യതി ഒന്നു പറഞ്ഞു നിർത്തി അവളെ നോക്കി.
“അപ്പൊ ഇളയച്ഛൻ ഭൂമി പൂജയ്ക്കായി വന്നതാണോ?”
മാലതി സംശയത്തോടെ അദ്ദേഹത്തെ നോക്കി.
“അതേ മോളെ കൂടെ എല്ലാവരെയും കാണാമെന്നു വച്ചു ഇത്തവണ ആരാ ഏട്ടാ ഭൂമി പൂജയ്ക്ക്?”
യതീന്ദ്രന്റെ നോട്ടം മാലതിയിൽ നിന്നും ശങ്കരനിലേക്ക് തിരിഞ്ഞു.
“ബാലരാമന്റെ മകനാടാ ശിവജിത്ത്”
“എന്നിട്ട് ആളെവിടെ കണ്ടില്ലല്ലോ?”
“ജിത്തൂ ഇങ്ങോട്ട് വാ ”
കുറച്ചപ്പുറം മാറി നിക്കുന്ന ശിവജിത്തിനെ നോക്കി ബലരാമൻ കൈകാട്ടി വിളിച്ചു.
അവൻ അങ്ങോട്ടേക്ക് ഓടി വന്നു.
“ഇതാ ഇളയച്ഛ എന്റെ മകൻ ശിവജിത്ത്”
തന്റെ മകനെ പിടിച്ചു ബാലരാമൻ അദ്ദേഹത്തിന് മുന്നിൽ നിർത്തി.
“ഹ്മ്മ് മിടുക്കൻ ബാലരാമന്റെ അതേ രൂപം ഭാവം….ദേവിയുടെ അരുളിപ്പാട് ആവും അല്ലെ?”
യതീന്ദ്രൻ അവരെ നോക്കി.
“അതേ ഇളയച്ഛ”
“ദേവിക്ക് തെറ്റു പറ്റില്ല…ഹ്മ്മ് നല്ലത്…മോന് എല്ലാം അറിയുന്നതല്ലേ..അവരെ പരാജയപ്പെടുത്താൻ മനസ് കൊണ്ടും ശരീരം കൊണ്ടും തയാറല്ലേ?”
“അതേ വല്യച്ഛ ഞാൻ തയാറാണ്…ആ കുടുബത്തെ മുച്ചൂട് മുടിക്കും ഞാൻ.. ഇതെന്റെ പ്രതിജ്ഞയാ”
“ബലേഭേഷ് മിടുക്കൻ അതാവണം തേവക്കാട്ടിലെ ഓരോ ആൺ തരികളും”
ശിവജിത്തിന്റെ ചുമലിൽ തട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ഈ സമയത്താണ് അനന്തുവും സീതയും അങ്ങോട്ട് കടന്നു വന്നത്.
അവന്റെ കയ്യിൽ വലിയൊരു ബാഗ് ഉണ്ടായിരുന്നു.
സീതയെ കണ്ടതും യതീന്ദ്രൻ പുഞ്ചിരി തൂകി.
സീത ആശ്ചര്യത്തോടെ അദ്ദേഹത്തെ നോക്കി മറുപടിയായി ഒന്നു പുഞ്ചിരിച്ചു.
അവർക്ക് പുറകെ വരികയായിരുന്ന അനന്തുവിൽ യതിയുടെ കണ്ണുകൾ ഒരു നിമിഷം തറഞ്ഞു നിന്നു.
കണ്മുന്നിൽ വന്നു നിൽക്കുന്ന ആളുടെ രൂപം കണ്ട് അദ്ദേഹത്തിന് തല പെരുത്തു.
കണ്ണുകൾ വിടർന്നു.
അവ തിളക്കത്തോടെ നിന്നു.
താൻ പകൽ സ്വപ്നം കാണുകയാണോ?
അതോ ഇതു തന്റെ തോന്നലാണോ?
ദേവൻ തന്റെ കൺമുന്നിൽ വന്നു നിൽക്കുന്നു.
അതേ മുഖം അതേ ചിരി.