അതേ ഒളിമിന്നുന്ന നീല കണ്ണുകൾ.
യതീന്ദ്രൻ കണ്ണുകൾ ചിമ്മി തുറന്നു.
ഇപ്പോഴും അതിന്റെ നോട്ടം തന്നിൽ ആണ്.
“ഏട്ടാ ഇത് ”
അല്പം സംഭ്രമത്തോടെ യതി ശങ്കരനെ പാളി നോക്കി.
“ഇളയച്ഛ ഇതെന്റെ മൂത്ത മകനാ അനന്തു”
മാലതി പറഞ്ഞ വാക്കുകൾ കേട്ട് ആവിശ്വസനീയതയോടെ അദ്ദേഹം നിന്നു.
ഇപ്പോഴും തന്റെ കാതുകളെ വിശ്വസിക്കാൻ കഴിയുന്നില്ല.
“അതേ യതി ഇത് മാലതിയുടെ മോനാ”
ശങ്കരൻ അതിനെ സധൂകരിക്കുന്ന പോലെ പറഞ്ഞു.
യതീന്ദ്രൻ പതുക്കെ മുന്നോട്ട് വന്ന് അനന്തുവിന്റെ ചുമലിൽ പിടിച്ചു.
ശേഷം അവന്റെ മുഖത്തൂടെ ആ കൈകൾ ഓടി നടന്നു.
അപ്പോഴേക്കും അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു.
ഓരോ സ്പർശനത്തിലും ആ കൈകളുടെ വിറയൽ അനന്തുവിന് അനുഭവിക്കാൻ പറ്റി.
എന്തോ ഒരു ശൂന്യത പോലെ.
അനന്തു വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു.
“ദേവൻ……………..”
യതീന്ദ്രൻ അവനെ വാരി പുണർന്നു.
അതിർ വരമ്പുകൾ പൊട്ടിച്ചെറിഞ്ഞു ആ സന്യാസി ശ്രേഷ്ഠന്റെ കണ്ണുകളും നിറഞ്ഞൊഴുകി.
അപ്പോഴും അനന്തു വല്ലാത്ത മൗനത്തിൽ ആയിരുന്നു.
ഒന്നും മിണ്ടാനും പറയാനും പറ്റാത്ത അവസ്ഥ.
സംയമനം വീണ്ടെടുത്ത് യതി തന്റെ ജ്യേഷ്ട്ടനെ പാളി നോക്കി.
“അവനെ കണ്ടപ്പോൾ ഞങ്ങളും ഇങ്ങനെ തന്നായിരുന്നു…ദേവന് പകരമായി ഇവിടുത്തെ ദേവി തന്നതാ ഇവനെ…ഞങ്ങടെ കൊച്ചുമോനെ ഞങ്ങളിൽ നിന്നും പറിച്ചു മാറ്റല്ലേ മാലതി…ഞാൻ വേണമെങ്കിൽ മോൾടെ കാലു പിടിക്കാം ”
ശങ്കരൻ നിരാശയോടെ കേണു.
സ്വന്തം അച്ഛൻ തന്റെ മുന്നിൽ നിന്നും കൈകൂപ്പിക്കൊണ്ട് കരയുന്നത് ആ മകളെ സംബന്ധിച്ചു മരണത്തിന് തുല്യമായിരുന്നു.
താൻ കാരണം ആരുടെ മുന്നിലും താഴാത്ത അച്ഛന്റെ തല ഇന്ന് തനിക്ക് മുന്നിൽ താഴ്ന്നു.
അതും തന്റെ നിർബന്ധ ബുദ്ധിയും അനാവശ്യ വാശിയും കാരണം.
“അച്ഛാ എന്നോട് ക്ഷമിക്ക് ഞാൻ അപ്പോഴത്തെ വാശിക്ക്”