” കിച്ചൂ കിച്ചൂ ” ഭയന്നു വിറക്കുന്ന ദേവുവിന്റെ ശബ്‌ദം…അവൾ ഓടുന്നുണ്ടെന്ന് എനിക്ക് തോന്നി നല്ല പോലെ കിതക്കുന്നുമുണ്ട്.
“ദേവു എന്താ പറ്റിയെ നീ എവിടെയാ “ഞാൻ പേടിയോടെ ചോദിച്ചു… അവൾ മറുപടി തന്നില്ല ഓടുന്നതിന്റെയും കിതക്കുന്നതിന്റെയും ശബ്‌ദം മാത്രം.
” ദേവു… ദേവു…. ” ഞാൻ വീണ്ടും അവളെ വിളിച്ചു….
“കിച്ചൂ അവന്…ബിബിൻ…” ദേവുവിന്റെ പതിഞ്ഞ ശബ്‌ദം വന്നതും ഞാൻ വിറച്ചു പോയി.. ‘ബിബിനോ ‘
“ഡീ…..” അപ്പുറത്തുനിന്ന് ബിബിന്റെ ആർക്കൽ കേട്ടപ്പോൾ ഫോൺ വീഴുന്ന ഒച്ച കേട്ടു കാൾ കട്ട് ആയി…
തളർന്നു ഇരുന്നു പോയി ഞാൻ ..വീണ്ടും ദേവുവിനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് പറഞ്ഞു.
“കിച്ചൂ ദേവു എവിടെ…” റോഷന് എന്നെ തട്ടി ചോദിച്ചു..
ഞാൻ കരഞ്ഞ കണ്ണുമായി അവനെ നോക്കി
“എടാ ബിബിൻ അവൻ ദേവുവിനെ “റോഷന് ഞെട്ടി… പക്ഷെ തളർന്നില്ല. അവന് ഫോൺ എടുത്തു ആരൊക്കെയോ വിളിച്ചു…
എന്റെ മുന്നിലൂടെ സ്വപ്നത്തിലെ കാഴ്ചകൾ വീണ്ടും കടന്നു പോയി.. അതിൽ നിസ്സഹായനായി നിന്ന പോലെ ഇന്ന് ഞാൻ ദേവുവിനെ കാണാതെ, കണ്ടുപിടിക്കാൻ കയ്യാതെ നിസ്സഹായനായി നിൽക്കുന്ന പോലെ…
റോഷന് ആരെയൊക്കെയോ വിളിച്ചു. ബിബിനെ കുറിച്ച് ആരോടെക്കെയോ ചോദിച്ചു… ഒരു മറുപടിയും കിട്ടാതെ ഞങ്ങൾ ആ റോഡ് സൈഡിൽ കുറേ നേരം നിന്നു. എവിടെ പോയി അന്വേഷിക്കും എന്ന് അറിയാതെ പകച്ചു നിന്നു… അവസാന പ്രതീക്ഷ പോലെ റോഷന്റെ ഫോൺ അടിച്ചു… അവന് ഫോൺ എടുത്തതും അവന്റെ മുഖം മാറുന്നത് കണ്ടു ഞാൻ പേടിച്ചു.
അവന് പതിയെ എന്റെ തോളിൽ കൈവെച്ചു..
“കിച്ചൂ സിറ്റി ഹോസ്പിറ്റലിൽ ” അത്രയും അവൻ പറഞ്ഞത് വിറച്ചു കൊണ്ടായിരുന്നു.നിർത്തിയപ്പോൾ എനിക്ക് എല്ലാം മനസ്സിലായി…
അവൻ വണ്ടിയെടുത്തു എത്രയും പെട്ടന്നു ഹോസ്പിറ്റലിൽ എത്തണമെന്നേ എനിക്കുണ്ടായിരുന്നുള്ളു…