മാലതിയുടെ കാലിൽ വീണു.
“അയ്യോ എന്താ മീനുമോളെ ഇത്?”
“സോറി ആന്റി ഞാൻ കാരണമല്ലേ ഇതൊക്കെയുണ്ടായേ?എന്നെ ശപിക്കല്ലേ ആന്റി അയാം സോറി”
മീനാക്ഷി മുഖം പൊത്തി വിതുമ്പി.
അത് മാലതിയെ സങ്കടപെടുത്തി.
അയ്യേ മീനു മോള് കരയുവാണോ?നീ ആന്റിടെ ചുന്ദരിക്കുട്ടിയല്ലേ…
ആന്റിക്ക് സങ്കടം ഒന്നുമില്ലാട്ടോ സത്യം… ഇനിയെന്റെ മോള് കരയല്ലേ”
മാലതി അവളെ ആശ്വസിപ്പിച്ചു.
അതിനു ശേഷം മീനാക്ഷി അനന്തുവിന് മുൻപിൽ വന്നു നിന്നു.
ഒരു കുറ്റവാളിയെ പോലെ അവളുടെ തല താഴ്ന്നു.
“സോറി അനന്തു എല്ലാത്തിനും…എന്നോട് ദേഷ്യം തോന്നരുത് കേട്ടോ”
അവളുടെ ദുഃഖം നിഴലിക്കുന്ന വാക്കുകൾ അവന്റെ കാതിൽ പതിഞ്ഞു.
അതുകേട്ടതും അനന്തുവിനും സങ്കടം തോന്നി.
കാരണം മീനാക്ഷിയോട് ഒരു തരി വെറുപ്പ് പോലും അവനിതുവരെ തോന്നിയിരുന്നില്ല.
“സാരമില്ല മീനാക്ഷി എനിക്ക് വെറുപ്പൊന്നുമില്ലട്ടോ ”
അനന്തുവിന്റെ ആശ്വാസ വാക്കുകൾ അവൾക്ക് മഞ്ഞു പെയ്യുന്ന പ്രതീതി സമ്മാനിച്ചു.
മനയിലെ കുട്ടിപ്പട്ടാളങ്ങളോടും മറ്റു അമ്മാവന്മാരോടും അമ്മായിമാരോടും യാത്ര ചോദിച്ച ശേഷം അവർ പോകാനായി തയാറായി.
മുത്തശ്ശി കയ്യിലണിഞ്ഞിരുന്ന ഒരു മോതിരം എടുത്ത് ശിവയുടെ വിരലിൽ അണിയിച്ചു.
മകളും പേരമക്കളും തന്നെ വിട്ടു പോകുന്നതിൽ ആ മാതൃ ഹൃദയം വല്ലാതെ വിതുമ്പി.
അനന്തു പോകുന്നതിലായിരുന്നു അവരെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചിരുന്നത്.
ദേവൻ അവരെ വിട്ടു പോകുന്ന പോലെയായിരുന്നു.
അത്രയ്ക്കും ഹൃദയഭേദകമായ വേദന ആയിരുന്നു അവർക്ക്.
മുത്തശ്ശൻ അനന്തുവിനെ ചേർത്തു പിടിച്ചു.
അദ്ദേഹത്തിന്റെ സ്നേഹത്തിൽ അവൻ അലിഞ്ഞില്ലാതായി.
അവനും ഏറെക്കുറെ പൊട്ടികരയുമെന്ന അവസ്ഥയിൽ ആയിരുന്നു.
“മുത്തശ്ശാ അവനെ ഞാൻ കൊണ്ടു പോയിക്കോട്ടെ?”
മുറ്റത്ത് നിർത്തിയിട്ടിട്ടുള്ള ബുള്ളറ്റിലേക്ക് ചൂണ്ടി കാണിച്ച് അനന്തു ചോദിച്ചു.
“മോനെ നീ കൊണ്ടു പൊയ്ക്കോടാ..നീ ഞങ്ങടെ ദേവനാ…ദേവന് ഞങ്ങൾ തന്ന സമ്മാനം”
മുത്തശ്ശൻ പറഞ്ഞതു കേട്ട് അനന്തു സന്തോഷത്തോടെ അദ്ദേഹത്തെ ഒന്നുകൂടി പുണർന്നു.
അതിനു ശേഷം കസേരയിൽ ഇരിക്കുന്ന
മുത്തശ്ശിയ്ക്ക് സമീപം വന്നിരുന്നു.
“മുത്തശ്ശി”
“ഞങ്ങളെ വിട്ടു പോകുവല്ലേ?ഞാൻ പിണക്കാ “