അഞ്ജലി അത്ഭുതത്തോടെ അവ ഓരോന്നായി കയ്യിലേക്കെടുത്തു നോക്കി.
പണ്ടത്തെ ഇല്ലന്റ് മോഡലിലുള്ള കുറെ കത്തുകൾ
നീല നിറമുള്ള ഒരു ബ്ലൗസും പാവാടയും
പൊട്ടിയ കുപ്പിവള കഷ്ണങ്ങൾ
കരിമണി മാല, വെള്ളി പാദസരം
പിന്നെ ഒരു താലിയും
ഇത്രയും വസ്തുക്കളെയായിരുന്നു ഈ ഇരുമ്പ് പെട്ടി ഇത്രയും കാലം പൊന്നു പോലെ സംരക്ഷിച്ചത്.
അഞ്ജലി ആ കത്തുകളുടെ കമനീയ ശേഖരമെടുത്തു വായിച്ചു നോക്കാൻ തുടങ്ങി.
അനന്തു ആ വസ്തുക്കളിലൂടെ തന്റെ കൈ വിരലുകൾ ഓടിക്കുകയായിരുന്നു.
മനസിൽ എന്തോ ഒരു വിങ്ങൽ പോലെ.
തന്റെ വേണ്ടപ്പെട്ട ആരുടെയോ ആണ് ഇതൊക്കെയെന്ന് മനസിനുള്ളിൽ നിന്നും ആരോ വിളിച്ചു പറയുന്നു.
നഷ്ട്ടപ്പെട്ടു എന്ന് കരുതിയതൊക്കെ തിരിച്ചു കിട്ടിയ പോലെ.
കലുഷമായ അവന്റെ മനസിൽ ചിന്തകളുടെ പെരുമഴ പെയ്തിറങ്ങി.
വിരലുകളിൽ എന്തോ ചുറ്റി പിണഞ്ഞപ്പോഴാണ് അനന്തു ചിന്തകളിൽ നിന്നും തിരിച്ചു വന്നത്.
കയ്യിൽ കുടുങ്ങിക്കിടക്കുന്ന കരിമണിമാല.
ഇപ്പോഴും അതിന്റെ തിളക്കത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല.
ആ മാല പെട്ടിയിൽ തന്നെ നിക്ഷേപിച്ച് അനന്തു ആ താലിമാല കയ്യിലെടുത്തു.
ആ നിമിഷം അവന്റെ മനസിനെ വിരഹം കീഴ്പ്പെടുത്തി.
ഒരായിരം മുള്ളുകൾ ഒരുമിച്ചു തറഞ്ഞു കയറുന്ന വേദനയിൽ അവൻ പിടഞ്ഞു.
ശ്വാസം തൊണ്ടക്കുഴിയിൽ കുടുങ്ങി കിടന്നു.
നെഞ്ചിനുള്ളിൽ ഒരു കൊള്ളിയാൻ മിന്നി.
അറിയാതെ അനന്തുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
അപ്പോഴും ആ താലിയിൽ തന്നെയായിരുന്നു അവന്റെ കണ്ണ്.
ആ അശ്രുകണങ്ങൾ ധാരയായി കയ്യിലെ താലിയിലേക്ക് ഇറ്റു വീണു.
ചുടു കണ്ണുനീരിന്റെ സ്പർശനമേറ്റതും ആ താലി നാഗത്തെ പോലെ പിടഞ്ഞു.
കത്തുകളിൽ നിന്നും തലയുയർത്തിയും അനന്തുവിന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകളാണ് അഞ്ജലി പൊടുന്നനെ കണ്ടത്.
“അയ്യോ നന്ദുവേട്ടാ എന്തായിത് എന്താ പറ്റിയെ?”
അഞ്ജലി വിളിച്ചിട്ടും ഒരു കുലുക്കവുമില്ലാതെ ഒരു സ്വപ്നത്തിലെന്ന പോലെ അവൻ നിന്നു.