“നന്ദുവേട്ടാ കേസ് അന്വേഷണത്തിന്റെ ഭാഗമായി നമുക്ക് മുന്നിൽ വരുന്നവരെയെല്ലാം നമ്മൾ സംശയിക്കണം”
“ഓഹ് നീയാര് ലേഡി ഷെർലോക് ഹോംസോ?”
“യെസ് മാൻ ”
അഞ്ജലി അല്പം ജാഡയോടെ ഇരുന്നു.
“ഈ പെണ്ണിന്റെയൊരു കാര്യം”
അനന്തു ചിരിച്ചുകൊണ്ട് അടുത്ത ചിത്രത്തിലേക്ക് നോക്കി
പക്ഷെ ആ ചിത്രത്തിന്റെ ഉള്ളടക്കം അവരെ ഒരുപോലെ നിരാശരാക്കി.
ഒരു തൊട്ടിൽ ആയിരുന്നു അതിൽ വരച്ചു വച്ചിട്ടുണ്ടായിരുന്നത്.
ആ ചിത്രത്തിന്റെ അർത്ഥം എന്താണെന്ന് എത്ര ആലോചിച്ചിട്ടും അവർക്ക് മനസിലായില്ല.
അവസാനം ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവർ ആ അറയിൽ തിരച്ചിൽ ആരംഭിച്ചു.
ഒരു പ്രത്യേകത എന്തെന്നാൽ ആ അറ മനയിലെ മറ്റുള്ള മുറികളെ അപേക്ഷിച്ചു വളരെ വൃത്തിയുള്ളതായിരുന്നു.
അനാവശ്യ പൊടിപടലങ്ങളോ മാറാലകളോ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല.
അവിടെ അറയുടെ ഒരു മൂലയ്ക്ക് ഒരു വലിയ ഇരുമ്പ് പെട്ടി മാത്രമാണ് തിരച്ചിലിനൊടുവിൽ അവർക്ക് കാണാൻ സാധിച്ചത്.
അഞ്ജലിയെ ആ പെട്ടിക്ക് സമീപം അനന്തു ഇരുത്തി.
രണ്ടുപേരുടെയും കണ്ണുകൾ അതിനെ ചൂഴ്ന്നെടുക്കുവായിരുന്നു.
അഞ്ജലി അത് തുറക്ക് എന്ന അർത്ഥത്തിൽ അവന് നേരെ കണ്ണു ചിമ്മി.
അവൻ ശരിയെന്നു തലയാട്ടിയ ശേഷം അതിന്റെ കൊളുത്ത് ഊരി മാറ്റി.
“വേഗം തുറക്ക് നന്ദുവേട്ടാ ഇതിലും വല്ല വശീകരണ മന്ത്രം ആണെങ്കിലോ എനിക്ക് ധൃതിയായി ”
അഞ്ജലി അക്ഷമയോടെ ഇരുന്ന ഇരുപ്പിൽ ആടിക്കൊണ്ടിരുന്നു.
“ഉം നോക്കിയിരുന്നോ ഇപ്പൊ കിട്ടും”
അനന്തു അവളെ കളിയാക്കി.
അതിനു ശേഷം ആ പെട്ടി അവൻ വലിച്ചു തുറന്നു.
അതേ സമയം അവർ ഇരുവരുടെയും കണ്ണുകൾ അതിലേക്ക് പാറി വീണു.
കുറെ സാമഗ്രികൾ അതിൽ സംഭരിച്ചു വച്ചിട്ടുണ്ടായിരുന്നു.