുക്കളയിലെ ജോലിയൊക്കെ കഴിഞ്ഞ് ശാലുവും എത്തി അവരുടെ ചർച്ചയിൽ പങ്കെടുത്തു.