“ഹ് ഹ് സ് സ് സ് സാ……….. ഹ്”
അവനിൽ നിന്നും ഉച്ഛരിക്കപ്പെട്ട ശബ്ദ വീചികൾ നാഗബന്ധനത്തിനുള്ളിലേക്ക് കടന്നു.
നിമിഷങ്ങൾക്കകം ആ വലിയ ഇരുമ്പ് വാതിലിൽ ഒരനക്കം കേട്ടു.
അതു കേട്ട് അഞ്ജലിയും അനന്തുവും കണ്ണും കണ്ണും നോക്കിയിരുന്നു.
ഇതൊക്കെ എങ്ങനെ എന്ന ഭാവത്തിൽ ആയിരുന്നു അവൾ.
ആശ്ചര്യമായിരുന്നു സ്ഥായിഭാവം.
പൊടുന്നനെ ഇരു വാതിലിൽ നിന്നും സർപ്പ ഉടലിലൂടെ നാഗത്തെ പോലെ നീളമുള്ള ഒരു രൂപം ഇഴഞ്ഞു വന്നു.
വാതിലിന്റെ മുകളിൽ നിന്നും താഴേക്ക് അത് ഇഴഞ്ഞു വന്നുകൊണ്ടിരുന്നു.
അഞ്ജലി അത് കണ്ടതും ഭയന്ന് നിലവിളിച്ചുകൊണ്ട് അനന്തുവിനെ ചുറ്റി പിടിച്ചു.
എന്നാൽ അവൻ അക്ഷമയോടെ അതു നോക്കി കാണുകയായിരുന്നു.
വാതിലിന്റെ അടിയിലേക്ക് ഇഴഞ്ഞു വന്ന ആ രണ്ടു രൂപങ്ങൾ പരസ്പരം കെട്ടു പിണഞ്ഞുകൊണ്ട് ഇണ ചേരുന്ന പോലെ മുകളിലേക്ക് ഇഴഞ്ഞു വന്നു.
നാഗബന്ധനത്തിന് അടിയിലുള്ള പൊത്തിലേക്ക് ഇരു നാഗ രൂപങ്ങളും പരസ്പരം ഇഴഞ്ഞു വന്നു.
ആ പൊത്തിനുള്ളിൽ വച്ചു അവ പരസ്പരം ചുംബിച്ചു.
പൊടുന്നനെ ഉള്ളിൽ എന്തൊക്കെയോ കറങ്ങുന്നതും ഉരസുന്നതുമായ അലയൊലികൾ അവരുടെ കാതിൽ പതിഞ്ഞു.
അത് നിന്നതും വാതിലിലുള്ള പരിച പോലെ വലുപ്പമുള്ള ഒരു വൃത്തം ഒരു തവണ പ്രദക്ഷിണം ചെയ്തു.
അതിനു ശേഷം വലിയ ശബ്ദത്തോടെ നാഗബന്ധനം തുറക്കപ്പെട്ടു.
നാഗബന്ധനത്തിന് മുകളിൽ ഉണ്ടായിരുന്ന പരസ്പരം ചേർന്നു നിന്ന നാഗങ്ങളുടെ രൂപം പതുക്കെ പിന്നിലേക്ക് വലിഞ്ഞു തുടങ്ങി.
വാതിൽ തുറക്കപ്പെട്ടു എന്നതിന്റെ സൂചനയാണ് അതെന്ന് അനന്തുവിന് മനസിലായി.
മുന്നിൽ നടക്കുന്ന അത്ഭുതപ്രതിഭാസങ്ങൾ കണ്ണു നിറച്ചു കാണുകയായിരുന്നു അഞ്ജലി.
ആകാംക്ഷ അവളെയും കീഴ്പ്പെടുത്തി കളഞ്ഞു.
നാലു കണ്ണുകളും ഒരുപോലെ വല്ലാതെ വെട്ടി തിളങ്ങി.
“നന്ദുവേട്ടാ ഏട്ടൻ സൂപ്പറാ എങ്ങനാ ഇത് തുറന്നെ?”
അഞ്ജലി അമ്പരപ്പോടെ അവനെ ഉറ്റു നോക്കി.
“എനിക്ക് അറിഞ്ഞൂടാ അഞ്‌ജലിക്കുട്ടി എന്തോ ഭാഗ്യം എന്നെ പറയാൻ പറ്റൂ”
“എന്നാലും ആ പാസ്‌വേഡ് നന്ദുവേട്ടൻ പറഞ്ഞത് അതെങ്ങനെ?”
“ആവോ എനിക്കറിയില്ല ”
അനന്തു കൈ മലർത്തി.