ഹേമ, ഹേമ പത്മിനി. പേരിനു പിന്നിലെ പത്മിനി എന്ന പേര് കണ്ടില്ലേ?! അച്ഛന്റെ പേരിനു പകരം അമ്മയുടെ പേര് ചേർത്ത ആ സുന്ദരിയെ ആദ്യം ഞാൻ കാണുന്നത് സുഹൃത്തിന്റെ മകളുടെ പിറന്നാളിനാണ്. അന്നവൾ പിങ്ക് സ്ലീവ്‌ലെസ് സാരിയിൽ അവിടെയുള്ള സകലമാന ആളുകളുയുടെയും കണ്ണിൽ വിരുന്നായിരുന്നു, എന്റെയും!!!
പക്ഷെ എനിക്കൊരു സ്വഭാവമുണ്ട്!
ഒരു പെണ്ണിനെ ഇഷ്ടമായാൽ ഉടനെ ചെന്നതവളോട് പറയും, എന്റെയീ സ്വഭാവം മിക്കപെൺകുട്ടികൾക്കും ഇഷ്ടമല്ലാത്തതുകൊണ്ട് എനിക്കാരേം കിട്ടിയതുമില്ല! ആകെ ഈ കാക്കി തന്നയാണ് എന്റെ ആദ്യത്തെയും അവസാനത്തേയും കാമുകി.!
പക്ഷെ അന്ന് അവൾ പല തവണ എന്നെയും, നോക്കുന്നത് കണ്ടപ്പോൾ, എന്റെ മറന്നു തുടങ്ങിയ ആ സ്വഭാവം വീണ്ടുമെന്നിൽ തിരിച്ചു വന്നു. അങ്ങനെ ഞാൻ അവളോട് ഇഷ്ടമാണെന്നു പറയാൻ തയാറായി.
“ഒറ്റച്ചോദ്യം! കല്യാണം കഴിക്കാമോ?”
അവളാകെ ഞെട്ടി!!
“എന്ത് ???”
“ഹേമ എന്നെ വിവാഹം കഴിക്കാമോ എന്ന് !”
“ആരേലും കാണും …..കേൾക്കും എന്നൊന്നും ചിന്തയില്ലേ?”
“അതെന്തിനാ …എല്ലാരുടെയും മുന്നിൽ വെച്ചല്ലേ കല്യാണം?! ”
അവൾ ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു, സൗമ്യമായ ചിരി നിർത്തിയവൾ പറഞ്ഞതെന്നെ ഞെട്ടിച്ചു – ഇന്നേ വരെ ആരുമവളോട് കല്യാണം കഴിക്കാം എന്ന് പറഞ്ഞിട്ടില്ലിത്രെ.!!!! അപ്പൊ പറഞ്ഞത് എന്തായിരിക്കും?? പ്രേമിക്കാം എന്നായിരിക്കുമല്ലേ? ആയിരിക്കാം. അതെനിക്കറിയേണ്ടാ.
പക്ഷെ അടുത്തയാഴ്ച തന്നെ ഞാനവളെ രജിസ്റ്റർ മാരേജ് ചെയ്തു. കാര്യം അവൾക്കിഷ്ടമില്ലാത്ത ഫാമിലി ഫ്രണ്ടെന്റെ മകനെ അവളുടെ അച്ഛൻ നിര്ബന്ധമായി കെട്ടിക്കാൻ നോക്കുന്ന സമയത്താണ് ഞാനവൾടെ മുന്നിൽ വന്നു ചാടുന്നത്, പിന്നെ എനിക്ക് ഡൽഹിയിൽ നല്ല ജോലി! വെളുത്ത സുന്ദരൻ, വെട്ടിയൊതിക്കിയ കട്ടി മീശ. അവൾക്ക് നന്നേ ബോധിച്ചു.പക്ഷെ ഞാനിപ്പോ കട്ട താടിയാണ് കേട്ടോ!! ചുമ്മാരസം!!!!
അതാണ് ഞാൻ പറഞ്ഞത് ഞാനങ്ങനെ ഭീകരനായ കാമുകനൊന്നുമല്ലെന്ന്! പക്ഷെ അവളെ സന്തോഷിപ്പിക്കാൻ വേണ്ടി ഞാനെന്നും ശ്രമിച്ചിരുന്നു, അല്ലെ അങ്ങനെയല്ലേ ഭർത്താവിന്റെ കടമ!!? വിവാഹം കഴിഞ്ഞത് മുതൽ കുറെ നാൾ ഞങ്ങൾ ഡൽഹിയിൽ തന്നെ ആയിരുന്നു. ഇവിടെ വെച്ചാണ് ഗീതു ജനിച്ചത്.